തൃശൂര്‍ പൂരം, കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ സംഘപരിവാറുകാരുടെ വിളയാട്ടം, തെറിവിളിയും വര്‍ഗീയ പ്രചരണവും

thrissur pooram

തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പില്‍ പോലീസിനുണ്ടായ വീഴ്ചയില്‍ രാഷ്ട്രീയ മുതലെടുപ്പുമായി സംഘപരിവാര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ തൃശൂര്‍ പൂരം നടത്തിപ്പിലെ പോലീസിന്റെ പരാജയം മുതലെടുക്കാനാണ് ബിജെപി അണികള്‍ കൂട്ടത്തോടെ പോലീസിന്റെ ഫേസ്ബുക്ക് പേജിലെത്തി തെറിവിളി ആരംഭിച്ചത്. വര്‍ഗീയ ചുവയുളള കമന്റുകളും പേജില്‍ നിറഞ്ഞിരിക്കുകയാണ്.

തൃശൂര്‍ പൂരത്തിന്റെ സുരക്ഷാ ചുമതലയ്ക്കായി പോലീസ് സജ്ജമായെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് പൂരം പ്രേമികളെന്ന് അവകാശപ്പെടുന്നവര്‍ കൂട്ടത്തോടെയെത്തിയത്. ഇവരില്‍ ഭൂരിഭാഗവും കടുത്ത ബിജെപി അനുകൂലികളാണ്. തൃശൂരിലെ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് സുരേഷ് ഗോപിക്ക് വോട്ടുറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി അണികള്‍.

മുഖ്യമന്ത്രി പിണറായി വിജയനെ തെറിവിളിക്കുന്നതിനൊപ്പം മകളുടെ ഭര്‍ത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസിനെതിരെ വര്‍ഗീയ ചുവയോടെയുള്ള പരാമര്‍ശം നടത്താനും പലരും മടിച്ചില്ല. കുടമാറ്റത്തില്‍ ശ്രീ രാമനും ആയോദ്യയും നിറഞ്ഞു നിന്നപ്പോള്‍ മരുമോന്റെ പച്ചവെളിച്ചം പോലീസ് തൃശൂര്‍ പൂരം നിര്‍ത്തിവെച്ചു എന്നാണ് ഒരാളുടെ കമന്റ്.

സംഘപരിവാറുകാര്‍ക്കൊപ്പം ഒരുവിഭാഗം പൂരം പ്രേമികളും പോലീസിനെതിരെ വിമര്‍ശനവുമായെത്തി. ബിജെപി അണികള്‍ വര്‍ഗീയ കമന്റുകളുമായാണ് നിറഞ്ഞുനിന്നതെങ്കില്‍ ഒരുവിഭാഗം പൂരം നടത്തിപ്പിലെ വീഴ്ചകളെ ഗൗരവത്തോടെ വിലയിരുത്തി. അടുത്ത വര്‍ഷം മുതല്‍ പൂരം നടത്തിപ്പ് പഴുതുകളില്ലാതെ നടത്തണമെന്നും പൂരം നാനാജാതി മതസ്ഥരുടെ വികാരമാണെന്നും അഭിപ്രായപ്പെട്ടവരുമുണ്ട്.

പോലീസിന്റെ അനാവശ്യമായ ഇടപെടലാണ് പൂരത്തിനിടയില്‍ സംഘര്‍ഷമുണ്ടാകാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് തൃശൂര്‍ പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെ സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വെടിക്കെട്ട് വൈകിക്കാന്‍ പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങള്‍ കാരണമായതായി എല്ലാ രാഷ്ട്രീയ കക്ഷികളും ചൂണ്ടിക്കാട്ടിയിരുന്നു.

Tags