കഴുത്തും നട്ടെല്ലും പിടിച്ച് തിരിച്ച് ശബ്ദമുണ്ടാക്കുന്ന ചികിത്സ അസ്സല് തട്ടിപ്പെന്ന് ഡോ. മനോജ് വെള്ളനാട്, ഇത് ശാസ്ത്രമല്ല, അത്യന്തം അപകടകരം
വര്ഷങ്ങളായുള്ള നടുവേദനയും തലവേദനയും ആസ്ത്മ വരെ ഒറ്റ ക്ലിക്കില് പമ്പകടന്നു എന്ന മട്ടിലുള്ള ഭാവപ്രകടനങ്ങളോടൊപ്പം ഈ വീഡിയോകള് പ്രചരിക്കുന്നു. എന്നാല്, ഈ 'നൂതന ചികിത്സ'യുടെ പിന്നിലെ ശാസ്ത്രീയ അടിത്തറയും സുരക്ഷയും സംബന്ധിച്ച് കടുത്ത ചോദ്യങ്ങള് ഉയരുകയാണ്.
കൊച്ചി: കൈറോപ്രാക്സി എന്ന പേരില് സോഷ്യല് മീഡിയയില് പ്രചരിക്കുന്ന ചികിത്സാ രീതി തട്ടിപ്പാണെന്ന് ഡോ. മനോജ് വെള്ളനാട്. വര്ഷങ്ങളായുള്ള നടുവേദനയും തലവേദനയും ആസ്ത്മ വരെ ഒറ്റ ക്ലിക്കില് പമ്പകടന്നു എന്ന മട്ടിലുള്ള ഭാവപ്രകടനങ്ങളോടൊപ്പം ഈ വീഡിയോകള് പ്രചരിക്കുന്നു. എന്നാല്, ഈ 'നൂതന ചികിത്സ'യുടെ പിന്നിലെ ശാസ്ത്രീയ അടിത്തറയും സുരക്ഷയും സംബന്ധിച്ച് കടുത്ത ചോദ്യങ്ങള് ഉയരുകയാണ്.
ഡോ. മനോജ് വെള്ളനാട് തന്റെ ഫേസ്ബുക്ക് പോസ്റ്റില് കൈറോപ്രാക്സിയുടെ ചരിത്രം, സിദ്ധാന്തം, ശബ്ദത്തിന്റെ യഥാര്ത്ഥ കാരണം, അപകടസാധ്യതകള് എന്നിവ വിശദമായി വിശകലനം ചെയ്തിരിക്കുന്നു. 1895-ല് ഒരു പലചരക്ക് വ്യാപാരിയും കാന്തിക ചികിത്സകനുമായ ഡാനിയല് ഡേവിഡ് പാമറിന്റെ 'പ്രേതാനുഭവ'ത്തില് നിന്ന് തുടങ്ങിയ ഈ രീതി, ഇന്നും ശാസ്ത്രീയ തെളിവുകളില്ലാതെ നിലനില്ക്കുന്നുവെന്നും, കഴുത്ത് തിരിക്കുന്ന രീതി സ്ട്രോക്ക് ഉള്പ്പെടെയുള്ള ഗുരുതര പ്രത്യാഘാതങ്ങള്ക്ക് കാരണമാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.
മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
സോഷ്യല് മീഡിയയിലെ റീലുകളിലും ഷോര്ട്സുകളിലും കഴുത്തും നട്ടെല്ലും പിടിച്ച് തിരിച്ചും ഞെരിച്ചും 'ഠപ്പേ' എന്ന് വലിയ ശബ്ദമുണ്ടാക്കുന്ന വീഡിയോകള് കാണാത്തവര് ഇന്ന് കുറവായിരിക്കും. ആ ഒരൊറ്റ ക്ലിക്കോടെ, അല്ലെങ്കില് ആ കടകട ശബ്ദത്തോടെ വര്ഷങ്ങളായുള്ള നടുവേദനയും തലവേദനയും എന്തിനേറെ ആസ്ത്മ വരെ പമ്പകടന്നു എന്ന മട്ടിലുള്ള ഭാവപ്രകടനങ്ങളും കൂടെയുണ്ടാകും. ഈ നൂതനമായ ചികിത്സയുടെ പേരാണ് കൈറോപ്രാക്സി.
