കോൺഗ്രസിന് തിരിച്ചടി; യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജിവെച്ചു; ഇതോടെ പുറത്തുവന്നത് കോട്ടയത്തെ സ്ഥാനാർഥി നിര്ണയവുമായി ബന്ധപ്പെട്ട് പാർട്ടിയിലുണ്ടായ ഭിന്നിപ്പ്


കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടി. കേരള കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായ സജി മഞ്ഞകടമ്പിൽ മുഴുവൻ പദവികളും രാജിവെച്ചതോടെ കോട്ടയത്തെ സ്ഥാനാർഥി നിര്ണയവുമായി ബന്ധപ്പെട്ട് പാർട്ടിയിലുണ്ടായ ഭിന്നിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജില്ലയിൽ മുന്നണിയുടെ ഒന്നാമൻ തന്നെ രാജിവെച്ചതോടെ പാർട്ടിയിലെയും യുഡിഎഫിലെയും ഭിന്നത പൊട്ടിത്തെറിയായി മാറിയിരിക്കുകയാണ്. കോട്ടയത്തെ യുഡിഎഫ് നേതൃത്വത്തിനുള്ളിലുണ്ടായ ഈ പൊട്ടിത്തെറി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനെ ഒന്നാകെ പിടിച്ചുലച്ചിട്ടുണ്ട്.
tRootC1469263">കോട്ടയത്ത് സ്ഥാനാർത്ഥിയാവാൻ ആഗ്രഹിച്ചയാളാണ് സജി മഞ്ഞക്കടമ്പിൽ. അദ്ദേഹം പരസ്യമായി ഇക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്. പിന്നീട് പി ജെ ജോസഫ് ഇടപെട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കാമെന്ന് പറഞ്ഞ് അനുനയിപ്പിക്കുകയായിരുന്നു. എന്നാൽ സജിയെ വെട്ടി ഇവിടേക്ക് ഇടുക്കിയിൽ നിന്ന് ഫ്രാൻസിസ് ജോർജിനെ കൊണ്ടുവന്നത് മോൻസ് ജോസഫിന്റെ പരിശ്രമത്തിലാണെന്നാണ് സജിയുടെ അവകാശവാദം.

മോൻസ് ജോസഫ് ഉള്ള പാർട്ടിയിലോ മുന്നണിയിലോ ഇനി താനില്ലെന്നും യുഡിഎഫുമായി തനിക്ക് ഇനി യാതൊരു ബന്ധുവുമില്ലെന്നും വ്യക്തമാക്കിയാണ് സജി മഞ്ഞക്കടമ്പന്റെ പടിയിറക്കം. 12 വർഷത്തിനിടെ നാല് തവണ മുന്നണിയും നാല് തവണ പാർട്ടിയും മാറിയതിലൂടെ കേരളത്തിലെ ഏറ്റവും വലിയ കാലുമാറ്റക്കാരനായ ഫ്രാൻസീസ് ജോർജിനെ ഇടുക്കിയിൽ നിന്ന് കോട്ടയത്തേക്ക് ഇറക്കുമതി ചെയ്തത് ജില്ലയിലെ പാർട്ടി നേതൃത്വത്തെ ഇല്ലായ്മ ചെയ്യാനാണെന്നാണ് സജി മഞ്ഞക്കടമ്പലിനെ അനുകൂലിക്കുന്നവരുടെ ആരോപണം.
കോട്ടയത്ത് കോൺഗ്രസിന്റെ നാമമാത്ര സാന്നിധ്യത്തെ പൊതുജനമധ്യത്തിൽ സജീവ സാന്നിധ്യമാക്കി മാറ്റിയ പ്രവർത്തന ശൈലിയായിരുന്നു സജി മഞ്ഞക്കടമ്പലിന്റേത്. കേരളാ കോൺഗ്രസ് എമ്മിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് പൂഞ്ഞാർ, ഏറ്റുമാനൂർ, സീറ്റുകളിൽ ഒന്ന് നൽകാം എന്ന് പറഞ്ഞ് കെഎം മാണിയുടെ മരണ ശേഷം സജിയെ പിജെ ജോസഫും മോൻസ് ജോസഫും ചേർന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെത്തിച്ചത്.
എന്നാൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സജിയെ പാർട്ടി പരിഗണിച്ചില്ല. പകരം കോട്ടയം പാർലമെന്റിലേക്ക് പരിഗണിക്കാം എന്നായിരുന്നു ഓഫർ. എന്നാൽ വീണ്ടും പാർട്ടി തള്ളിക്കളഞ്ഞു. ഇതുകൂടാതെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് ഒഴിവാക്കി. ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുടെ പത്രിക സമര്‍പ്പണത്തില്‍ നിന്ന് ഒഴിവാക്കിയെന്നും സജി ആരോപിക്കുന്നു. നിർത്തി അപമാനിക്കുന്നത് തുടരുന്നതിനിടെയാണ് സജി രാജി സമർപ്പിച്ചത്.
അതേസമയം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നേതാക്കളുമായി കഴിഞ്ഞ ദിവസം സജി ചര്‍ച്ച നടത്തിയെന്നും വിവരമുണ്ട്. ഈ സാഹചര്യത്തില്‍ തന്റെ പഴയ തട്ടകത്തിലേക്ക് തന്നെ സജി മടങ്ങാനാണ് സാധ്യത.