അംബാനിയുടെ ഒരു പരിപാടിയിലും പങ്കെടുക്കാത്ത രണ്ട് സെലിബ്രിറ്റികള്‍ മാത്രം, കോഹ്ലിക്ക് കൈയ്യടിച്ച് ആരാധകര്‍
മുംബൈ: ലോക സമ്പന്നരില്‍ മുന്‍നിരയിലുള്ള മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മത്സരിക്കുകയായിരുന്നു സെലിബ്രിറ്റികള്‍. സിനിമ, രാഷ്ട്രീയം, ബിസിനസ് എന്നുവേണ്ട അറിയിപ്പെടുന്ന എല്ലാ മേഖലയിലേയും പ്രമുഖര്‍ക്ക് അംബാനിയുടെ ക്ഷണക്കത്ത് ലഭിച്ചു. ലോകത്തിന്റെ പല ഭാഗത്തുനിന്നും കോടികള്‍ വാരിയെറിഞ്ഞ് പോപ് ഗായകരേയും എത്തിച്ചു. ഏകദേശം 5,000 കോടി രൂപയോളം മുടക്കിയ വിവാഹ മാമാങ്കത്തില്‍ ബോളിവുഡും ക്രിക്കറ്റ് ലോകവുമെല്ലാം ഒന്നായപ്പോള്‍ വ്യത്യസ്തരായി കൈയ്യടി നേടുകയാണ് വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌ക ശര്‍മയും.
വിവാഹത്തിന് മുന്‍പും അതിനുശേഷവുമായി വ്യത്യസ്ത ദിനങ്ങളില്‍ നടന്ന പരിപാടികളിലൊന്നും കോഹ്ലി പങ്കെടുത്തില്ല എന്നതാണ് ശ്രദ്ധേയം. ഇപ്പോള്‍ മാത്രമല്ല, കോഹ്ലി അംബാനി സംഘടിപ്പിച്ച ഒരു പരിപാടിയിലും പങ്കെടുക്കാത്തയാളാണെന്നാണ് ആരാധകര്‍ പറയുന്നത്. കോഹ്ലിയെ ക്ഷണിച്ചിട്ടുണ്ടാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍, എന്തുകൊണ്ട് പങ്കെടുത്തില്ല എന്നത് വ്യക്തമല്ല.
ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഇന്ത്യക്കാരനായ വിരാട് കോഹ്ലിയെ അംബാനി ഒഴിവാക്കില്ലെന്ന് ഉറപ്പാണ്. അനന്ത് അംബാനിയും രാധിക മര്‍ച്ചന്റും ഇന്ന് ജൂലൈ 12 നാണ് മുംബൈയില്‍ വെച്ച് വിവാഹിതരായത്. വിവാഹത്തില്‍ പങ്കെടുക്കാത്ത കോഹ്ലി ഇംഗ്ലണ്ടില്‍ വിംബിള്‍ഡണ്‍ കാണാനെത്തിയിരുന്നു.
അടുത്തിടെ നടന്ന ലോകകപ്പ് ടി20 വിജയത്തിന് തൊട്ടുപിന്നാലെ ഇന്ത്യയിലെത്തിയ കോഹ്ലി കുടുംബത്തോടൊപ്പമാണ് ഇംഗ്ലണ്ടിലെത്തിയത്. അനുഷ്‌ക ശര്‍മയും വിരാട് കോഹ്ലിയും ലണ്ടനിലേക്ക് താമസം മാറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.