തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം കോണ്‍ഗ്രസ് വിട്ടത് 9 മുന്‍നിര നേതാക്കള്‍, പാലക്കാട് ഷാഫി ഷോയെന്ന് വിമര്‍ശനം

Sarin Shafi Parambil
Sarin Shafi Parambil

പാലക്കാട് കോണ്‍ഗ്രസിലെ യുവ നേതാക്കളില്‍ മുന്‍നിരയിലുണ്ടായിരുന്ന പി സരിന്‍ പാര്‍ട്ടി വിട്ട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായതിന് ശേഷം പല നേതാക്കളും ആ പാത പിന്തുടര്‍ന്നു.

 

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പാലക്കാട് കോണ്‍ഗ്രസിലെ തമ്മിലടിയില്‍ പുറത്തേക്ക് പോയത് 9 നേതാക്കള്‍. ഏറ്റവുമൊടുവില്‍ പാര്‍ട്ടി വിട്ടത് മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും ഷൊര്‍ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ ഒ പി കൃഷ്ണകുമാരിയാണ്. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച അവര്‍ സിപിഎമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.

പാലക്കാട് കോണ്‍ഗ്രസിലെ യുവ നേതാക്കളില്‍ മുന്‍നിരയിലുണ്ടായിരുന്ന പി സരിന്‍ പാര്‍ട്ടി വിട്ട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായതിന് ശേഷം പല നേതാക്കളും ആ പാത പിന്തുടര്‍ന്നു. ജില്ലയ്ക്ക് പുറത്തുനിന്നുള്ളയാളെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയതും ഷാഫി പറമ്പിലിന്റെ അമിതമായ ഇടപെടലിലും മടുത്താണ് മിക്ക നേതാക്കളും കോണ്‍ഗ്രസുമായി അകന്നത്. പാലക്കാട് ഡിസിസി നേതൃത്വം തന്നെ ഷാഫിയുടെ നിയന്ത്രണത്തിലാണെന്നാണ് ഇവരുടെ ആരോപണം.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വെള്ളിനേഴി പഞ്ചായത്തില്‍ കോണ്‍ഗ്രസ് സീറ്റ് ബിജെപി അനുഭാവിക്കുനല്‍കിയത് ഉള്‍പ്പെടെ കോണ്‍ഗ്രസ് വിടാന്‍ പല കാരണങ്ങളും കൃഷ്ണകുമാരി പറയുന്നുണ്ട്.

പി സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബും പാര്‍ട്ടി വിട്ടിരുന്നു. കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് മുന്‍ സെക്രട്ടറിയും അലനല്ലൂര്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റുമായ പി നസീഫ് പാലക്കഴിയും നേരത്തെ കോണ്‍ഗ്രസ് അംഗത്വം ഉപേക്ഷിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഹക്കീമാണ് കോണ്‍ഗ്രസ് വിട്ട മറ്റൊരു നേതാവ്.

 

Tags