തൃച്ചംബരത്തുത്സവത്തിന് അകമ്പടി സേവിക്കുന്ന മഞ്ഞവടിക്കാർ


ആനയുടെയും വെടിക്കെട്ടിന്റെയും അകമ്പടിയില്ലാതെ ജനലക്ഷങ്ങളെ ആകർഷിക്കുന്ന തൃച്ചംബരം ഉത്സവം കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഉത്സവാഘോഷങ്ങളിൽ ഒന്നാണ്.ജ്യേഷ്ഠൻ ബാലരാമനും വൃന്ദാവനത്തിലെ ഗോപാലകരോടുമൊപ്പം ശ്രീകൃഷ്ണൻ നടത്തിയ ബാലലീലകൾ ആണ് ഇവിടത്തെ ഉത്സവത്തിന്റെ ഇതിവൃത്തം .
കേരളത്തിലെ എറ്റവും ആദ്യത്തെ ബ്രാഹ്മണ അധിനിവേശ കേന്ദ്രമായ പെരുംചെല്ലൂർ ഗ്രാമത്തിലെ പുരാതന സംസ്കൃതിയുടെ പ്രതീകം കൂടിയാണ് ഈ ഉത്സവം.
കുംഭം ഒന്നിനു തുടങ്ങുന്ന എഴുന്നള്ളിപ്പ് ഉത്സവത്തിനു ശേഷം 22 നു നടക്കുന്ന കൊടിയേറ്റത്തോടെയാണു പൂർണ്ണാർത്ഥത്തിൽ ഉത്സവം വലിയ ആഘോഷങ്ങളിലേക്ക് കടക്കുന്നത്. കൊടിയേറ്റത്തിനു ശേഷം അർദ്ധരാത്രിയോടെ മഴൂർ ബലഭദ്രസസ്വാമി അനിയനടുത്തേക്ക് എഴുന്നള്ളുന്നു .പിന്നീടങ്ങോട്ടുള്ള 14നാളുകൾ തൃച്ചംബരം വൃന്ദാവന സദൃശമാകും. ക്ഷേത്രത്തിൽ നിന്നും ഒരുകിലോമീറ്റർ അപ്പുറത്തുള്ള പൂക്കോത്ത് നടയിലാണ് ഉത്സവാഘോഷങ്ങൾ നടക്കുന്നത് .
ദേവന്റെ തിടമ്പ് തലയിലേന്തിയുള്ള ഉത്സവ സമ്പ്രദായമാണെങ്കിൽ കൂടിയും തിടമ്പ് നൃത്തത്തിന്റേതായ ചിട്ടവട്ടങ്ങളോ സമ്പ്രദായങ്ങളോ ഇവിടെയില്ല.തൃച്ഛംബരത്തുത്സവത്തിലെ ബാലരാമ -ശ്രീകൃഷ്ണ ലീലകളോടൊപ്പം ചേർത്ത് വായിക്കേണ്ടതും പ്രാധാന്യമർഹിക്കുന്നതുമായ പേരാണ് മഞ്ഞവടിക്കാർ .
രക്ഷാധികാരികൾ എന്ന നിലയ്ക്കാണ് മഞ്ഞവടിക്കാർ തൃച്ചംബരത്തുത്സവത്തിന് അകമ്പടി സേവിക്കുന്നത്.ഉത്സവകാലങ്ങളിൽ ബലിബിംബങ്ങൾ പുറത്തെഴുന്നള്ളിച്ച് നൃത്തം കഴിഞ്ഞ് അകത്ത് എഴുന്നള്ളിക്കുന്നതു വരെ മഞ്ഞവടിക്കാർ ഉത്സവത്തിന്റെ മുന്നിലുണ്ടാകും .

മഞ്ഞേരി നമ്പ്യാർ, മായിച്ചേരി നമ്പ്യാർ, പാപ്പിനിശ്ശേരി നമ്പ്യാർ, കോയാടൻ നമ്പ്യാർ, തളിയൻ നമ്പ്യാർ, ഇടക്കിളവൻ നമ്പ്യാർ തുടങ്ങി 12 തറവാട്ട്കാരാണ് കാരവടികളേന്തി അകമ്പടി സേവിക്കുന്നത്.ഭഗവാന്റെ വേണുഗോപാല വിഗ്രഹത്തിനു വേണ്ടി വില്വമംഗലം സ്വാമിയാരും മീനങ്കട നായരും തമ്മിലുണ്ടായ തർക്കമാണ് മഞ്ഞവടിയുമായി ബന്ധപ്പെട്ട ഐതിഹ്യം.
"പട്ടിണിത്തറ " എന്നറിയപ്പെടുന്ന സ്ഥലത്തു വെച്ചാണ് ഈ തർക്കം നടന്നത്. ഒടുവിൽ സ്വാമിയാരുടെ വാദം അംഗീകരിക്കേണ്ടി വന്നു.
എങ്കിലും ഈ തർക്കത്തിന്റെ പേരിൽ ഒരു രാത്രി മുഴുവൻ ഭഗവാന് പട്ടിണി കിടക്കേണ്ടി വന്നു. പിറ്റേന്ന് പ്രഭാതത്തിൽ കാരവടിക്കാരുടെ അകമ്പടിയോടെ ദിവ്യ വിഗ്രഹവും കൊണ്ടുചെന്ന വില്വമംഗലം, വേണുഗോപാലന്റെ സ്വർണ്ണവിഗ്രഹം ഒരു കനകമാലയിൽ ബലിബിംബത്തോടു കോർത്ത് പ്രതിഷ്ഠാ ബിംബത്തോട് ചേർത്തു വെച്ചു.
ഈ വേണുഗോപാല പ്രതിമയ്ക്ക് മൂലബിംബത്തോടു കൂടി നിവേദ്യാദി പൂജകൾ ഇന്നും നടന്നു വരുന്നു. ഈ കനകത്താലിമാല ബലിബിംബത്തിൽ നിന്നും അഴിച്ചു വെക്കാൻ പാടില്ല . അഭിഷേകാവസരങ്ങളിൽ മൂലബിംബത്തിൽ ചാർത്തിയിട്ടുള്ള ആഭരണങ്ങൾ അഴിച്ചു വെക്കാറുണ്ടെങ്കിലും, വില്വമംഗലം ബലിബിംബത്തിൽ ചാർത്തിയ വേണുഗോപാലത്താലിമാല അഴിച്ചു വെക്കാറില്ല.
സ്വാമിയാർ തന്നെ സഹായിച്ച് അനുഗമിച്ച നമ്പ്യാന്മാരോട് മാത്രമല്ല, മീനങ്കട നായരോടും എല്ലാ വർഷവും ഉത്സവസമയത്ത് മഞ്ഞവടികളുമായി രക്ഷാധികാരികൾ എന്ന നിലയ്ക്ക് ഈ ചരിത്ര സത്യം നിലനിർത്തിപ്പോരുവാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ഐതീഹ്യം