അമേരിക്കയും ബ്രിട്ടനും ഇസ്രായേലില്‍ ഓടിയെത്തിയതെന്തിന്? ആയുധങ്ങള്‍ ഒഴുകുന്നു, കച്ചവടം തകൃതി
ന്യൂഡല്‍ഹി: വലുപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും താരതമ്യേനെ ചെറിയ രാജ്യമായ ഇസ്രായേലിന്റെ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളാണ് അമേരിക്കയും ബ്രിട്ടനും. ഹമാസ് ഇസ്രായേല്‍ യുദ്ധം നടന്നുകൊണ്ടിരിക്കെ അമേരിക്കയുടേയും ബ്രിട്ടന്റേയും രാഷ്ട്രത്തലവന്മാര്‍ ഇസ്രായേലില്‍ ഓടിയെത്തി പിന്തുണ പ്രഖ്യാപിക്കുന്നതും സൈനിക സഹായം നല്‍കുന്നതുമെല്ലാം അമ്പരപ്പിക്കുന്ന കാര്യമാണ്.
tRootC1469263">ഫേസ്ബുക്കിലും, എക്‌സിലും ഉള്‍പ്പെടെ ഇസ്രായേലിന്റെ ഈ സൗഹൃദ രാജ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ച പൊടിപൊടിക്കുന്നുണ്ട്. റഷ്യ യുക്രൈനെ ആക്രമിച്ചപ്പോള്‍ പോലും യുക്രൈന് നേരിട്ടൊരു പിന്തുണ നല്‍കാന്‍ ഈ രാജ്യങ്ങള്‍ തയ്യാറായിട്ടില്ല. യുക്രൈന്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടില്ല. എന്നാല്‍, പലസ്തീനില്‍ ഇസ്രായേല്‍ മനുഷ്യത്വരഹിതമായ ആക്രമണം നടത്തുമ്പോള്‍ ഇവര്‍ പിന്തുണയുമായി അവിടെയെത്തുന്നതിന് പിന്നില്‍ വലിയ താത്പര്യമുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ഇസ്രായേലിനെ അമേരിക്കയും ബ്രിട്ടനുമെല്ലാം ഭയക്കുന്നുണ്ടോ എന്ന സംശയം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. ബുദ്ധിശക്തിയില്‍ ലോകത്തെ മറ്റേതൊരു രാജ്യത്തേയും വെല്ലുന്ന പൗരന്മാരാണ് ഇസ്രായേലികള്‍ എന്നാണ് പറയപ്പെടുന്നത്. ശാസ്ത്ര സാങ്കേതിക രംഗത്തും അത്യാധുനിക സൈനിക ഉപകരണങ്ങളുടെ നിര്‍മാണത്തിലും ഇസ്രായേലിന്റെ കണ്ടുപിടുത്തങ്ങള്‍ അമേരിക്കയും ബ്രിട്ടനും വിലമതിക്കുന്നു.
സൈനികതലത്തിലുള്ള സഹകരണം തന്നെയാണ് അമേരിക്കയും ബ്രിട്ടനും ഇസ്രായേലിനെ വിലമതിക്കാന്‍ പ്രധാന കാരണം. ഇസ്രായേലിന്റെ അതൃപ്തി ക്ഷണിച്ചവരുത്താന്‍ ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നില്ല. എല്ലാ മേഖലയിലും ഈ രാജ്യങ്ങള്‍ ഇസ്രായേലുമായി സഹകരിക്കുന്നുണ്ട്. ഇസ്രായേലിനോടുള്ള ഭയമല്ല മറിച്ച് സൈനിക, സൈനികേതര വാണിജ്യ താത്പര്യം തന്നെയാണ് സൗഹൃദത്തിന്റെ പ്രധാന കാരണം
1948ല്‍ ഇസ്രായേലിനെ സ്വതന്ത്ര്യ രാഷ്ട്രമായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇത് അംഗീകരിച്ച ആദ്യ രാജ്യമാണ് അമേരിക്ക. 75 വര്‍ഷത്തെ പങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുണ്ട്. ഇസ്രായേലികളും അമേരിക്കക്കാരും ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയാല്‍ ഐക്യപ്പെട്ടു. സാമ്പത്തിക അഭിവൃദ്ധി കൂടാതെ പ്രാദേശിക സുരക്ഷയും ഇരു രാജ്യങ്ങള്‍ക്കും പ്രധാനമായിരുന്നു.
