ഊരാളുങ്കല്‍ വിസ്മയമായ കരാര്‍ കമ്പനി, ലാകത്തെ രണ്ടാമത്തെ ഏറ്റവും മികച്ച സഹകരണ സംഘം, ഇതിനെ തകര്‍ക്കുന്നത് കുത്തക മുതലാളിമാര്‍ക്കുവേണ്ടിയോ?
കൊച്ചി: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിക്കുന്നത് അരാജകത്വവും അഴിമതിയും തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
കേരളത്തിലെ മരാമത്ത് മേഖലയില്‍ പണ്ട് നടമാടിക്കൊണ്ടിരുന്ന അരാജകത്വവും അഴിമതിയും തിരിച്ചുകൊണ്ടുവരാനുള്ള നീക്കമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹാലിളക്കം.
കിഫ്ബി പദ്ധതികളില്‍ പ്രതിപക്ഷത്തിനു പോലും ഇന്നേവരെ ഒരു അഴിമതി ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. പുതിയൊരു നിലവാര പ്രമാണം കിഫ്ബിയും ഊരാളുങ്കലുമെല്ലാം ചേര്‍ന്ന് കേരളത്തിലെ പൊതു മരാമത്ത് മേഖലയില്‍ സൃഷ്ടിച്ചു. കേരളത്തിലെ പല പ്രമുഖ കോണ്‍ട്രാക്ടര്‍മാര്‍ക്കും ഇതിനോട് വിരോധവുമില്ല. എന്നാല്‍ അതിനോടു പൊരുത്തപ്പെടാന്‍ കഴിയാത്ത ഒരു സംഘമുണ്ട്. അവരാണ് ഊരാളുങ്കലിനെതിരെ അപഖ്യാതിയുമായി ഇറങ്ങിയിട്ടുള്ളത്. ലീഗുമായി ബന്ധപ്പെട്ട കോണ്‍ട്രാക്ടര്‍ പ്രമാണിമാരുടെ ഒരു വിഭാഗമാണ് ഇത് ഏകോപിപ്പിക്കുന്നതെന്ന ആക്ഷേപമുണ്ട്. ചില മാദ്ധ്യമങ്ങളും ഇവര്‍ക്കൊപ്പമുണ്ട്. ഇപ്പോള്‍ അവരോടൊപ്പം കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്നിരിക്കുകയാണ്.
സത്യം പറഞ്ഞാല്‍, ഇങ്ങനെ അസ്വസ്ഥത ഉണ്ടാകേണ്ട കാര്യമില്ല. കാരണം, കഴിഞ്ഞ ദശാബ്ദമെടുത്താല്‍ ഏതാണ്ട് 1.5 ലക്ഷം കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് കേരളത്തില്‍ ടെണ്ടര്‍ വിളിച്ചിട്ടുള്ളത്. ഇത്രയും പണി ഏറ്റെടുക്കാന്‍ വേണ്ടത്ര കോണ്‍ട്രാക്ടര്‍മാര്‍ കേരളത്തില്‍ ഇല്ലായെന്നതാണ് സര്‍ക്കാര്‍ നേരിട്ട പ്രശ്‌നങ്ങളിലൊന്ന്. പല വന്‍കിട പ്രൊജക്ടുകളും പുറത്തുള്ള കോര്‍പ്പറേറ്റ് കമ്പനികളാണ് ടെണ്ടര്‍ പിടിക്കുക. എന്നിട്ട് അവര്‍ സബ്ബ് കൊടുക്കും. ഊരാളുങ്കലിന് ഈ ഏര്‍പ്പാടില്ല. നേരിട്ടാണ് പദ്ധതി നിര്‍വ്വഹണം. ഇവിടെ നിന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. കോണ്‍ട്രാക്ട് കിട്ടിയാല്‍ പോരാ. പഴയതുപോലെ കൈയിട്ടുവാരാന്‍ അവസരമുണ്ടാകണം.
