കുപ്പിക്കായി ക്യൂ നില്‍ക്കുന്നവരേ, നിങ്ങളെ പറ്റിച്ച് ജീവനക്കാര്‍ നേടുന്നത് ലക്ഷങ്ങള്‍

beverages
beverages

 തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ഷോപ്പുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍. ജീവനക്കാര്‍ ലക്ഷക്കണക്കിന് രൂപയാണ് ഔട്ട്‌ലറ്റുകളില്‍ നിന്നും അനധികൃതമായി സമ്പാദിക്കുന്നത്. ആവശ്യക്കാര്‍ കൂടുതലുള്ള വിലകുറഞ്ഞ ബ്രാന്‍ഡുകള്‍ പൂഴ്ത്തിയും ഇതര സംസ്ഥാനക്കാരില്‍ നിന്നും കൂടുതല്‍ തുക ഇടാക്കിയും ബില്‍ നല്‍കാതെ പറ്റച്ചുമെല്ലാം ജീവനക്കാര്‍ അഴിമതി കാട്ടുന്നു.

tRootC1469263">

ഏതാണ്ട് എല്ലാ ജില്ലയിലെ ഔട്ട്‌ലറ്റുകളിലും സമാനമായ സ്ഥിതിയാണ്. വിലവിവര പട്ടിക ഉപഭോക്താക്കള്‍ക്ക് കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക, കൃത്യമായ രേഖകള്‍ സൂക്ഷിക്കാതിരിക്കുക, മദ്യം പൊതിയാനുള്ള കടലാസ് വാങ്ങാതെ വാങ്ങിയതായി രേഖയുണ്ടാക്കുക, കുപ്പികള്‍ പൊട്ടിയതായി കള്ളക്കണക്കുണ്ടാക്കുക തുടങ്ങി തട്ടിപ്പുകള്‍ അനവധിയാണെന്ന് പരിശോധന നടത്തിയവര്‍ കണ്ടെത്തി.

സര്‍ക്കാരിന്റെ മദ്യമായ ജവാന് ആവശ്യക്കാര്‍ കൂടുതലാണെങ്കിലും ഇവ ഇല്ലെന്ന് പറഞ്ഞ് കൂടിയ വിലയ്ക്കുള്ള മദ്യം വിറ്റഴിക്കുക പതിവാണ്. ഇതിലൂടെ മദ്യക്കമ്പനികളില്‍ നിന്നും കൈക്കൂലി ലഭിക്കും. ബില്ലില്‍ തുക കാണാന്‍ പറ്റാത്ത രീതിയില്‍ സീല്‍ അടിയ്ക്കുകയും അമ്പതോ നൂറോ രൂപ കൂട്ടി വാങ്ങുന്നതും പതിവാണ്.

മാസം ശരാശരി 5,000 രൂപയുടെ കടലാസ് ഒരു ഔട്ട്ലെറ്റിലേക്ക് വാങ്ങുന്നതായാണ് കണക്ക്. എന്നാല്‍ ഇതിന്റെ പത്തിലൊന്ന് കടലാസ് പോലും പലയിടത്തും എത്തുന്നില്ല.

ഉപഭോക്താവായി എത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കിങ്ഫിഷര്‍ ബിയര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. എന്നാല്‍ അകത്ത് കയറി പരിശോധിച്ചപ്പോള്‍ 30 കെയ്സ് കിങ്ഫിഷര്‍ സ്റ്റോക്കുണ്ടായിരുന്നു. കൂടുതല്‍ കമ്മീഷന്‍ കിട്ടുന്ന മറ്റൊരു ബിയറാണ് ഇവര്‍ വിറ്റിരുന്നത്. അമ്പത് പൈസ മുതല്‍ രണ്ട് രൂപ വരെ ഒരു ബിയറിന് ജീവനക്കാര്‍ കമ്മീഷന്‍ വാങ്ങുന്നതായി വിജലന്‍സ് അറിയിച്ചു. ഷോപ്പ് അറ്റന്‍ഡന്റ് ഗൂഗിള്‍ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങി മദ്യം നല്‍കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

തുടരെയുള്ള വിജിലന്‍സ് പരിശോധനയില്‍ ആവര്‍ത്തിച്ച് പിടിക്കപ്പെട്ടിട്ടും ജീവനക്കാര്‍ക്ക് കുലുക്കമില്ല. മികച്ച വേതനം ലഭിക്കുന്ന ജീവനക്കാര്‍ക്ക് വന്‍തുക ബോണസായും ലഭിക്കുന്നുണ്ട്. ഇതിലുപരിയാണ് കൈക്കൂലിയായി നേടുന്നത്.

 

Tags