ചികിത്സാരംഗത്തെ ഏറ്റവും പുതിയ ആട്-മാഞ്ചിയം-തേക്ക് പദ്ധതിയാണ് ഈ കൈറോപ്രാക്റ്റിക് സ്പൈനല് അലൈന്മെന്റ് കറക്ഷന്. കാണാനും കേള്ക്കാനും ഏറെ രസമുള്ള ആ വീഡിയോകളുടെ പിന്നിലെ കഥയാണിന്ന്.
കൈറോപ്രാക്സിയുടെ തുടക്കം തന്നെ ഒന്നാന്തരം മിസ്റ്റിക് കഥയാണ്. 1895-ല് ഡാനിയല് ഡേവിഡ് പാമര് എന്ന അമേരിക്കക്കാരനാണ് ഇതിന്റെ ഉപജ്ഞാതാവ്. ആളൊരു കാന്തിക ചികിത്സകനും പലചരക്ക് വ്യാപാരിയുമൊക്കെയായിരുന്നു. ഒരു ദിവസം തന്റെ ക്ലിനിക്കിലെ ബധിരനായ ഒരു തൂപ്പുകാരന്റെ നട്ടെല്ലിലെ ഒരു മുഴ കണ്ട പാമര്, അതില് ബലമായി അമര്ത്തി ഒരു അസ്ഥി 'സ്ഥാനത്തേക്ക്' തിരിച്ചുവെച്ചത്രേ. ഉടന്തന്നെ ആ പാവത്തിന് കേള്വിശക്തി തിരിച്ചുകിട്ടി എന്നാണ് പാമറുടെ അവകാശവാദം.
ഇതിലും വലിയ തമാശ എന്തെന്നുവെച്ചാല്, ഈ ചികിത്സാരീതി തനിക്ക് വെളിപ്പെടുത്തി തന്നത് ജീവിച്ചിരിക്കുന്ന ഏതെങ്കിലും ശാസ്ത്രജ്ഞനല്ല, മറിച്ച് 50 വര്ഷം മുന്പ് മരിച്ചുപോയ ജിം അറ്റ്കിന്സണ് എന്നൊരു ഡോക്ടറുടെ പ്രേതമാണ് എന്ന് പാമര് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു കൈറോപ്രാക്റ്ററുടെ സിദ്ധാന്തപ്രകാരം മനുഷ്യശരീരത്തില് 'ഇന്നേറ്റ് ഇന്റലിജന്സ്' എന്നൊരു ജീവശക്തി ഒഴുകുന്നുണ്ട്. നട്ടെല്ലിലെ കശേരുക്കള്ക്ക് നേരിയ സ്ഥാനചലനം (അഥവാ subluxation) ഉണ്ടാകുമ്പോള് നാഡികള് ഞെരുങ്ങുകയും ഈ ജീവശക്തി തടസ്സപ്പെടുകയും ചെയ്യുന്നു. ഇത് മൂലമാണ് കാന്സര് മുതല് പ്രമേഹവും ആസ്ത്മയും വരെ സകല രോഗങ്ങളും ഉണ്ടാകുന്നത്. അതുകൊണ്ട് നട്ടെല്ലിനെ ബലം പ്രയോഗിച്ച് വലിച്ചുനീട്ടി 'അലൈന്മെന്റ്' ശരിയാക്കിയാല് ഈ ജീവശക്തി സ്വതന്ത്രമായി ഒഴുകുകയും എല്ലാ രോഗങ്ങളും താനേ മാറുകയും ചെയ്യും എന്നാണ് ഇവരുടെ വാദം. ഡി.ഡി. പാമര് കഴിഞ്ഞപ്പോള് അയാളുടെ മകന് പി.ജെ. പാമര് ഈ അത്ഭുത ചികിത്സ ഒരു പാരമ്പര്യരോഗം പോലെ ഏറ്റെടുത്ത് വിറ്റ് കാശുണ്ടാക്കുകയാണ് ചെയ്തത്.
നടുവേദനയുടെ നിരവധി കാരണങ്ങളില് ഒന്ന് കശേരുക്കളുടെ subluxation ആവാം. മെഡിക്കല് സയന്സില് സബ്ലസേക്ഷന് എന്നാല് സന്ധികളിലെ ഭാഗികമായ സ്ഥാനഭ്രംശം ആണ്. അത് എക്സ്-റേയിലോ എം.ആര്.ഐയിലോ വ്യക്തമായി കാണാന് കഴിയും. എന്നാല് കൈറോപ്രാക്ടര്മാര് പറയുന്ന തരത്തിലുള്ള അദൃശ്യമായ 'കശേരു സ്ഥാനചലനം' ഇന്നുവരെ ഒരു റേഡിയോളജിക്കല് ഇമേജിംഗിലും ലോകത്തൊരാള്ക്കും തെളിയിക്കാന് കഴിഞ്ഞിട്ടില്ല.
