യുപിയില്‍ ഇങ്ങനെയാണ് ഭായ്, ഹോളി ആയതിനാല്‍ വെള്ളിയാഴ്ച നമസ്‌കാരത്തിന് മുസ്ലീങ്ങള്‍ പള്ളിയില്‍ പോകേണ്ടെന്ന് മുഖ്യമന്ത്രി, ശരീരം ടാര്‍പോളിന്‍ കൊണ്ട് മൂടണമെന്ന് ബിജെപി നേതാവ്


ആര്‍ക്കെങ്കിലും വെള്ളിയാഴ്ച പ്രാര്‍ത്ഥന വേണമെന്നുണ്ടെങ്കില്‍ അവര്‍ക്ക് അത് അവരുടെ വീട്ടില്‍ തന്നെ ചെയ്യാം. അവര്‍ പള്ളിയില്‍ പോകേണ്ട ആവശ്യമില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
ലക്‌നൗ: ഹോളി ആഘോഷിക്കുന്നതിനാല്‍ ജുമുഅ നമസ്‌കാരത്തിനായി മാര്‍ച്ച് 14 വെള്ളിയാഴ്ച മുസ്ലീങ്ങള്‍ പള്ളിയില്‍ പോകേണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു സര്‍ക്കിള്‍ ഓഫീസറുടെ പരാമര്‍ശത്തെ മുഖ്യമന്ത്രി പിന്തുണയ്ക്കുകയായിരുന്നു.
ആര്‍ക്കെങ്കിലും വെള്ളിയാഴ്ച പ്രാര്‍ത്ഥന വേണമെന്നുണ്ടെങ്കില്‍ അവര്‍ക്ക് അത് അവരുടെ വീട്ടില്‍ തന്നെ ചെയ്യാം. അവര്‍ പള്ളിയില്‍ പോകേണ്ട ആവശ്യമില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
അവര്‍ക്ക് പള്ളിയില്‍ പോകാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ നിറങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ല. പോലീസ് ഉദ്യോഗസ്ഥന്‍ അവരോട് അതുതന്നെയാണ് പറഞ്ഞത്, ആദിത്യനാഥ് വ്യക്തമാക്കി.
വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഒരു ഉത്സവമാണ് ഹോളി, അതേസമയം വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ വര്‍ഷത്തില്‍ 52 തവണ നടക്കുന്നു. ഹോളിയുടെ നിറങ്ങളില്‍ ആര്‍ക്കെങ്കിലും അസ്വസ്ഥത തോന്നുന്നുവെങ്കില്‍, ആ ദിവസം അവര്‍ വീടിനുള്ളില്‍ തന്നെ കഴിയണം. ഉത്സവങ്ങള്‍ ഒരുമിച്ച് ആഘോഷിക്കേണ്ടതിനാല്‍ പുറത്തിറങ്ങുന്നവര്‍ വിശാലമായ മനസ്സോടെ അത് സ്വീകരിക്കേണ്ടിവരുമെന്നാണ് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
സാമുദായിക ഐക്യത്തിന്റെയും ക്രമസമാധാനപാലനത്തിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഹോളി ആഘോഷങ്ങള്‍ സുഗമമായി ഉറപ്പാക്കാന്‍ ഒരു മാസത്തേക്ക് സമാധാന സമിതി യോഗങ്ങള്‍ നടക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു.
വെള്ളിയാഴ്ച നമസ്‌കാരത്തിനായി പുറത്തിറങ്ങുന്ന മുസ്ലീങ്ങള്‍ക്കുനേരെ നിറം തളിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബിജെപി നല്‍കുന്ന സൂചന. അതിനാല്‍ ഇത് ഒഴിവാക്കാന്‍ ടാര്‍പോളിന്‍ കൊണ്ട് മൂടണമെന്ന്ബിജെപി നേതാവ് രഘുരാജ് സിംഗ് നിര്‍ദ്ദേശിച്ചു.

റംസാന്‍ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് ഇത്തവണ ഹോളി ആഘോഷം. സനാതന ധര്‍മ്മത്തിന്റെ അനുയായികള്‍ക്ക്, വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഹോളി ഉത്സവം വരുന്നുള്ളൂ, പള്ളികള്‍ക്ക് സമീപമുള്ള ചില പ്രദേശങ്ങളില്‍ അവര്‍ ഹോളി കളിക്കരുതെന്ന് പ്രതീക്ഷിക്കുന്നത് പ്രായോഗികമായ ഒരു പരിഹാരമല്ലെന്ന് ഉത്തര്‍പ്രദേശ് നിയമസഭയില്‍ സഹമന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു. ഉത്സവത്തിന് മുന്നോടിയായി, ഉത്തര്‍പ്രദേശിലെ പല പള്ളികളും വെള്ളിയാഴ്ച പ്രാര്‍ത്ഥന സമയം മാറ്റിയിട്ടുണ്ട്.