2016-ല്‍ സമാപിച്ച 10 വര്‍ഷത്തെ, 38 ബില്യണ്‍ ഡോളറിന്റെ ധാരണാപത്രം ഉള്‍പ്പെടെ ശക്തമായ സഹായമാണ് ഇസ്രായേലിന് അമേരിക്ക നല്‍കിയത്. ധാരണാപത്രത്തിന് അനുസൃതമായി, വിദേശ സൈനിക ധനസഹായവും അധികമായി പ്രതിവര്‍ഷം 3.3 ബില്യണ്‍ ഡോളറും അമേരിക്ക ഇസ്രായേലിന് നല്‍കുന്നു. മിസൈല്‍ പ്രതിരോധ ഫണ്ടില്‍ 500 മില്യണ്‍ ഡോളര്‍, മിസൈല്‍ ഡിഫന്‍സ് ഫണ്ടിംഗ്, ഡേവിഡ് സ്ലിംഗ്, അയണ്‍ ഡോം എന്നിവയുള്‍പ്പെടെ മിസൈല്‍ പ്രതിരോധ പദ്ധതിക്കും നല്‍കുന്നു.
സംയുക്ത സൈനികാഭ്യാസങ്ങള്‍, ഗവേഷണം, ആയുധ വികസനം എന്നിവയുള്‍പ്പെടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിനിമയങ്ങളില്‍ അമേരിക്കയും ഇസ്രായേലും കൈകോര്‍ക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ചാരപ്പോലീസായ ഇസ്രായേലിന്റെ മൊസാദില്‍ നിന്നും അമേരിക്കയ്ക്ക് വിലപ്പെട്ട വിവരങ്ങള്‍ കൈമാറുകയും പതിവാണ്.
അറബ് രാജ്യങ്ങളുമായുള്ള ഇസ്രായേലിന്റെ സൗഹൃദം ഊഷ്മളമാക്കാന്‍ അമേരിക്ക ഇടപെട്ടിട്ടുണ്ട്. 2022 മാര്‍ച്ചില്‍ ബഹ്റൈന്‍, ഈജിപ്ത്, ഇസ്രായേല്‍, മൊറോക്കോ, യുഎഇ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ ഉള്‍ക്കൊള്ളുന്ന വിശാലമായ ഒരു കൂട്ടുകെട്ട് ഉണ്ടാക്കി. ഈ സഖ്യം പ്രദേശത്ത് സമാധാനം, സുരക്ഷ, സാമ്പത്തിക അഭിവൃദ്ധി എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് സഹകരിക്കുന്നു.
ചരക്കുകളിലും സേവനങ്ങളിലും ഏകദേശം 50 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക ഉഭയകക്ഷി വ്യാപാരമുണ്ട് അമേരിക്കയും ഇസ്രായേലും തമ്മില്‍. 1985-ലെ യു.എസ്.-ഇസ്രായേല്‍ സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്.ടി.എ) ഉള്‍പ്പെടെയുള്ള ഒട്ടേറെ ഉടമ്പടികളും കരാറുകളും ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളെ ദൃഢമാക്കുന്നു. 1985-ല്‍ എഫ്ടിഎ ഒപ്പിട്ടതിനുശേഷം, അമേരിക്ക ഇസ്രായേലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറി.
അമേരിക്കയ്ക്ക് സമാനമായ സഹകരണമാണ് ഇസ്രായേലും ബ്രിട്ടനും തമ്മിലുള്ളത്. 1917ലെ ബാല്‍ഫോര്‍ പ്രഖ്യാപനത്തിലൂടെ ബ്രിട്ടന്‍ ആണ് സയണിസ്റ്റ് കോളനിവല്‍ക്കരണ പദ്ധതിയെ സ്‌പോണ്‍സര്‍ ചെയ്തത്. 1920-കള്‍ മുതല്‍ 1940-കള്‍ വരെ പലസ്തീന്‍ ഭരിച്ച ബ്രിട്ടന്‍ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചു. ഇത് ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ രൂപീകരണത്തിനും സഹായകരമായി. ബ്രിട്ടന്റെ ഇടപെടലാണ് പലസ്തീനികളെ പുറത്താക്കി ഇസ്രായേല്‍ രാജ്യത്തിന്റെ പിറവിക്ക് കാരണമായത്.