പിന്നെയീ 'ഇന്നേറ്റ് ഇന്റലിജന്സ്' എന്ന ജീവശക്തിക്ക് അനാട്ടമിയുമായോ ഫിസിയോളജിയുമായോ യാതൊരു ബന്ധവുമില്ല. ഇന്നേറ്റായി ഇത്തിരിയെങ്കിലും ബുദ്ധിയുള്ള ആര്ക്കും അത് മനസിലാക്കാവുന്നതേ ഉള്ളൂ.
നട്ടെല്ലിലെ ഇവര് പറയുന്ന ഈ അദൃശ്യമായ സബ്ലക്സേഷന് കാരണം പ്രമേഹം, ആര്ത്തവപ്രശ്നങ്ങള്, ആസ്ത്മ, ക്ഷീണം, മൈഗ്രേന്, രക്താതിമര്ദ്ദം തുടങ്ങി സാധാരണ കാണുന്ന എല്ലാ രോഗങ്ങളും വരാം എന്നാണ് വാദം. എന്നുവച്ചാല് പത്രത്തില് വരുന്ന വാരഫലം പോലെ ആരുവായിച്ചാലും ഇത് തന്നെപ്പറ്റിയാണെന്ന് തോന്നും. യഥാര്ത്ഥത്തില് ഒരാള്ക്ക് സബ്ലക്സേഷന് ഉണ്ടായാല് തന്നെ ഞരമ്പുകള് ഞെരുങ്ങുകയും മരവിപ്പോ വേദനയോ പേശിബലക്കുറവോ വരാം എന്നല്ലാതെ, അതുകൊണ്ട് പാന്ക്രിയാസില് ഇന്സുലിന് ഉല്പ്പാദനം നിലയ്ക്കുമെന്നോ ആസ്ത്മ വരുമെന്നോ പറയുന്നത് വിഡ്ഢിത്തമാണ്. എന്നാല് ഇത് പറയുന്നവര് ആരും വിഡ്ഢികളല്ല. ബുദ്ധിമാന്മാരായ ഒന്നാന്തരം തട്ടിപ്പുകാരാണെന്ന് മാത്രം.
ഇവരുടെ വീഡിയോകളുടെ ഏറ്റവും വലിയ ആകര്ഷണം നട്ടെല്ല് തിരിക്കുമ്പോള് കേള്ക്കുന്ന ടകടക ശബ്ദമാണ്. ആ ശബ്ദമാണ് പ്രധാന മാര്ക്കറ്റിംഗ് ടൂളും. കശേരുക്കള് കൃത്യ സ്ഥാനത്ത് കയറി ഇരുന്നതിന്റെ ശബ്ദമാണിതെന്ന് പലരും തെറ്റിദ്ധരിക്കുന്നു. എന്നാലിത് നമ്മള് കൈ വിരലുകളൊക്കെ ഞൊട്ടയിടുമ്പോള് കേള്ക്കുന്ന ശബ്ദമില്ലേ, അത് തന്നെയാണ്. എന്തുകൊണ്ടാണ് ഞൊട്ടയിടുമ്പോള് ആ ശബ്ദം ഉണ്ടാവുന്നതെന്ന് ആര്ക്കെങ്കിലും അറിയാമോ?
നമ്മുടെ സന്ധികള്ക്കുള്ളില് സിനോവിയല് ദ്രവം എന്നൊരു ലൂബ്രിക്കന്റ് ഉണ്ട്. ഒരു ജോയിന്റ് മടങ്ങുമ്പോള് അതിനകത്തെ സ്പേസ് കൂടും. അപ്പോള് ഈ ദ്രാവകത്തില് ലയിച്ചുചേര്ന്നിരിക്കുന്ന വാതകങ്ങള് (പ്രധാനമായും നൈട്രജന്) പെട്ടെന്നുള്ള മര്ദ്ദവ്യത്യാസം കൊണ്ട് കുമിളകളായി മാറും. ഈ കുമിളകള് ഒന്ന് ചേര്ന്ന് വലുതായി ( ഇതിന് cavitation എന്ന് പറയും) പൊട്ടുന്ന പ്രതിഭാസമാണ് നമ്മള് സ്ഥിരം ചെയ്യുന്ന ഞൊട്ടയിടല്. പലരും ധരിച്ചു വച്ചിരിക്കുന്ന പോലെ എല്ലുകള് തമ്മില് തട്ടി സ്ഥാനം മാറുന്നതിന്റെ ശബ്ദമല്ല അത്.
