ശൈലജ ടീച്ചര്‍ക്കെതിരെ കേട്ടാലറയ്ക്കുന്ന തെറികളുമായി ഷാഫി അനുകൂലികള്‍, മിണ്ടാതെ കെകെ രമ, വാര്‍ത്ത മുക്കി മാധ്യമങ്ങള്‍

kk shailaja
kk shailaja

 

കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി കെകെ ശൈലജ ടീച്ചര്‍ക്കെതിരെ സൈബറാക്രമണം തുടരുന്നു. വടകരയില്‍ സ്ഥാനാര്‍ത്ഥിയായതു മുതല്‍ യുഡിഎഫ് അനുകൂലികളായ പ്രൊഫൈലുകള്‍ ശൈലജ ടീച്ചര്‍ക്കെതിരെ തെറിയഭിഷേകവുമായി രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തിനില്‍ക്കെ ഷാഫി പറമ്പിലിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ്, മുസ്ലീം ലീഗ് അണികള്‍ എല്ലാ അതിരുകളും ലംഘിച്ച് യാതൊരു മറയുമില്ലാതെ കേട്ടാലറയ്ക്കുന്ന തെറിവിളികളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തുന്നത്.

tRootC1469263">

സൈബറാക്രമണത്തിനെതിരെ പരാതിപ്പെട്ടിട്ടും കാര്യമായ നടപടിയുണ്ടായിട്ടില്ല. നവമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യക്തിഹത്യയും വ്യാജ പ്രചാരണങ്ങളും തുടരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും വരണാധികാരിക്കും പരാതി നല്‍കാനാണ് ശൈലജ ടീച്ചറുടെ തീരുമാനം. വടകരയില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ എന്ന രീതിയില്‍ ചാനല്‍ സര്‍വേ ഫലങ്ങള്‍ വന്നതോടെയാണ് തെറിയും വ്യാജപ്രചരണവും കൂടുതല്‍ രൂക്ഷമായതെന്നാണ് റിപ്പോര്‍ട്ട്.

അശ്ലീല വീഡിയോകളും മറ്റും കുടുംബ പേജുകളില്‍ പ്രചരിപ്പിക്കുകയാണ്. യുഡിഎഫ് നേതൃത്വവും സ്ഥാനാര്‍ത്ഥിയും അറഞ്ഞുകൊണ്ടുമാണ് ഇത്തരം പ്രചരണം നടക്കുന്നതെന്ന് ശൈലജ ടീച്ചര്‍ പറയുന്നു. അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നു. എ പി അബൂബക്കര്‍ മുസ്ലിയാരുടെ ലെറ്റര്‍പാഡ് വ്യാജമായി നിര്‍മിച്ചുപോലും തെറ്റായ പ്രചാരണം നടത്തി. ഇതിനെതിരെ നിയമ നടപടിയെടുക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയും അവരുടെ സൈബര്‍ വിങ്ങുമാണ് വ്യാജപ്രചരണം നടത്തുന്നതെന്നും അവര്‍ ആരോപിച്ചു.

ചില മാധ്യമങ്ങളിലെ വാര്‍ത്തയെന്ന പേരിലും വ്യാപകമായ വ്യാജ പ്രചരണമാണ് നടത്തുന്നത്. പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് വരുത്താന്‍ വ്യാജ ചിത്രം തയ്യാറാക്കി പ്രചരിപ്പിച്ചു. കൊട്ടിയത്തുള്ള നൗഫലിന്റെ പടം പ്രതിയുടേതെന്ന് പറഞ്ഞ് പ്രചരിപ്പിച്ചു. സെമിനാറിലെ പ്രസംഗത്തില്‍ വ്യക്തമായി പറഞ്ഞ കാര്യങ്ങളിലെ ചില ഭാഗങ്ങള്‍ മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു.

ഈ രീതിയില്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാനായി ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് യുഡിഎഫ് നേതൃത്വം പ്രവര്‍ത്തിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തലിലാണ് ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂക്കാന്‍ പിടിക്കുന്നത്. നേരത്തെ സിപിഎം വനിതാ നേതാക്കളേയും കുടുംബാംഗങ്ങളേയും അശ്ലീല ചിത്രങ്ങളിലൂടെ അപമാനിച്ച കോട്ടയം കുഞ്ഞച്ചന്‍ എന്ന പേരിലുള്ള വ്യാജ പ്രൊഫൈല്‍ ഉടമ അബിന്‍ കൊടങ്കര ഉള്‍പ്പെടെയുള്ളവരും രാഹുലിനൊപ്പമുള്ളതാണ് റിപ്പോര്‍ട്ട്.

അങ്ങേയറ്റം നീചവും നിന്ദ്യവുമായ വ്യാജപ്രചരണങ്ങളും അശ്ലീല പരാമര്‍ശങ്ങളുമാണ് ടീച്ചര്‍ക്കെതിരെ നടത്തുന്നതെന്ന് സിപിഎം നേതാവും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥയുമായ തോമസ് ഐസക് ചൂണ്ടിക്കാട്ടി. മര്യാദയുടെ സകല സീമകളും ലംഘിച്ചു കൊണ്ടുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇങ്ങനെയൊക്കെ ചെയ്തുകൊണ്ട് ടീച്ചറെയോ ഇടതുപക്ഷത്തെയോ തളര്‍ത്താം എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. പരാജയഭീതിയില്‍ നിന്ന് ഉടലെടുക്കുന്ന വിഭ്രാന്തിയാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇപ്പോഴത്തെ സൈബര്‍ ആക്രമണത്തില്‍ മണ്ഡലത്തിലെ എംഎല്‍എയും വനിതാ നേതാവുമായ കെകെ രമ ഒരക്ഷരവും പ്രതികരിച്ചിട്ടില്ല. വനിതാ നേതാവിനെതിരെ ക്രൂരമായ തെറിയഭിഷേകവും അശ്ലീല വീഡിയോകളും പ്രചരിച്ചിട്ടും രമ പ്രതികരിക്കാത്തത് അത്ഭുതകരമാണെന്ന് സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നു. യുഡിഎഫ് നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ പോലും വലിയ വാര്‍ത്താ പ്രാധാന്യം നല്‍കുന്ന ദൃശ്യമാധ്യമങ്ങളും ഇപ്പോഴത്തെ സൈബര്‍ ആക്രമണത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സിപിഎം ആരോപിച്ചു.

 

Tags