വെനസ്വേലന്‍ എണ്ണ ഇറക്കുമതിയിലൂടെ റിയലന്‍സിന് കൊള്ളലാഭം, എണ്ണവിലയിലെ കുറവ് രാജ്യത്തെ ജനങ്ങള്‍ക്കില്ല, ലാഭമെല്ലാം കുത്തകള്‍ക്ക് തീറെഴുതി കേന്ദ്രം
ന്യൂഡല്‍ഹി: അമേരിക്കന്‍ ഉപരോധത്തിനിടയിലും വെനസ്വേലയില്‍ നിന്നും രാജ്യത്തേക്ക് കുറഞ്ഞ വിലയില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി ലഭിച്ച റിയലന്‍സ് കൊള്ളലാഭം കൊയ്യുന്നതായി ആരോപണം. വെനസ്വേലന്‍ എണ്ണയില്‍ ഭൂരിഭാഗവും റിലയന്‍സിനാണ് ലഭിക്കുന്നത്. ഇത് ഇന്ത്യയില്‍വെച്ച് ശുദ്ധീകരിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു.
വെനസ്വേലയില്‍നിന്ന് പ്രതിദിനം ഇന്ത്യയിലെത്തുന്ന മൂന്നുലക്ഷം വീപ്പയില്‍ 90 ശതമാനവും റിലയന്‍സിനാണ്. ഒരു വീപ്പയില്‍ ശരാശരി 1519 ഡോളറിന്റെ കൊള്ളലാഭമുണ്ടാകുന്നുവെന്നാണ് കേന്ദ്ര പെട്രോളിയം വകുപ്പിന്റെ കണക്ക്. ഇതോടെ വര്‍ഷം കുറഞ്ഞത് മൂന്ന് ബില്യണ്‍ ഡോളറായി (25,200 ലക്ഷം കോടി രൂപ) റിലയന്‍സിന്റെ ലാഭം കുതിച്ചുകയറും.
വെനസ്വേലയില്‍ നിന്നും ലഭിക്കുന്ന എണ്ണ രാജ്യത്തെ ഇന്ധനവില കുത്തനെ കുറയാന്‍ ഇടയാക്കുമായിരുന്നു. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും പിടിച്ചുനിര്‍ത്തും. എന്നാല്‍, ഇന്ധനവില താഴ്ത്തി ജനങ്ങള്‍ക്ക് ആശ്വാസം പകരാനായി ഈ അവസരം വിനിയോഗിക്കാതെ സ്വകാര്യ കുത്തകകളുടെ കൊള്ളലാഭത്തിന് കുടപിടിക്കുകയാണ് കേന്ദ്രം.
ഉപരോധം നിലനില്‍ക്കെ വെനസ്വേലയില്‍നിന്ന് അസംസ്‌കൃത എണ്ണ വാങ്ങാന്‍ അമേരിക്ക ജൂലൈയില്‍ റിലയന്‍സിന് അസാധാരണ അനുമതി നല്‍കിയതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലാണെന്ന് പറയുന്നു. സെപ്തംബര്‍ രണ്ടാംവാരം 20 ലക്ഷം വീപ്പ അസംസ്‌കൃത എണ്ണ ഗുജറാത്ത് ജാംനഗറിലെ ശുദ്ധീകരണശാലയില്‍ എത്തിയെന്ന് അന്താരാഷ്ട്ര വ്യാപാരം നിരീക്ഷിക്കുന്ന കെപ്ലര്‍ വെളിപ്പെടുത്തി.
വെനസ്വേലന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് നടത്തിയ ഇന്ത്യ സന്ദര്‍ശനത്തില്‍ റിലയന്‍സ് മേധാവികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. വെനസ്വേലയുമായുള്ള എണ്ണസഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണിത്. നിലവില്‍ ചൈനയ്ക്ക് ശേഷം വെനസ്വേലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യവും ഇന്ത്യയാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ എണ്ണ, വാതക പങ്കാളിത്തം പര്യവേക്ഷണം ചെയ്യുന്നതിനായി വെനസ്വേലയുടെ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ഇന്ത്യന്‍ ഊര്‍ജ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. നിലവില്‍ റഷ്യയില്‍ നിന്നും ഇന്ത്യ കുറഞ്ഞവിലയില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഇവയും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റിയയക്കുകയാണ്. ഇത് രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യം ഇല്ലാതാക്കുന്നു.
.jpg)