സിപിഐ(എം) മായി ചേര്‍ത്താണ് ഊരാളുങ്കളിനെ ആക്ഷേപിക്കുന്നത്. ഈ സഹകരണ സംഘത്തിന്റെ ഒരു പ്രത്യേകത പലരും ഓര്‍ക്കാറില്ല. തൊഴിലാളികള്‍ക്കേ അംഗത്വമുള്ളൂ. അംഗങ്ങള്‍ക്കേ ഡയറക്ടര്‍ ബോര്‍ഡില്‍ സ്ഥാനമുള്ളൂ. മറ്റു പല സഹകരണ സംഘങ്ങളിലെന്നപോലെ പുറത്തു നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് സ്ഥാനമില്ല.
ഊരാളുങ്കലിന്റെ വളര്‍ച്ച ഒരു വിസ്മയമാണ്. വിമര്‍ശകര്‍ ഇപ്പോള്‍ പല പതിപ്പുകള്‍ ഇറങ്ങിയിട്ടുള്ള എന്റെ 'Building Alternatives: The Story of India's Oldest Construction Workers' Cooperative' എന്ന പുസ്തകം വായിച്ചു നോക്കുന്നത് നന്നായിരിക്കും. കാലാനുസൃതമായി മാനേജ്‌മെന്റിലും സാങ്കേതികവിദ്യയിലും ധനകാര്യത്തിലും സമൂലമായ നവീകരണം നടത്തിയതിന്റെ ഫലമായിട്ടാണ് ഈ സഹകരണ സംഘം ഇന്നത്തെ നിലയിലേക്ക് വികസിച്ചത്. ഇതിന് കോഴിക്കോട്, ഐഐഎംകെ-യിലെ പ്രൊഫ. സജി ഗോപിനാഥിനെ പോലുള്ള വിദഗ്ദരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡയറക്ടര്‍ ബോര്‍ഡ് സ്വീകരിക്കാന്‍ തയ്യാറായി.
ഇന്ത്യയിലെ കോ-ഓപ്പറേറ്റീവ് കണ്‍സ്ട്രക്ഷന്‍ കമ്പനികളോട് മത്സരിച്ച് ദേശീയപാത ടെണ്ടറില്‍പ്പോലും പങ്കെടുത്ത് വിജയിപ്പിക്കാനുള്ള മികവ് ഊരാളുങ്കല്‍ തെളിയിച്ചിട്ടുണ്ട്. ഊരാളുങ്കലിന് ടെണ്ടര്‍ ഇല്ലാതെ കരാര്‍ കൊടുക്കാനുള്ള അക്രെഡിറ്റഡ് പദവി നല്‍കിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് (G.O.(P) No.339/2015/Fin.). എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ഉത്തരവുകളിലെ അടങ്കലിനെ വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.
ഊരാളുങ്കല്‍ പോലെ ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മ്മാണത്തിനുള്ള അക്രെഡിറ്റഡ് ഏജന്‍സികളായി ഒരു ഡസനിലേറെ അര്‍ദ്ധസര്‍ക്കാര്‍ അല്ലെങ്കില്‍ സഹകരണ സ്ഥാപനങ്ങളുണ്ട്. ഇതിനു നിയതമായ മാനദണ്ഡങ്ങളും നടപടിക്രമങ്ങളുമുണ്ട്.
ഇനി അക്രെഡിറ്റേഷന്‍ കിട്ടുന്നവര്‍ക്ക് അതത് സമയത്ത് ബാധകമായ ഷെഡ്യൂള്‍ ഓഫ് റേറ്റ് അനുസരിച്ച് മാത്രമേ എസ്റ്റിമേറ്റ് തയ്യാറാക്കാനാകൂ. ഇത് പരിശോധിച്ചാണ് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കുക. ഇതില്‍ കിഫ്ബി ടെണ്ടര്‍ ഇല്ലാതെ ഒരു പ്രവൃത്തികളും ആരെയും നേരിട്ട് ഏല്‍പ്പിക്കുകയില്ല. ടെണ്ടര്‍ വിളിക്കുന്നതിനും പ്രവൃത്തി പരിശോധിക്കുന്നതിനുമെല്ലാം അക്രെഡിറ്റഡ് ഏജന്‍സികള്‍ കിഫ്ബിക്കുണ്ട്. ദേശീയപാത പോലെ തന്നെ ടെണ്ടറിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി പ്രൊജക്ടുകള്‍ ഊരാളുങ്കല്‍ ഏറ്റെടുക്കുന്നത്.
