സിനിമയുടെ നഷ്ടക്കണക്ക് അവതരിപ്പിച്ച പ്രൊഡ്യൂസര്‍മാരുടേത് തട്ടിപ്പോ? നഷ്ടം പറയുന്നത് അഭിനേതാക്കളെ വിരട്ടാനോ? കുഞ്ചാക്കോ ബോബന്‍ പറഞ്ഞത് സത്യമാണെന്ന് വിനയന്‍

kunchacko boban
kunchacko boban

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന സിനിമ നഷ്ടം വന്ന സിനിമയാണന്ന് കണക്ക് ഇറക്കിയത് തെറ്റു തന്നെയാണെന്ന് വിനയന്‍ പറഞ്ഞു. ഓടിടി, ഓവര്‍സീസ്, സാറ്റലൈറ്റ്, ഡബ്ബിംഗ് മുതലായ റൈറ്റ്‌സുകള്‍ കൂടി കൂട്ടുമ്പോള്‍ ഓഫീസര്‍ നല്ല ലാഭം നേടും എന്നാണ് പറയേണ്ടിയിരുന്നത്.

 

കൊച്ചി: മലയാള സിനിമയിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പലതും വ്യാജമാണെന്ന് പ്രൊഡ്യൂസര്‍മാരുടെ സംഘടന കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പെരുപ്പിച്ച് കാണിക്കുന്ന കളക്ഷന്റെ ചെറിയൊരു ശതമാനം പോലും ലഭിക്കുന്നില്ലെന്നാണ് സംഘടനാ തലവന്‍ ജി സുരേഷ് കുമാര്‍ പറയുന്നത്. ഫിബ്രുവരിയില്‍ പുറത്തിറങ്ങിയ സിനിമകളൊന്നും ലാഭത്തില്ലെന്ന കണക്കും അദ്ദേഹം നിരത്തി. എന്നാല്‍, കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം നിഷേധിച്ച് വരികയും സംവിധായകന്‍ വിനയന്‍ പിന്തുണ നല്‍കുകയും ചെയ്തതോടെ പുതിയ വിവാദത്തിന് തിരികൊളുത്തുകയാണ്.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി നഷ്ടം വന്ന സിനിമയാണന്ന് കണക്ക് ഇറക്കിയത് തെറ്റു തന്നെയാണെന്ന് വിനയന്‍ പറഞ്ഞു. ഓടിടി, ഓവര്‍സീസ്, സാറ്റലൈറ്റ്, ഡബ്ബിംഗ് മുതലായ റൈറ്റ്‌സുകള്‍ കൂടി കൂട്ടുമ്പോള്‍ ഓഫീസര്‍ നല്ല ലാഭം നേടും എന്നാണ് പറയേണ്ടിയിരുന്നത്.. അതാണ് സത്യവും.. എങ്കിലേ ആ കണക്ക് പറച്ചില്‍ വിശ്വസനീയമാകൂയെന്നും അദ്ദേഹം വ്യക്തമാക്കി.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ശ്രീ കുഞ്ചാക്കോ ബോബന്‍ ഇന്നത്തെ മനോരമയില്‍ പറഞ്ഞ ചില കാര്യങ്ങള്‍ സത്യസന്ധമാണ്, വസ്തുതാപരമാണ്.

     മലയാള സിനിമയെ നന്നാക്കാനായി ഇറങ്ങി തിരിച്ച സംഘടനകള്‍ സദുദ്ദേശത്തുകൂടി ആയിരിക്കാം വിമര്‍ശനങ്ങള്‍ തുടങ്ങിയത്.. പക്ഷേ  'കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതാക്കുന്ന' അവസ്ഥയിലേക്കു കാര്യങ്ങള്‍ പോകുന്നുണ്ടോ  എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്..