നട്ടെല്ലില് ഇത്തരം ചെറിയ സൈനോവിയല് സന്ധികള് ധാരാളം ഉണ്ട്. ഇവരുടെ വീഡിയോകളില് നട്ടെല്ലില് അമര്ത്തുമ്പോള് ഒന്നിന് പിറകേ ഒന്നായി പല സന്ധികള് ഞൊട്ടയിടുന്നതാണ് നമ്മള് ടകടകാന്ന് കേള്ക്കുന്നത്. എന്നാല് നമ്മളാരും ചെയ്താല് ഇത്രയും ശബ്ദം കേള്ക്കുകയും ഇല്ല. അവിടെയാണ് അടുത്ത ട്രിക്ക്, ഈ ശബ്ദം പ്രത്യേക മൈക്രോഫോണ് ഉപയോഗിച്ച് റെക്കോര്ഡ് ചെയ്യുകയും അത് ആംപ്ലിഫൈ ചെയ്ത് വീഡിയോയില് കേള്പ്പിക്കുകയും ചെയ്യും. അല്ലെങ്കില് കൃത്രിമമായി ശബ്ദം ഉണ്ടാക്കി വീഡിയോയില് ചേര്ക്കും.
എന്നാലീ ഞൊട്ടയിടലിന് ചില ഗുണങ്ങളുണ്ട്. ഇത് ചെയ്യുമ്പോള് സന്ധികളിലെ മെക്കാനോറിസെപ്റ്ററുകള് ഉത്തേജിപ്പിക്കപ്പെടുകയും, തലച്ചോറില് എന്ഡോര്ഫിനുകള് എന്ന നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക വേദനസംഹാരികള് താല്ക്കാലികമായി റിലീസ് ചെയ്യപ്പെടുകയും ചെയ്യാം. നമ്മള് ഒരു സ്പായില് പോയി ചെയ്യുന്ന, അല്ലെങ്കില് ഒരു ഉഴിച്ചില് കേന്ദ്രത്തില് പോയി ചെയ്യുന്ന, അതുമല്ലെങ്കില് സ്വന്തം പാര്ട്ണര് സ്നേഹത്തോടെ ചെയ്തു തരുന്ന, മസാജിന്റെ പിന്നിലെ സയന്സും ഇതാണ്. എന്ഡോര്ഫിനുകള് കാരണം ആ നിമിഷത്തില് ചെറിയൊരു സുഖവും വേദനക്കുറവും ഒക്കെ തോന്നുന്നത് യാഥാര്ത്ഥ്യമാണ്. എന്നാല് ഇവിടെ യഥാര്ത്ഥ രോഗകാരണം അവിടെത്തന്നെ ഭദ്രമായി ഇരിപ്പുണ്ടാകും എന്ന് മാത്രം.
അപ്പോഴും കൈറോപ്രാക്സി വെറും തട്ടിപ്പ് മാത്രമല്ല, വളരെ അപകടകരവുമാണ്. നടുവേദനയ്ക്ക് ചെയ്യുന്ന ലളിതമായ ചില പേശി വ്യായാമങ്ങള് പോലെ ഇതിനെ നിരുപദ്രവകരമായി തള്ളിക്കളയാന് പറ്റില്ല.
കഴുത്തിലെ കശേരുക്കള്ക്കുള്ളിലൂടെയാണ് തലച്ചോറിന്റെ പിന്ഭാഗത്തേക്ക് രക്തമെത്തിക്കുന്ന വെര്ട്ടിബ്രല് ധമനികള് കടന്നുപോകുന്നത്. കഴുത്ത് പെട്ടെന്ന് ശക്തിയായി വെട്ടിച്ചു തിരിക്കുമ്പോള് (High-velocity, low-amplitude thrusts) ഈ ധമനികളുടെ ഉള്ഭിത്തി കീറിപ്പോകാനും, അവിടെ രക്തം കട്ടപിടിച്ച് തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ച് സ്ട്രോക്ക് ഉണ്ടാകാനും സാധ്യതയുണ്ട്. ലോകമെമ്പാടും ഇത്തരം നിരവധി കേസുകള് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ നാട്ടിലും ഉണ്ട്, പക്ഷെ രോഗിക്കോ ബന്ധുക്കള്ക്കോ അതില് പരാതിയില്ല. ??????
