വെള്ളാപ്പള്ളിക്ക് ഓര്‍മയുണ്ടോ, മകന്‍ തുഷാര്‍ ഗള്‍ഫിലെ ജയിലിലായപ്പോള്‍ രക്ഷിക്കാന്‍ ഇടപെട്ടത് യൂസഫലിയാണ്, മുസ്ലീമിനെതിരെ വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കരുത്

ma yusuff ali thushar vellappally
ma yusuff ali thushar vellappally

മുസ്ലിം സമുദായത്തിനെതിരെ വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുമ്പ്, സ്വന്തം കുടുംബത്തിന്റെ രക്ഷയ്ക്കായി എത്തിയ മാനുഷിക ഇടപെടലിന്റെ പ്രാധാന്യം വെള്ളാപ്പള്ളി ഓര്‍ക്കേണ്ടതാണ്.

കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ വര്‍ഗീയ പരാമര്‍ശങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍, അദ്ദേഹത്തിന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ഗള്‍ഫ് ജയിലില്‍ നിന്ന് രക്ഷിച്ചത് പ്രമുഖ വ്യവസായിയായ എം.എ. യൂസഫലി ആണെന്ന വസ്തുത ഓര്‍മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. മുസ്ലിം സമുദായത്തിനെതിരെ വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുമ്പ്, സ്വന്തം കുടുംബത്തിന്റെ രക്ഷയ്ക്കായി എത്തിയ മാനുഷിക ഇടപെടലിന്റെ പ്രാധാന്യം വെള്ളാപ്പള്ളി ഓര്‍ക്കേണ്ടതാണ്.

tRootC1469263">

അടുത്തിടെ തുടര്‍ച്ചയായി മുസ്ലീം വിദ്വേഷ പരാമര്‍ശമാണ് വെള്ളാപ്പള്ളി നടത്തുന്നത്. മലപ്പുറം ജില്ലയെ 'വേറൊരു രാജ്യം' എന്ന് വിശേഷിപ്പിച്ചതും, മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. കഴിഞ്ഞദിവസം വീണ്ടും തന്റെ മുസ്ലീം വിരുദ്ധത വെള്ളാപ്പള്ളി ആവര്‍ത്തിക്കുകയാണ് ചെയ്തത്.

2015-ല്‍ കോഴിക്കോട് മാന്‍ഹോള്‍ അപകടത്തില്‍ മരിച്ച നൗഷാദിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതിനെ വര്‍ഗീയവല്‍ക്കരിച്ച് വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. നൗഷാദ് മുസ്ലിമായതിനാല്‍ മാത്രമാണ് സഹായം ലഭിച്ചതെന്ന വാദം ഉയര്‍ത്തിയതിന് അദ്ദേഹത്തിനെതിരെ ഐ.പി.സി 153 എ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു.

വെള്ളാപ്പള്ളി നടേശന്റെ മകനും ബി.ഡി.ജെ.എസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി, ദുബായില്‍ ഒരു സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് ജയിലില്‍ അകപ്പെട്ടിരുന്നു. ഈ സമയത്ത്, പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയാണ് തുഷാറിന്റെ മോചനത്തിനായി നിര്‍ണായകമായ ഇടപെടല്‍ നടത്തിയത്.

ഈ മാനുഷിക ഇടപെടല്‍, മതത്തിനോ ജാതിക്കോ അതീതമായി, ഒരു മലയാളിയെ മറ്റൊരു മലയാളി സഹായിച്ചതിന്റെ ഉദാഹരണമാണ്. എന്നാല്‍, വെള്ളാപ്പള്ളിയുടെ തുടര്‍ച്ചയായ വര്‍ഗീയ പരാമര്‍ശങ്ങള്‍ ഈ സൗഹാര്‍ദത്തിന് വിരുദ്ധമായ നിലപാടാണ് പ്രകടിപ്പിക്കുന്നത്. മുസ്ലിം സമുദായത്തിനെതിരായ പ്രസ്താവനകള്‍ വെള്ളാപ്പള്ളി ആവര്‍ത്തിച്ചതിന് പിന്നാലെ ഈ സംഭവം വീണ്ടും ചര്‍ച്ചയാവുകയാണ്.

എസ്.എന്‍.ഡി.പി യോഗം, ശ്രീനാരായണ ഗുരുവിന്റെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ ഈ തത്വങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ ഗുരുനിന്ദയും, മനുഷ്യത്വത്തിന് പ്രാധാന്യം നല്‍കിയ ഗുരുവിന്റെ ആദര്‍ശങ്ങളെ അവഹേളിക്കുന്നതുമാണ്.

കേരളത്തിന്റെ സൗഹാര്‍ദ അന്തരീക്ഷം നിലനിര്‍ത്താന്‍, ശ്രീനാരായണ ഗുരുവിന്റെ സന്ദേശമായ ഐക്യവും സമത്വവും ഉയര്‍ത്തിപ്പിടിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്.
 

Tags