പോലീസെന്നാല്‍ സുമ്മാവാ, ഒറ്റ നോട്ടത്തില്‍ കൊടും ക്രിമിനലുകളെ തിരിച്ചറിഞ്ഞ ഉമേഷും നാസറുമാണ് ഹീറോകള്‍

google news
Police

തിരുവനന്തപുരം: കോഴഞ്ചേരി തെക്കേമലയില്‍നിന്ന് ആറന്മുള പൊലീസ് കഴിഞ്ഞദിവസം കൊടും ക്രിമിനലുകളെ പിടികൂടിയത് രണ്ട് പോലീസുകാരുടെ സമയോചിതമായ ഇടപെടലിലൂടെ. ആറന്മുള സ്റ്റേഷനിലെ പോലീസുകാരായ ഉമേഷ് ടി നായരും നാസര്‍ ഇസ്മായിലുമാണ് അസ്വാഭാവിക ശരീരപ്രകൃതിയും ശരീരഭാഷയുമുള്ള രണ്ട് ലോട്ടറി കച്ചവടക്കാരെ തന്ത്രപൂര്‍വം കുടുക്കിയത്.

അഞ്ചു കൊലപാതകങ്ങളുള്‍പ്പെടെ തമിഴ്‌നാട്ടില്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ തമിഴ്‌നാട് തിരുനെല്‍വേലി പള്ളികോട്ടൈ നോര്‍ത്ത് സ്ട്രീറ്റില്‍ മാടസ്വാമ, സഹോദരന്‍ സുഭാഷ് എന്നിവര്‍ ആറുമാസമായി ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നു. അറസ്റ്റിലായ ഇരുവരേയും തമിഴ്‌നാട് പോലീസ് കൊണ്ടുപോയി. മാടസ്വാമിയുടെ പേരില്‍ മൂന്നും സുഭാഷിന്റെ പേരില്‍ രണ്ടു കൊലപാതക കേസുകളുണ്ട്.

ഒരു മഹസര്‍ തയ്യാറാക്കാന്‍ പോയി മടങ്ങുന്ന വഴിക്കാണ് ഉമേഷ് ടി നായരും നാസര്‍ ഇസ്മായിലും ലോട്ടറി കച്ചവടക്കാരെ ശ്രദ്ധിച്ചത്. ഒരുപാട് കുറ്റവാളികളെ തേടിപ്പോയ പരിചയസമ്പന്നത കൊണ്ട് ഉമേഷാണ് ഇവര്‍ ക്രിമിനല്‍സാണെന്ന് തോന്നുന്നു എന്ന് ആദ്യം പറഞ്ഞത്. നാസറും അത് ശരിവെച്ചു. കോമണ്‍ ചോദ്യങ്ങള്‍ക്ക് രണ്ട് പേരും പരസ്പരവിരുദ്ധമായ മറുപടി കൊടുത്തതോടെ സംശയം കൂടി. ഇതോടെ പോലീസുകാര്‍ രണ്ടാളും കൂടി ഇരുവരെയും അനുനയിപ്പിച്ച് വണ്ടിയില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.

എസ് എസ് ഏച്ച് മനോജ് ചോദ്യം ചെയ്ത ശേഷം ഇവരുടെ പേരില്‍ കേസുകള്‍ ഉണ്ടോ എന്ന് നോക്കാനേല്‍പ്പിച്ചു. കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 19 കേസുകളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. രാത്രി തന്നെ തമിഴ്‌നാട് പോലീസെത്തി പ്രതികളെ തിരുനെല്‍വേലിക്ക് കൊണ്ടു പോവുകയും ചെയ്തു. പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാര്‍, ആറന്മുള ഇന്‍സ്‌പെക്ടര്‍ സി.കെ.മനോജ്, എസ്.ഐ.ജയന്‍, ജോണ്‍സണ്‍, ഹരികൃഷ്ണന്‍, രമ്യത്ത്, സുനില്‍, വിനോദ് എന്നിവരടങ്ങിയ സംഘമാണു ചോദ്യം ചെയ്തത്.

മേഖലയില്‍ കുറ്റവാളികള്‍ക്ക് ഒളിച്ചുതാമസിക്കാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് തമിഴ്‌നാട് സ്വദേശികളുടെ അറസ്റ്റ്. വര്‍ഷങ്ങളായി വിദേശത്തുള്ള വീട്ടുടമസ്ഥര്‍ പലയിടത്തും പരിശോധന നടത്താറില്ല. ഇത്തരത്തില്‍ കോഴഞ്ചേരിയിലും സമീപപഞ്ചായത്തുകളിലെ പല വീടുകളിലും ഇതരസംസ്ഥാനത്തൊഴിലാളികള്‍ കൂട്ടമായി താമസിച്ചുവരിയാണ്.

മാടസ്വാമിയും സുഭാഷും 6 മാസമായി തെക്കേമലയിലെത്തിയിട്ട്. മാതാപിതാക്കളോടൊപ്പം താമസിച്ചു കോഴഞ്ചേരിയിലും തെക്കേമലയിലും ലോട്ടറി വില്‍പന നടത്തുകയായിരുന്നു. ഈ കാലയളവില്‍ ഏതെങ്കിലും കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണം നടത്തുന്നുണ്ട്.

പൊലീസ് വാനിലാണ് ഇവരെ ആറന്മുളയില്‍നിന്നു തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോയത്. ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം ശക്തമാക്കാനാണ് പൊലീസ് തീരുമാനം. വാടകയ്ക്ക് താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ വിവരങ്ങള്‍ സ്റ്റേഷനില്‍ അറിയിക്കാത്ത ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Tags