  ഫിലിം ഇന്‍ഡസ്ട്രിയെ നിലനിര്‍ത്തി പുരോഗതിയിലേക്കു നയിക്കുക എന്നതാണ് ഈ മേഖലയിലെ ഏതു സിനിമാ സംഘടനയുടേയും ബയലോയില്‍ പ്രധാനമായും പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇതൊരു കെണിയാണ് ആരും ഇങ്ങോട്ടു വരരുത് മാറിപ്പൊയ്‌കോളൂ എന്ന് സിനിമ നിര്‍മ്മിക്കാന്‍ വരുന്ന ഏതൊരു വ്യക്തിക്കും ഇന്‍വസ്റ്റര്‍ക്കും തോന്നുന്ന വിധം മാധ്യമങ്ങള്‍ക്കു മുന്നില്‍ വിഴുപ്പലക്കുന്നതും, പരസ്പരം പറഞ്ഞു തീര്‍ക്കേണ്ട കാര്യങ്ങള്‍ പത്ര സമ്മേളനം നടത്തി പറയുന്നതും ഈ ഇന്‍ഡസ്ട്രിയെ തകര്‍ക്കാനേ സഹായിക്കുള്ളു.
താരമേധവിത്വത്തിനെതിരെ എന്നും ശക്തമായ നിലപാടെടുത്തിട്ടുള്ള ഒരു വ്യക്തിയാണ് ഞാന്‍.

 1998 ല്‍ ആകാശഗംഗ എന്ന സിനി നിര്‍മ്മിക്കുന്ന സയത്താണ് ഞാന്‍ നിര്‍മ്മാതാക്‌ളുടെ സംഘടനയില്‍ അംഗമാകുന്നത്.  2004ല്‍ താരങ്ങള്‍ക്ക് എഗ്രിമെന്റ് നിര്‍ബന്ധമായും വേണം എന്ന ഫിലിം ചേമ്പറിന്റെ അഭിപ്രാത്തിന്റെ കുടെ ഉറച്ചു നില്‍ക്കുകയും താരസംഘടനയായ അമ്മയുടെ എതിര്‍പ്പ് വക വയ്കാതെ സത്യം എന്ന സിനിമ ചെയ്ത് താരങ്ങളുടെ സമരത്തെ തോല്‍പ്പിച്ച് എഗ്രിമെന്റ് നടപ്പാക്കുന്നതില്‍ എന്റെ എളിയ സഹായം ഞാന്‍ നല്‍കുകയും ചെയ്തിരുന്നു.. അതിന്റെ കൂടി പരിണിത ഫലമാണല്ലോ എനിക്കുണ്ടായ വിലക്കും മറ്റും.

എന്നാല്‍ ചില താരങ്ങള്‍ കാണിക്കുന്ന അഹങ്കാരത്തിന് ആ വിഭാഗത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.
 ഏതാണ്ട് പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയള സിനിമാ ഇന്‍ഡസ്ട്രിക്ക് ഇതിനേക്കാള്‍ മോശമായ ഒരവസ്ഥ ഉണ്ടായിരുന്നു സി ക്‌ളാസ് തീയറ്ററുകളും ബി ക്‌ളാസ് തീയറ്ററുകളും ഒക്കെ നഷ്ടം കെണ്ടു പൂട്ടിപ്പോയ കാലം. പല മെയിന്‍ തീയറ്ററുകള്‍ പോലും കല്യാണ മണ്ഡപമായി മാറിയ കാലം.. അന്ന് സൂപ്പര്‍ താരങ്ങളുടെ പിടിയിലായിരുന്നു മലയാള സിനിമ.  2010 ല്‍ പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷന്റെ ഒരു ജനറല്‍ ബോഡിയില്‍ വലിയ താരങ്ങള്‍ക്കായി സിനിമയ്കുണ്ടാവുന്ന അമിത ചെലവു കുറയ്കാന്‍ കര്‍ശന നടപടി എടുക്കണമെന്നും അതിനായി അമ്മ സംഘടനയ്കു കത്തു കൊടുക്കണമെന്നും ഞാന്‍ ശക്തമായി വാദിച്ചപ്പോള്‍ അതൊന്നും സാദ്ധ്യമാകില്ല എന്നു പറഞ്ഞ് അദ്ധ്യക്ഷ സ്ഥാനത്തു നിന്നും വഴക്കിട്ടിറങ്ങിപ്പോയ അന്നത്തെ പ്രസിഡന്റാണ് ഇന്ന് ശക്തമായ വിമര്‍ശനങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത് എന്ന കാര്യം എനിക്കു രസകരമായി തോന്നുന്നു. ആ ഇറങ്ങിപ്പോക്കും ബഹളവും ഒക്കെ ആ യോഗത്തില്‍ പങ്കെടുത്ത എന്റെ സുഹൃത്തുക്കളായ പല നിര്‍മ്മാതാക്കളും ഇന്നും ഓര്‍ക്കുന്നുണ്ടാവുമല്ലോ?
അന്ന്  സിനിമാ നിര്‍മ്മാണത്തില്‍ കുറച്ചു കൂടി സജീവമായിരുന്നു അന്നത്തെ പ്രസിഡന്റും കൂട്ടരും,  പ്രമുഖ താരങ്ങളുമായുള്ള ചങ്ങാത്തം അന്ന് അവര്‍ക്കു വ്യക്തിപരമായി ഗുണം ചെയ്തിരുന്നു...
അതുകൊണ്ടായിരിക്കാം  അങ്ങനെ പെരുമാറിയത്.
 കാലങ്ങള്‍ എത്രയോ കഴിഞ്ഞു. അതൊക്കെ  മറക്കാം..
ഞാന്‍ ഈ പറഞ്ഞവരെല്ലാം തന്നെ മലയാള സിനിമയ്കു വേണ്ടി ചെയ്ത സംഭാവനകളെ മറന്നു കൊണ്ടല്ല ഈ കുറിപ്പ് എഴുതുന്നത്.. അവരൊക്കെ ബഹുമാനിക്ക പ്പെടേണ്ടവര്‍ തന്നെയാണ്. അതിന്റെ കൂടെ ചില സത്യമായ അനുഭവം പറഞ്ഞുവെന്നു മാത്രം..

