മാരക ബോംബ് ആണെന്നും വന്‍മരങ്ങള്‍ കട പുഴകി വീഴുമെന്നും ചിന്തിക്കുന്ന നിഷ്‌കളങ്ക സമൂഹത്തോടാണ്, ഈ വെടിയും പുകയുമല്ലാതെ ഇതിലപ്പുറം ഒന്നും സംഭവിക്കില്ലെന്ന് പ്രമുഖ അഭിഭാഷക
കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വമ്പന്മാരായ സിനിമാ പ്രവര്‍ത്തകര്‍ക്കുനേരെ ഉയര്‍ന്നുവന്ന ലൈംഗിക ആരോപണക്കേസുകളില്‍ പ്രതികരണവുമായി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയായ വിമല ബിനു.
പരാതികള്‍ ഉന്നയിക്കുന്നതില്‍ നേരിട്ട കാലതാമസം, തെളിവുകളും സാഹചര്യങ്ങളും മാറുന്നതിനും, ഒരു പക്ഷെ സാഹചര്യത്തെളിവുകള്‍ പോലും ലഭ്യമല്ലാത്ത അവസ്ഥയും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പരാതികള്‍ ഉന്നയിക്കുന്നതില്‍ വന്ന കാലതാമസം കൃത്യമായി ആയി വിശദീകരിക്കുവാന്‍ പരാതിക്കാര്‍ക്ക് കഴിയണം എന്നുള്ളതാണ് പ്രാഥമികമായ കാര്യം.
അന്ന് അത്തരമൊരു പരാതി ഉന്നയിക്കാന്‍ കഴിയുന്ന സാഹചര്യം അല്ലായിരുന്നു എന്നതും ഭയം മൂലവും പ്രതി സ്വാധീനവും ശക്തിയും ഉള്ളയാളാണെന്നതും പരാതിക്കാരെ പിന്തിരിപ്പിച്ചിരിക്കാം.
പിന്നെ വേണ്ടത് ഇരയുടെ ശക്തമായ നിലനില്‍ക്കുന്ന മൊഴിയാണ്. വൈരുദ്ധ്യം ഇല്ലാത്ത ഇരയുടെ മൊഴിക്ക് ഒരു പരിധിവരെയും നിയമവ്യവസ്ഥയെ വിശ്വാസത്തില്‍ എടുക്കുന്നതിന് കഴിയും.
ഇങ്ങനെയൊക്കെ പരാതികള്‍ ഉന്നയിക്കപ്പെട്ടാലും അന്വേഷണ ഉദ്യോഗസ്ഥര്‍ അത് വേണ്ടരീതിയില്‍ അന്വേഷിച്ചു കോടതിയില്‍ തെളിവുകളോടെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാലും നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതി സ്ത്രീകള്‍ക്കായി തുറന്നിട്ട വാതിലുകള്‍ അല്ല എന്ന് മുന്‍ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.
പക്ഷെ ഈ ബഹളങ്ങളും മുറവിളികളും ഒരുപാട് മാറ്റങ്ങള്‍ക്കുള്ള കാറ്റാണ്. ഇനി ഒരുപക്ഷെ കതകില്‍ മുട്ടാന്‍ മടിക്കുന്ന ഒരു സമൂഹത്തെയും തുറന്നു പറയാന്‍ മടിയില്ലാത്ത ഒരു പെണ്‍ കൂട്ടത്തെയും ഇതു സൃഷ്ടിക്കും. തൊഴിലിടങ്ങള്‍ ഭയം ജനിപ്പിക്കാതിരിക്കട്ടെ. സ്വാതന്ത്ര്യബോധത്തോടെ ചിന്തിക്കാന്‍, പറക്കാന്‍, സ്ത്രീ സമൂഹത്തിനു കഴിയട്ടെ.
Adv vimala Binu