വീണ്ടും യു ടേണ്‍, പിഎം ശ്രീയില്‍ ഒപ്പിടാന്‍ തയ്യാര്‍, തിരഞ്ഞെടുപ്പിനിടെ പറഞ്ഞതെല്ലാം വിഴുങ്ങി യുഡിഎഫ്, സംഘപരിവാറിന് കീഴടങ്ങി ലീഗും, നടപ്പാക്കില്ലെന്ന വാഗ്ദാനം അറബിക്കടലില്‍

PM Sri UDF

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ്, പ്രത്യേകിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതാക്കള്‍, പിഎം ശ്രീയെ ശക്തമായി എതിര്‍ത്തിരുന്നു. ധാരണാപത്രം അറബിക്കടലില്‍ എറിയും എന്ന മുദ്രാവാക്യം ഉയര്‍ത്തിയത് ലീഗ് നേതാവ് കെ. ഷാജി ഉള്‍പ്പെടെയുള്ളവരായിരുന്നു.

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിന് കീഴടങ്ങി യുഡിഎഫ്. തിരഞ്ഞെടുപ്പുകാലത്ത് ഇടതുപക്ഷ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയ ശേഷമാണ് അതേ പദ്ധതി അതേ രീതിയില്‍ നടപ്പാക്കാന്‍ യുഡിഎഫ് തീരുമാനിച്ചു.

14,500-ത്തിലധികം സ്‌കൂളുകളെ മോഡല്‍ സ്ഥാപനങ്ങളാക്കി ഉയര്‍ത്തുകയാണ് ഈ കേന്ദ്ര പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍, സംഘപരിവാര്‍ അനുകൂല സിലബസ് പഠിപ്പിക്കേണ്ടിവരുമെന്ന കാരണത്താലാണ് പ്രതിപക്ഷം അന്ന് പ്രതിഷേധിച്ചത്. അന്നു പറഞ്ഞതെല്ലാം വിഴുങ്ങി അതേ പദ്ധതി നടപ്പാക്കാനാണ് യുഡിഎഫ് നീക്കം.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ്, പ്രത്യേകിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതാക്കള്‍, പിഎം ശ്രീയെ ശക്തമായി എതിര്‍ത്തിരുന്നു. ധാരണാപത്രം അറബിക്കടലില്‍ എറിയും എന്ന മുദ്രാവാക്യം ഉയര്‍ത്തിയത് ലീഗ് നേതാവ് കെ. ഷാജി ഉള്‍പ്പെടെയുള്ളവരായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രം സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണെന്നും, ദേശീയ വിദ്യാഭ്യാസ നയം കേരളത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണത്തെ തകര്‍ക്കുമെന്നും അവര്‍ വാദിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇത് എല്‍ഡിഎഫിനെതിരായ പ്രധാന ആയുധമായി ഉപയോഗിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍ 2025 ഒക്ടോബര്‍ 16-ന് ധാരണാപത്രം ഒപ്പിട്ടിരുന്നു. എന്നാല്‍ സിപിഐയുടെ എതിര്‍പ്പ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അത് മരവിപ്പിക്കുകയായിരുന്നു. ആ പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ സാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിക്കഴിഞ്ഞു.

യുഡിഎഫ് അധികാരത്തില്‍ വന്നതോടെ രംഗം മാറി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പദ്ധതി തുടരാനുള്ള നിലപാട് സ്വീകരിച്ചു. കാബിനറ്റ് ഉപസമിതി രൂപീകരിച്ച് പഠനം നടത്തുമെന്നും, പാഠ്യപദ്ധതിയിലും സ്‌കൂള്‍ തിരഞ്ഞെടുപ്പിലും സംസ്ഥാനത്തിന്റെ നിയന്ത്രണം നിലനിര്‍ത്തുമെന്നും ഉറപ്പുനല്‍കി. കഴിഞ്ഞദിവസം നടന്ന യുഡിഎഫ് യോഗം പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചത്.

ഫണ്ടിനു വേണ്ടി എത്തിക്സ് മാറ്റിവെക്കുന്ന രാഷ്ട്രീയ കാപട്യമാണ് യുഡിഎഫിന്റേത് എന്നാണ് വിമര്‍ശനം. ലീഗ് നേതൃത്വത്തിലുള്ള വിദ്യാഭ്യാസ വകുപ്പാണ് ഇത് നടപ്പാക്കുന്നത് എന്നത് കൂടുതല്‍ വിവാദമാക്കുന്നു. സംഘപരിവാറിന് കീഴടങ്ങി എന്ന ആരോപണം എല്‍ഡിഎഫ് ശക്തമായി ഉയര്‍ത്തിക്കഴിഞ്ഞു.

ഇത് കേരള രാഷ്ട്രീയത്തിന്റെ ഒരു ക്ലാസിക് ഉദാഹരണമാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ തത്വങ്ങള്‍ ഉയര്‍ത്തുകയും, അധികാരത്തില്‍ വരുമ്പോള്‍ പ്രായോഗികതയും ഫണ്ടും മുന്‍നിരയിലെത്തുകയും ചെയ്യുന്നു.
 

Tags