  ഇന്നും ഒരു മലയാളസിനിമയുടെ തീയറ്റര്‍ വരുമാനവും മറ്റ് റൈറ്റ്‌സുകളുടെ വരുമാനവും പരമാവധി എത്രയെന്നു മനസ്സിലാക്കാതെ രണ്ടു സിനിമാ ഹിറ്റായി ഓടിക്കഴിയുമ്പോള്‍ കൊട്ടത്താപ്പിനു കോടികള്‍ ശമ്പളം ചോദിക്കുന്ന ചില യുവതാരങ്ങളെ  നിയന്ത്രിച്ചേ മതിയാകൂ എന്നുതന്നെയാണ് എന്റ അഭിപ്രായം.. അതിന് ആ താരങ്ങളെ വിളിച്ചു വരുത്തി മുഖത്തു നോക്കി സംസാരിക്കണം. കാശുമുടക്കുന്ന നിര്‍മ്മാതാക്കളുടെ സംഘടനയ്ക് അതിനുള്ള തന്റേടം ഉണ്ടാകണം..

   അല്ലാതെ ആരോടോ വൈരാഗ്യം തീര്‍ക്കുന്ന രീതിയില്‍ മീഡിയയിലൂടെ മലര്‍ന്നു കിടന്നു തുപ്പുകയല്ല വേണ്ടത്..
    ഓഫീസര്‍ സിനിമ നഷ്ടം വന്ന സിനിമയാണന്ന് കണക്ക് ഇറക്കിയത് തെറ്റു തന്നെയാണ്...
  ഓടിടി, ഓവര്‍സീസ്, സാറ്റലൈറ്റ്, ഡബ്ബിംഗ് മുതലായ  റൈറ്റ്‌സുകള്‍ കൂടി കൂട്ടുമ്പോള്‍ ഓഫീസര്‍ നല്ല ലാഭം നേടും എന്നാണ് പറയേണ്ടി യിരുന്നത്.. അതാണ് സത്യവും.. എങ്കിലേ ആ കണക്ക് പറച്ചില്‍ വിശ്വസനീയമാകു..

  ഓടിടി സാറ്റലൈറ്റ് കച്ചവടത്തിന്റെ കാര്യത്തിലും കുഞ്ചാക്കോ ബോബന്‍ പറഞ്ഞതില്‍ വസ്തുതയുണ്ട്..
 ഇന്ന് ഏതു വമ്പന്‍ താരത്തിന്റെ ചിത്രമാണങ്കിലും തീയറ്ററില്‍ റിലീസു ചെയ്ത് റിസള്‍ട്ട് അറിഞ്ഞ ശേഷമേ ഓടിടി പോകുകയുള്ളു എന്നു വന്നിരിക്കുന്നു..  അതിനു കാരണം എന്താണന്ന് എല്ലാരും സ്വയം ചിന്തിക്കു..

