മുര്‍ഷിദാബാദില്‍ കലാപം നടക്കുന്നതിനിടെ ചായ ആസ്വദിക്കുന്ന പോസ്റ്റുമായി യൂസഫ് പഠാന്‍, മോദിയെ ട്രോളിയതോ?, തൃണമൂല്‍ എംപിക്കെതിരെ കലിപ്പുകാട്ടി ബിജെപി


പശ്ചിമ ബംഗാളിലെ ബഹറാംപൂര്‍ ലോക്‌സഭാ മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന യൂസഫ് പഠാന്‍ ചായ കുടിക്കുന്ന പോസ്റ്റിട്ടത് മോദിയെ ട്രോളിയതാണോയെന്ന സംശയവും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്.
കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ സംഘര്‍ഷം നടക്കവെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുന്‍ ക്രിക്കറ്റ് താരവുമയ യൂസഫ് പഠാന്റെ ഒരു പോസ്റ്റ് ബിജെപിയുടേയും സോഷ്യല്‍ മീഡിയയിലെ ഉപയോക്താക്കളുടെയും രോഷത്തിന് കാരണമായി.
ഇതുവരെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപമാണ് മുര്‍ഷിദാബാദലുണ്ടായത്. ഇതിനിടയിലാണ് തൃണമൂല്‍ എംപി യാത്രയും ചായയുമെല്ലാം ആസ്വദിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
പശ്ചിമ ബംഗാളിലെ ബഹറാംപൂര്‍ ലോക്‌സഭാ മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന യൂസഫ് പഠാന്‍ ചായ കുടിക്കുന്ന പോസ്റ്റിട്ടത് മോദിയെ ട്രോളിയതാണോയെന്ന സംശയവും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്.

തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയെയും എംപി യൂസഫ് പഠാനെയും വിമര്‍ശിക്കാന്‍ ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല രംഗത്തെത്തി. ബംഗാള്‍ കത്തുകയാണ്. കണ്ണടയ്ക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു, കേന്ദ്ര സേനയെ വിന്യസിച്ചു. പോലീസ് മൗനം പാലിച്ച് മമത ബാനര്‍ജി ഇത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. അതിനിടയിലാണ് യൂസഫ് പഠാന്‍ എംപിയുടെ ചായകുടി പോസ്‌റ്റെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിമര്‍ശനത്തോട് യൂസഫ് പഠാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മുര്‍ഷിദാബാദ് ജില്ലയിലെ സൂട്ടി, സംസര്‍ഗഞ്ച്, ധൂലിയാന്‍ എന്നിവിടങ്ങളില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ജനക്കൂട്ടം വാഹനങ്ങള്‍ക്ക് തീയിടുകയും വീടുകള്‍ ആക്രമിക്കുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. ഇതുവരെ 138-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്‍ക്കട്ട ഹൈക്കോടതി ഇടപെട്ട് അക്രമാസക്തമായ പ്രദേശങ്ങളില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടിരുന്നു.