സമരാഗ്നി ജ്വലിപ്പിച്ച വി. എസ് ഇനി ഓർമ്മയിൽ മാത്രം ; ചരിത്രത്തിൽ മായാത്ത രണ്ടക്ഷരം

Samaragni ignited V. S is now only in memory; Two letters indelible in history
Samaragni ignited V. S is now only in memory; Two letters indelible in history

കണ്ണൂർ : തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം, തല നരയ്ക്കാത്തല്ലെൻ യുവത്വവും, കൊടിയ ദുഷ് പ്രഭുത്വത്തിൻ തിരുമുമ്പിൽ തല കുനിക്കാത്ത ശീലമെൻ യൗവനം…’ എന്ന വിപ്ളവവരികൾ എഴുതിയതും പാടിയതും ടി.എസ് തിരുമുമ്പെന്ന ചെറുവത്തൂരിലെ കവിയാണ്. എന്നാൽ തൻ്റെ രാഷ്ട്രീയ പോരാട്ടജീവിതത്തിലൂടെ അക്ഷരാർത്ഥമാക്കുകയായിരുന്നു വി.എസ് എന്ന പോരാളി.

tRootC1469263">

പുന്നപ്ര വയലാർ സമരാഗ്‌നിയിൽ സ്ഫുടം ചെയ്‌തെടുത്ത കമ്മ്യൂണിസ്റ്റ് നേതാവ് വിട പറയുമ്പോൾ രാഷ്ട്രീയ കേരളം ശൂന്യതയിലേക്ക് തള്ളി മാറ്റപ്പെടുകയാണ്. സമര പോരാട്ടങ്ങളുടെ കനൽ വഴികൾ താണ്ടിയ രാഷ്ട്രീയ ജീവിതം അവസാനിക്കുന്നത് നേരിൻ്റെ രാഷ്ട്രീയത്തിൻ്റെ അലയൊലികൾ തീർത്താണ്.

1923 ഒക്ടോബർ 20-ന് ആലപ്പുഴയിലെ പുന്നപ്രയിലായിരുന്നു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി എസ് അച്യുതാനന്ദന്റെ ജനനം. വ്യക്തി ജീവിതത്തിലെ കഷ്ടപ്പാടുകളെയും പ്രതിസന്ധികളെയും നെഞ്ചുറപ്പോടെ നേരിട്ടു യൗവനത്തിൽ തന്നെ കമ്യുണിസ്റ്റു പാർട്ടിയുടെ പോരാളിയായതായിരുന്നു അദ്ദേഹത്തിൻ്റെ തുടക്കം. ചെറുത്തുനിൽപ്പുകൾ, പ്രതിഷേധങ്ങൾ, മർദ്ദനങ്ങൾ, ഐതിഹാസികമായ പുന്നപ്ര വയലാർ സമരം, ഒളിവ് ജീവിതം, അറസ്റ്റ്, ദിവസങ്ങൾ നീണ്ട കൊടിയ പൊലീസ് മർദ്ദനം… ഇവയ്‌ക്കൊന്നും വി എസ് എന്ന പോരാട്ടവീര്യത്തെ തകർക്കാൻ കഴിഞ്ഞില്ല.

ജയിൽ വാസവും നീണ്ട ഒളിവ് ജീവിതവും എല്ലാം വി എസ് എന്ന ഈ രാഷ്ട്രീയ മനുഷ്യനെ പരുവപ്പെടുത്തിയെടുക്കുകയായിരുന്നു. അച്ഛന്റെയും അമ്മയുടെയും മരണശേഷം വീട്ടിലെ അതിദാരിദ്ര്യം കാരണം വിശപ്പടക്കാനായി തയ്യൽ തൊഴിലാളിയായി. അതിനിടെ, കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം.

1938-ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നു. 1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ അംഗമായി. 1954 പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ അംഗമായ വി എസ് 1956 ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിൽ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 1959-ൽ സി പി ഐ ദേശീയ കൗൺസിൽ അംഗം. 1964-ൽ സി പി ഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങി വന്ന 32 പേർ ചേർന്ന് സി പി ഐ എം രൂപീകരിച്ചു. അതിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക വ്യക്തിയും വി എസ് അച്യുതാനന്ദൻ മാത്രമാണ്. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ടായിരുന്നു വി എസിന്റെ ആദ്യകാല പ്രവർത്തനം.

ദുരിതജീവിതം മാത്രം അനുഭവിച്ചിരുന്ന തൊഴിലാളികൾക്ക് നിശ്ചയദാർഢ്യത്തിന്റെ കരുത്തുപകർന്നു നൽകുകയായിരുന്നു വി എസ് എന്ന നേതാവ്. കുട്ടനാട്ടിലെ കർഷക തൊഴിലാളികളുടെ പ്രശ്‌നങ്ങൾ അദ്ദേഹം ഇടപെട്ടു. കാലങ്ങളായി ജന്മി തമ്പ്രാക്കൾക്ക് മുൻപിൽ തലകുനിച്ച് കൈകൂപ്പി നിന്നിരുന്ന തൊഴിലാളികൾ വേതന വർധനവ് ആവശ്യപ്പെട്ട് സമരം ആരംഭിച്ചു. ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം കുട്ടനാടിന്റെ വയലേലകളിൽ കൊടുങ്കാറ്റായി അലയടിച്ചു. എന്നാൽ വി എസ് എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ ഇല്ലായ്മ ചെയ്യാൻ ജന്മിമാർ ഉത്തരവ് പ്രഖ്യാപിച്ചു. പുന്നപ്ര വയലാർ സമരത്തിന് പിന്നാലെ അറസ്റ്റിലായ വി എസ് കൊടിയമർദനത്തിന് ഇരയായി. 

കാലിൽ ബയണറ്റ് കുത്തിയിറക്കി മരിച്ചെന്നു കരുതി വി എസിനെ പൊലീസുകാർ കാട്ടിലേക്ക് വലിച്ചെറിഞ്ഞു. എന്നാൽ, അവിടെ നിന്നും അയാൾ തിരികെ വന്നു. പിന്നീടങ്ങോട്ട് പകരക്കാരൻ ഇല്ലാത്ത രാഷ്ട്രീയ നേതാവായി കമ്മ്യൂണിസ്റ്റ് നേതാവായി അദ്ദേഹം ഉയർന്നു.സാധാരണക്കാരിൽ സാധാരണക്കാരനായി നിന്ന് ജനകീയ നേതാവായി സഖാവ് വി എസ് മാറി. 

അടിസ്ഥാന ജനവിഭാഗത്തിന്റെ ശബ്ദമായി നിലകൊണ്ട് അവർക്ക് ദിശാബോധം നൽകി. 2006 മുതൽ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വി എസ് 82-ാം വയസ്സിൽ മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കൂടിയ നേതാവുമായിരുന്നു. സജീവ രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞ് വിശ്രമജീവിതം നയിച്ചപ്പോഴും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന വലിയൊരു ശൂന്യതയുണ്ട്. എന്നാൽവി എസ് ഇല്ലാത്ത കേരള രാഷ്ട്രീയത്തിന് അദ്ദേഹത്തിൻ്റെ ഓർമ്മകൾ തീ ജ്വല പോലെ വെളിച്ചം വിതറിയേക്കാം.

Tags