   കോവിഡ് എന്ന മഹാമാരിയുടെ സാഹചര്യം മുതലാക്കി യാതൊരു ക്വാളിറ്റിയുമില്ലാത്ത കണ്ടന്റുകള്‍  പിടിപാടിന്റെയും മറ്റ് ബന്ധങ്ങളുടെയും പേരില്‍ ഓടിടി കമ്പിനികള്‍ക്കു കൊടുത്ത് വലിയ ലാഭം നേടിയ ചില നിര്‍മ്മാതാക്കള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും

 ഇന്നത്തെ ഈ ദുരവസ്ഥയില്‍ ഉത്തരവാദിത്വ മുണ്ട്.. മൂന്നു കോടി ചിലവായ ചിത്രത്തിന് പത്തു കോടി ചിലവായെന്നു പറഞ്ഞ് വലിയ ലാഭം നേടിയപ്പോള്‍ ഭാവിയില്‍  പിന്നാലെ വരുന്ന നിര്‍മ്മാതാക്കളെ അതു വലുതായി ബാധിക്കും എന്നവര്‍ ചിന്തിച്ചില്ല.. മലയാളം ഇന്‍ഡസ്ട്രിയുടെ വിശ്വാസ്യതയാണ് അവര്‍ ഇല്ലാതാക്കിയത്.
  സാറ്റലൈറ്റു കച്ചവടത്തിലും കുറേ നാളു മുന്‍പുവരെ ഇത്തരം ചില കള്ളക്കളികള്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ്..
 കേരളത്തിലെ ഏറ്റവും വലിയ ഒരു ചാനലിന്റെ തലപ്പത്തിരുന്ന ആള്‍ മാറിയതോടെ  വലിയ താരങ്ങളുടെയും ചില നിര്‍മ്മ്താക്കളുടെയും ഒക്കെ വന്‍ തുകയ്കുള്ള സാറ്റലൈറ്റ് കച്ചവടം അവതാളത്തിലായി..

  എത്ര മോശം സിനിമയാണങ്കിലും ഒന്നു വിളിച്ചു പറഞ്ഞാല്‍ ചിലര്‍ക്ക് കച്ചവടം ഭംഗിയായി നടക്കുമായിരുന്നു ..
ഈ സൌകര്യങ്ങളൊന്നും സാധാരണ നിര്‍മ്മാതാക്കള്‍ക്ക് കിട്ടിയിരുന്നില്ല എന്നതോര്‍ക്കണം..
  അതൊക്കെ ഓരോരുത്തരുടെ കഴിവല്ലേ നമുക്കെന്തു ചെയ്യാന്‍ കഴിയും എന്ന നിലപാടാണല്ലോ പലപ്പോഴും നിര്‍മ്മാതാക്കളുടെ സംഘടനാ നേതാക്കള്‍ പറയാറുള്ളത്.. അതു ശരിയല്ല... ഇത്തരം കാര്യങ്ങളില്‍ എല്ലാ നിര്‍മ്മാതാക്കള്‍കും തുല്യ നീതി കിട്ടാനാണ് പ്രൊഡ്യൂസേഴ്‌സ് അസ്സേസിയേഷന്‍ ശ്രമിക്കണ്ടത്..അതിനാണ് സംഘടന..
   'എമ്പുരാന്‍'പോലുള്ള ബ്രമ്മാണ്ഡ സിനിമ വല്ലപ്പോഴും ഉണ്ടാകുന്നതാണല്ലോ?

  മലയാളം ഇന്‍ഡസ്ട്രിയില്‍ ഇത്രയും പണം മുടക്കി ഇത്ര വലിയ ഒരു സിനിമയെടുക്കാന്‍ വന്ന നിര്‍മ്മാതാക്കളെ മലയാള സിനിമാലോകം ഒന്നടങ്കം അഭിനന്ദിക്കണം..
  കന്നടയില്‍ ഇതുപോലെ ചിലര്‍ കാണിച്ച തന്റേടം കൊണ്ടാണല്ലോ അവിടൊരു കെ ജി എഫ്  വന്നത്.. അവരെടുത്ത റിസ്‌കിന്റെ ഭലമായിരുന്നു അത്
  അതോടെ കന്നട ഇന്‍ഡസ്ട്രിക്ക് വലിയ വളര്‍ച്ചയല്ലേ ഉണ്ടാത്..
  നമുക്കും അങ്ങനെ വളരാനാകട്ടേ എന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു

 

Tags

News Hub