എന്നാല്‍ സര്‍ക്കാരില്‍ നിന്ന് ടെണ്ടര്‍ വഴിയും അല്ലാതെയും പ്രവൃത്തികള്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ ഊരാളുങ്കലിന്റെ കൈയില്‍ ഏതാണ്ട് 8000-9000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉണ്ടാകും. അതിന്റെ 65-70 ശതമാനവും ടെണ്ടറിന്റെ അടിസ്ഥാനത്തില്‍ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികളാണ്. ഊരാളുങ്കലിനാണെങ്കില്‍ ചെറുകിട പ്രൊജക്ടുകള്‍ ഏറ്റെടുക്കുന്നതില്‍ താല്പര്യവുമില്ല. എങ്കിലും പ്രവൃത്തികള്‍ അവരെ ഏല്‍പ്പിക്കാന്‍ സമ്മര്‍ദ്ദമാണ്. അത് എനിക്ക് നേരിട്ട് അനുഭവമുള്ളതാണ്. ഭരണകക്ഷി-പ്രതിപക്ഷ ഭേദമില്ലാതെ തങ്ങളുടെ മണ്ഡലത്തിലെ പ്രൊജക്ടുകള്‍ ഊരാളുങ്കലിനെക്കൊണ്ട് ഏറ്റെടുക്കുന്നതിന് നിര്‍ബന്ധിക്കാന്‍ എന്നെ സമീപിക്കാറുണ്ടായിരുന്നു. കിഫ്ബിക്കു പുറത്ത് സര്‍ക്കാരില്‍ നിന്ന് ഏതാണ്ട് 1000-ത്തോളം കോടി രൂപ സൊസൈറ്റിക്ക് ഇപ്പോള്‍ കുടിശികയായും കിട്ടാനുണ്ട്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ശരിപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നടത്തിയിട്ടുള്ള യുഡിഎഫ് നേതാക്കളുടെ ശ്രദ്ധയ്ക്ക്- ഈ സ്ഥാപനത്തിനു ലഭിച്ചിട്ടുള്ള അന്തര്‍ദേശീയ അംഗീകാരങ്ങളുടെ ചെറിയൊരു ലിസ്റ്റ് ചുവടെ കൊടുക്കുന്നു:
??ആഗോള സഹകരണ-സംസ്‌കാര-പൈതൃക സ്ഥാനം (2025). ഇന്ത്യയില്‍ അമുലിന്റെ മ്യൂസിയത്തിനു മാത്രമാണ് ഈ അംഗീകാരമുള്ളത്. (ICA)
??ഏഷ്യാ-പെസഫിക് കോ-ഓപ്പറേറ്റീവ് എക്‌സലന്‍സ് അവാര്‍ഡ് (2023-24). (ICA)
??ലോകത്തെ രണ്ടാമത്തെ ഏറ്റവും മികച്ച സഹകരണ സംഘം (വ്യവസായ / യൂട്ടിലിറ്റീസ് മേഖല). (World Co-operative Monitor)
??മാതൃകാ സഹകരണ സംഘം (UNDP)
??ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സിന്റെ (ICA) സ്ഥിര അംഗത്വം ലഭിച്ചിട്ടുള്ള ഇന്ത്യയിലെ ഏക സഹകരണ സംഘം.
ഇത്തരമൊരു സഹകരണ സ്ഥാപനത്തെയാണ് അഴിമതിയുടെ പ്രഭവകേന്ദ്രമെന്നും ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ശരിപ്പെടുത്തുമെന്നുമെല്ലാം കെ.സി. വേണുഗോപാലിനെപ്പോലുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു നടക്കുന്നത്. വികസന കാര്യങ്ങളില്‍ യുഡിഎഫ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന സമ്പൂര്‍ണ്ണ നിഷേധാത്മക സമീപനത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ഊരാളുങ്കല്‍ സഹകരണ സംഘത്തോടുള്ള സമീപനം.
.jpg)

