പുനര്‍ജനി, വിഡി സതീശനെതിരായ പഴയ വിജിലന്‍സ് റിപ്പോര്‍ട്ട് കുത്തിപ്പൊക്കിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവെന്ന് സംശയം, മുഖ്യമന്ത്രിയാകാന്‍ പാര്‍ട്ടിക്കകത്ത് പാരവെപ്പ്

Congress

പ്രളയബാധിതരുടെ പുനരധിവാസത്തിനായി ആരംഭിച്ച 'പുനര്‍ജനി' പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത്, നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ്.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ വീണ്ടും വിവാദങ്ങള്‍ കൊഴുക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പഴയ വിജിലന്‍സ് റിപ്പോര്‍ട്ട് കുത്തിപ്പൊക്കിയത് മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തയായപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടലാണ് ഇതിന് പിന്നിലെന്ന സംശയം ശക്തമാകുന്നു.

tRootC1469263">

പ്രളയബാധിതരുടെ പുനരധിവാസത്തിനായി ആരംഭിച്ച 'പുനര്‍ജനി' പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത്, നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ്. എല്‍.ഡി.എഫ് ഇതിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണെന്നാണ് യുഡിഎഫ് ആരോപണം. വിഡി സതീശന്റെ പാര്‍ലമെന്ററി മണ്ഡലമായ പരവൂരിലെ പ്രളയബാധിതരെ പുനരധിവസിപ്പിക്കാനായി ആരംഭിച്ച പദ്ധതിക്കായി വിദേശത്തുനിന്നും ഫണ്ട് പിരിച്ചത് സിബിഐ അന്വേഷിക്കണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഒരു വര്‍ഷത്തിനുശേഷം വീണ്ടും ചര്‍ച്ചയിലെത്തിയത്.

മണപ്പാട്ട് ഗ്രൂപ്പിന്റെ സി.എസ്.ആര്‍. വിഭാഗമായ മണപ്പാട്ട് ഫൗണ്ടേഷന്‍ ആണ് ഈ പദ്ധതിയുടെ ഫെസിലിറ്റേറ്ററായി പ്രവര്‍ത്തിച്ചത്. മണപ്പാട്ട് ഫൗണ്ടേഷന്‍ സി.ഇ.ഒ. അമീര്‍ അഹമ്മദ് പറയുന്നത്, അവരുടെ എഫ്.സി.ആര്‍.എ. അക്കൗണ്ട് വഴി 20 ലക്ഷം രൂപ സമാഹരിച്ചു എന്നാണ്. സതീശന്‍ വ്യക്തിപരമായി ഫണ്ട് സമാഹരിച്ചില്ലെന്നും, ഡോണര്‍മാരെ ബെനിഫിഷ്യറികളുമായി ബന്ധപ്പെടുത്തി മാത്രമാണെന്നും അദ്ദേഹം വാദിക്കുന്നു. എല്ലാ രേഖകളും സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

പ്രധാന ആരോപണം, ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ആക്ട് (എഫ്.സി.ആര്‍.എ.) ലംഘനമാണ്. രാഷ്ട്രീയ സംഘടനകള്‍ക്കോ പ്രത്യേക വിഭാഗങ്ങള്‍ക്കോ വിദേശ ഫണ്ട് സ്വീകരിക്കാന്‍ കേന്ദ്ര അനുമതി വേണമെന്നാണ് നിയമം.

സി.ബി.ഐ. അന്വേഷണത്തിന് തയ്യാറാണെന്നും, ഏഴ് വര്‍ഷം പഴകിയ കേസ് തെരഞ്ഞെടുപ്പിന് മുമ്പ് പുനരുജ്ജീവിപ്പിച്ചത് ഗൂഢാലോചനയാണെന്നും സതീശന്‍ ആരോപിക്കുന്നു. അതേസമയം, 2006-ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിണറായി വിജയനെതിരെ സി.ബി.ഐ. അന്വേഷണം ഉത്തരവിട്ടത് ഇടതുപക്ഷവും ഓര്‍മിപ്പിക്കുന്നു.

പഴയ കേസ് പുനരുജ്ജീവിപ്പിച്ചത് കോണ്‍ഗ്രസിനകത്തെ മുതിര്‍ന്ന നേതാവിന്റെ ഇടപെടലാണോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ഒരു വര്‍ഷം മുന്‍പേ കിട്ടിയ റിപ്പോര്‍ട്ടില്‍ മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ താത്പര്യം കാട്ടിയിരുന്നില്ല. സിബിഐയെ ഏല്‍പ്പിക്കുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ഉണ്ടാകുമെന്ന് ഉറപ്പാണെന്നിരിക്കെ എല്‍ഡിഎഫ് സര്‍ക്കാര്‍ അത് ആയുധമാക്കാനും ഇടയില്ല. അതുകൊണ്ടുതന്നെ, യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആകാന്‍ നേതാക്കള്‍ക്കിടയിലെ കിടമത്സരമാണ് റിപ്പോര്‍ട്ട് കുത്തിപ്പൊക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

സതീശന്‍ പ്രതിപക്ഷ നേതാവായതിന് ശേഷം, ചില മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ അസംതൃപ്തി ഉണ്ട്. കോണ്‍ഗ്രസ് നേതൃത്വം സതീശനെ പിന്തുണയ്ക്കുന്നുവെങ്കിലും, പാര്‍ട്ടിക്കകത്തെ ഗ്രൂപ്പിസം ഇല്ലാതായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവന്ന സംഭവം. 

Tags