ഇനി ഡിസ്ക് പ്രൊലാപ്സ് ഉള്ള ഒരു രോഗിയുടെ നട്ടെല്ലില് ഇത്തരം അശാസ്ത്രീയ ബലപ്രയോഗങ്ങള് നടത്തുമ്പോള്, ഡിസ്ക് കൂടുതല് പുറത്തേക്ക് തള്ളി സുഷുമ്നാ നാഡിയെ സാരമായി ബാധിക്കാനും കാലുകളുടെ ചലനശേഷി നഷ്ടപ്പെടാനും സാധ്യതയേറെയാണ്. ഈയടുത്തും നടുവേദനക്ക് കൈറോപ്രാക്സിയും സ്പൈനല് ഡികംപ്രഷനും ചെയ്ത് കാലുകള്ക്ക് തളര്ച്ചയും മൂത്രം പോകുന്നതിന്റെ
കണ്ട്രോളും നഷ്ടമായ ഒരാളെ കണ്ടിരുന്നു. ഒട്ടും അത്ഭുതമില്ല, അവര്ക്കും പരാതിയോ ഈ ചികിത്സയെ സംശയമോ ഇല്ലായിരുന്നു. എന്ത് നല്ല ലോകം. ??
വേറൊരു പ്രശ്നം നടുവേദനയ്ക്ക് നിരവധി കാരണങ്ങള് ഉണ്ട്. മുഴകള്, നട്ടെല്ലിലെ അണുബാധകള് അല്ലെങ്കില് ആന്തരിക അവയവങ്ങളുടെ പ്രശ്നങ്ങള് എന്നിവ കാരണം വരുന്ന പുറംവേദനകളെല്ലാം വെറും കശേരു തെറ്റല് ആണെന്ന് പറഞ്ഞ് തിരുമ്മിക്കൊണ്ടിരുന്നാല് യഥാര്ത്ഥ ചികിത്സ ലഭിക്കാന് വൈകുകയും രോഗിയുടെ ജീവന് തന്നെ അപകടത്തിലാവുകയും ചെയ്യും.
വിദ്യാഭ്യാസവും വിവരവും ഉണ്ടെന്ന് സ്വയം കരുതുന്നവര് തന്നെയാണ് ഇവരുടെയും ഇതുപോലുള്ള ഉഴിച്ചില് പിഴിച്ചില് കേന്ദ്രങ്ങളുടെയും പ്രധാന ഇരകള്. മക്കള് MBBS ഡോക്ടര്മാര് ആയവര് വരെയുണ്ട്. മക്കള്ക്കുണ്ടാകുന്ന നാണക്കേട് കാരണം പണി കിട്ടിയത് പുറത്ത് പറയാന് മടി കാണിച്ചവരെയും അറിയാം.
ശാസ്ത്രീയമായ തെളിവുകളുടെയോ ക്ലിനിക്കല് ട്രയലുകളുടെയോ യാതൊരു പിന്ബലവുമില്ലാത്ത, 19-ആം നൂറ്റാണ്ടില് ഒരു പലചരക്ക് വ്യാപാരിക്ക് പഴയൊരു ഡോക്ടറുടെ ആത്മാവ് പറഞ്ഞുകൊടുത്ത കഥയില് വേരൂന്നിയ ഒന്നാണ് കൈറോപ്രാക്സി. ഫിസിയോതെറാപ്പിയും ആധുനിക ന്യൂറോ-ഓര്ത്തോ ചികിത്സകളും ഇത്രയേറെ വികസിച്ച കാലത്തും ഇത്തരം ഞൊട്ടിക്കല് നാടകങ്ങളില് പോയി കഴുത്ത് വെച്ചുകൊടുക്കുന്നത് ജീവന് കൊണ്ടുള്ള പന്താട്ടമാണ് എന്ന് മാത്രം പറഞ്ഞുകൊണ്ട് നിര്ത്തുന്നു.
.jpg)


