ജോസ് കെ മാണി കളത്തിലിറക്കിയ ചെറുപ്പക്കാരൻ ചില്ലറക്കാരനല്ല ; മൂന്ന് പി ജി ബിരുദങ്ങളും ദേശീയ പുരസ്കാരവും, ഇരുപതിനായിരത്തിലധികം ശിക്ഷ്യരുള്ള സിറിയക് ചാഴികാടൻ
തൊടുപുഴ: തൊടുപുഴ പിടിക്കാൻ കേരളാ കോൺഗ്രസ് എമ്മിന്റെ യുവ രക്തം സിറിയക്ക് ചാഴികാടൻ. തൊടുപുഴയിൽ പിജെ ജോസഫിന്റെ മകൻ അപു ജോസഫിനെ നേരിടാൻ ശക്തനായ സ്ഥാനാർഥി വേണമെന്ന വിലയിരുത്തലിനൊടുവിലാണ് തൊടുപുഴയിലെ പ്രമുഖ ക്നാനായ സമുദായ കുടുംബത്തിൽ നിന്നുള്ള സിറിയക് ചാഴികാടനെ തന്നെ നിയോഗിച്ചത്.
ഇക്കുറി പ്രായാധിക്യത്തെ തുടർന്ന് ജോസഫ് മാറി മകൻ അപുവിനെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിക്കയായിരുന്നു . ജോസഫ് മാറി, പകരം അപു -സിറിയക് മത്സരം ആയതോടെ പോരാട്ടം ഒന്നുകൂടി കടുത്തിരിക്കയാണ് . തൊടുപുഴയിലെ യുവാക്കൾക്കിടയിൽ വലിയ സ്വധീനം ഉണ്ടാക്കാൻ സിറിയക്കിന് സാധിക്കുമെന്നു കേരളാ കോൺഗ്രസ് (എം) നേതൃത്വം കരുതുന്നു.

നിലവിൽ യൂത്ത് ഫ്രണ്ട് (എം ) സംസ്ഥാന പ്രസിഡന്റാണ് സിറിയക്. 2012 ൽ ഇന്ത്യയിലെ ഏറ്റവും മികച്ച കത്തോലിക്കാ യുവജന പ്രവർത്തകന് കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ നൽകുന്ന നാഷനൽ ബെസ്റ്റ് യൂത്ത് അവാർഡ് ലഭിച്ച കെ സി വൈ എം മുൻ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ സിറിയക്കിന് സഭാതലത്തിൽ വലിയ സ്വാധീനമാണുള്ളത് .

പൊളിറ്റിക്കൽ സയൻസിൽ ബിരുദം, എം.ജി. യൂണിവേഴ്‌സിറ്റിയിൽ നിന്നും ഗാന്ധിയൻ സ്റ്റഡീസിൽ മാസ്റ്റർ ബിരുദം, പഞ്ചാബ് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.ബി.എ. ബിരുദം, ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്നും പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (പി.ജി.പി.എം.) ബിരുദം എന്നീ മൂന്ന് പോസ്റ്റ് ഗ്രാജുവേഷനുകൾ നേടിയിട്ടുണ്ട്. ഡൽഹി എച്ച്.ഡി.എഫ്.സി. ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന സിറിയക് പിന്നീട് ജോലി ഉപേക്ഷിച്ച് പതിനഞ്ചു വർഷത്തിലധികമായി മനുഷ്യവിഭവശേഷി പരിശീലകനായി മാറുകയായിരുന്നു .
ഇത്തരത്തിൽ, ഇരുപതിനായിരത്തിലധികം വിദ്യാർഥികൾക്ക് തൊഴിൽ-നൈപുണ്യ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. കേരളാ കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ സംസ്ഥാന പ്രസിഡന്റ്- സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി, ഇന്ത്യൻ കാത്തലിക് യൂത്ത് മൂവ്‌മെന്റ് ദേശീയ ജനറൽ സെക്രട്ടറി, സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ, കത്തോലിക്കാ യുവജനങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ മിജാർക്കിന്റെ ദേശീയ കോ-ഓർഡിനേറ്റർ, എന്നീ നിലകളിൽ പ്രവർത്തിച്ച സിറിയക്കിന് അതിനാൽ തന്നെ രാജ്യത്തെ ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായും യുവജന സംഘടനാ പ്രവർത്തകരുമായും അടുത്ത സൌഹൃദങ്ങൾ ആണുള്ളത്.

കത്തോലിക്കാ സഭയിൽ ഏറ്റവും കൂടുതൽ ചുമതലകൾ നിർവഹിച്ച യുവജന പ്രവർത്തകരിൽ പ്രമുഖനാണ് സിറിയക്. അടുത്തിടെ ദീപിക ദിനപ്പത്രവുമായി സഹകരിച്ചു നടത്തിയ സംസ്ഥാന പ്രചാരണ യാത്ര ശ്രദ്ധേയമായിരുന്നു. 2023 മുതൽ യൂത്ത്ഫ്രണ്ട് എമ്മിന്റെറ സംസ്ഥാന അധ്യക്ഷനാണ്. ന്യൂജെൻ ശൈലിയിൽ സംഘടനയെ ചലിപ്പിക്കുന്നതിൽ നിർണായക പങ്കാണ് സിറിയക് നടത്തുന്നത്. ഇതോടെ അപു ജോസഫിനെ നേരിടാൻ ജോസ് കെ മാണി നിയോഗിച്ച ചെറുപ്പക്കാരൻ നിസാരനല്ലെന്നാണ് വ്യക്തമാകുന്നത്.

തൊടുപുഴ മണ്ഡലത്തോട് ചേർന്ന് കിടക്കുന്ന വെളിയന്നൂർ പഞ്ചായത്തിലെ അരീക്കര സ്വദേശിയാണ്. 1991-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ സ്ഥാനാർഥിയായിരിക്കെ ഇടിമിന്നലേറ്റ് മരിച്ച ബാബു ചാഴികാടന്റെയും കോട്ടയം എം.പി. യായിരുന്ന തോമസ് ചാഴികാടന്റെയും സഹോദര പുത്രനാണ്. ഭാര്യ ടിജ മേരി ജെയിംസ് എം.എസ്.സി. നഴ്‌സായി ജോലി ചെയ്യുന്നു. ജോയിമോൻ, ടെസ, ചാക്കോപ്പി എന്നിവരാണ് മക്കൾ.
.jpg)