1948-ല്‍ ഇസ്രായേല്‍ ഔപചാരികമായി സ്ഥാപിതമായതുമുതല്‍, ആ രാഷ്ട്രവുമായുള്ള ബ്രിട്ടന്റെ ബന്ധം ഇപ്പോഴും തുടരുകയാണ്. ഇസ്രായേലിനെ തങ്ങളുടെ തന്ത്രപ്രധാനമായ പല കാര്യങ്ങള്‍ക്കും ബ്രിട്ടന്‍ ഉപയോഗിച്ചിട്ടുണ്ട്. 1956-ല്‍ ബ്രിട്ടനും ഫ്രാന്‍സും പാരീസിലെ പ്രാന്തപ്രദേശമായ സെവ്രെസില്‍ നടന്ന ഒരു രഹസ്യ യോഗത്തില്‍ ഈജിപ്തിനെ ആക്രമിക്കാന്‍ ഒരു പദ്ധതി തയ്യാറാക്കി.
ആ ചര്‍ച്ചകളില്‍ പങ്കെടുത്ത ഇസ്രായേല്‍ സൈനിക മേധാവി മോഷെ ദയാന്‍, പദ്ധതി ബ്രിട്ടീഷ് സംരംഭമായി അവതരിപ്പിച്ചതാണെന്ന് പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഈജിപ്തിലെ ഇസ്രായേല്‍ ആക്രമണത്തെ അന്ന് അമേരിക്ക എതിര്‍ത്തു. അമേരിക്കന്‍ സമ്മര്‍ദത്തിന്‍ കീഴില്‍, പിന്നീട് 1956-ല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടു.
ബ്രിട്ടന്‍ ഇസ്രായേലിന് പിന്നീടും വിലപ്പെട്ട സഹായം നല്‍കി. സയണിസത്തിന്റെ കടുത്ത ആരാധകനായിരുന്ന ഹരോള്‍ഡ് വില്‍സണ്‍ നയിച്ച സര്‍ക്കാര്‍ 1965 നും 1967 നും ഇടയില്‍ നൂറുകണക്കിന് ബ്രിട്ടീഷ് നിര്‍മ്മിത യുദ്ധ ടാങ്കുകള്‍ ഇസ്രായേലിന് കൈമാറി. 1967 ജൂണില്‍, അറബ് പ്രദേശങ്ങളിലെ അധിനിവേശത്തിന് ഇസ്രായേല്‍ ഈ ടാങ്കുകള്‍ ഉപയോഗിച്ചു. പലസ്തീന്‍ സൈനിക അധിനിവേശത്തിന് ബ്രിട്ടന്റെ ആയുധങ്ങളാണ് ഇസ്രായേലിന് തുണയായത്.
ഇസ്രായേലിന്റെ രൂപീകരണത്തിന് കാരണക്കാര്‍ എന്ന രീതിയില്‍ ബ്രിട്ടന്‍ എക്കാലവും ഇസ്രായേലിനെ തങ്ങളുടെ താത്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ബ്രിട്ടന്റെ ഏറ്റവും വലിയ ആയുധ പങ്കാളികളിലൊരാളുമാണ് ബ്രിട്ടന്‍. ഇസ്രായേലിന് ആയുധം നല്‍കുമ്പോള്‍ തന്നെ ബ്രിട്ടന്‍ അറബ് രാജ്യങ്ങള്‍ക്കും ആയുധവില്‍പന നടത്തി.
ഹമാസിനെതിരായ യുദ്ധം നടക്കുമ്പോള്‍ അമേരിക്കയും ബ്രിട്ടനും ഓടിയെത്തിയത് വാണിജ്യതാത്പര്യപ്രകാരണാണ്. യുദ്ധം തുടങ്ങിയതിന് തൊട്ടുപിന്നാലെ അമേരിക്ക ആയുധങ്ങളുമായി കപ്പല്‍ അയച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ടെത്തിയതും സഹസ്രകോടികളുടെ ആയുധക്കച്ചവടത്തിനാണെന്നതില്‍ സംശയമില്ല. ബൈഡന്‍ എത്തിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകും തങ്ങളുടെ വിഹിതം നേടിയെടുക്കാന്‍ ഇസ്രായേലിലെത്തിക്കഴിഞ്ഞു.
.jpg)


