നടി ആക്രമണ കേസില്‍ നടനെ പിന്തുണച്ച ശ്രീലേഖയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അപഹസിക്കുന്നത്, ഏറെ ലജ്ജാകരമെന്ന് തോമസ് ഐസക്

Thomas Isaac Rahul Mamkootathil
Thomas Isaac Rahul Mamkootathil

സിനിമാ നടിയെ പീഡിപ്പിച്ച കേസില്‍ ഇരയേക്കാള്‍ അവര്‍ക്ക് വിശ്വാസം പ്രതിയായ നടനില്‍ ആയിരുന്നു. ഇത്തരമൊരാളാണ് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ചിലര്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ച മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ സിപിഎം നേതാവ് തോമസ് ഐസക്. സിനിമാ നടിയെ പീഡിപ്പിച്ച കേസില്‍ ഇരയേക്കാള്‍ അവര്‍ക്ക് വിശ്വാസം പ്രതിയായ നടനില്‍ ആയിരുന്നു. ഇത്തരമൊരാളാണ് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ചിലര്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

tRootC1469263">

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട സ്ത്രീപീഡന കേസില്‍ ഇരയെ അപഹസിച്ചുകൊണ്ട് തിരുവനനന്തപുരം കോര്‍പ്പറേഷനില്‍ ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ സാമൂഹ്യമാധ്യമങ്ങളില്‍ നടത്തിയ അഭിപ്രായപ്രകടനം ഏറെ ലജ്ജാകരമാണ്. എന്തിന് ബിജെപി സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിനുവേണ്ടി രക്ഷാപ്രവര്‍ത്തനവുമായി ഇറങ്ങണം?

''ഇത്ര നാള്‍ യുവതി എന്തുകൊണ്ട് പരാതി നല്‍കിയില്ല? ഇപ്പോള്‍ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി? പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ? അതോ ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ?''

ഇര പരാതി നല്‍കിയത് ദുരുദ്ദേശത്തോടെയാണെന്നാണ് അവര്‍ ആക്ഷേപിച്ചിരിക്കുന്നത്. ആദ്യമായിട്ടല്ല ഇത്തരത്തില്‍ ഹീനമായ ഒരു നിലപാട് ലൈംഗീകാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളെ സംബന്ധിച്ച് അവര്‍ എടുത്തിട്ടുള്ളത്. സിനിമാ നടിയെ പീഡിപ്പിച്ച കേസില്‍ ഇരയേക്കാള്‍ അവര്‍ക്ക് വിശ്വാസം പ്രതിയായ നടനില്‍ ആയിരുന്നു. ഇത്തരമൊരാളാണ് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ചിലര്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. അത് ബിജെപിയുടെ കാര്യം. പക്ഷേ, ശാസ്തമംഗലത്തെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടാന്‍ അവര്‍ യോഗ്യയാണോ? 

ഞാന്‍ തൊട്ടടുത്ത കുറവന്‍കോണം വാര്‍ഡിലെ വോട്ടറാണ്. ഇന്ന് കാലത്ത് ശാസ്തമംഗലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അമൃത, പാര്‍ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അജിത് കുമാറിനൊപ്പം എന്റെ ഫ്‌ലാറ്റില്‍ വന്നിരുന്നു. 'Kerala: Another Possible World' എന്ന എന്റെ പുസ്‌കത്തിന്റെ കോപ്പി നല്‍കി വിജയം ആശംസിച്ചു.

ശാസ്തമംഗലം വാര്‍ഡിലെ മുഴുവന്‍ വീടുകളും ഒരു ഈസ്റ്റര്‍ കാലത്ത് കിച്ചണ്‍ബിന്‍ പ്രചരിപ്പിക്കുന്നതിന് അന്ന് കൗണ്‍സിലറായിരുന്ന ബിന്ദു ശ്രീകുമാറിനോടൊപ്പം ഞാന്‍ കയറിയിറങ്ങിയതിന്റെ ഓര്‍മ്മകള്‍ ഇന്നുമുണ്ട്. ശാസ്തമംഗലത്തെ വോട്ടര്‍മാരോടുള്ള എന്റെ അഭ്യര്‍ത്ഥന ഇതാണ്: 'അമൃത ആയിരിക്കട്ടെ നിങ്ങളുടെ കൗണ്‍സിലര്‍'.

അടിക്കുറിപ്പ്:- 
ഇപ്പോഴാണ് ശ്രീലേഖയുടെ വിശദീകരണം വായിച്ചത്. താന്‍ ഇരയോടൊപ്പമാണ്. ഏകവിമര്‍ശനം പരാതി കൊടുക്കാന്‍ വൈകിയതു സംബന്ധിച്ചാണുപോലും. അവരുടെ പോസ്റ്റ് ഏതാണ്ട് പൂര്‍ണ്ണമായും ഞാന്‍ ഉദ്ദരിച്ചിട്ടുണ്ട്. വീണിടത്തു കിടന്ന ഉരുണ്ടിട്ട് എന്തുകാര്യം? മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിലെ തെറ്റ് എന്താണാവോ? നിങ്ങള്‍ ആക്ഷേപിക്കുന്നത് ഇരയുടെ പരാതി കാപട്യമാണെന്നാണ്. പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തെ മുങ്ങാന്‍ അവസരം നല്‍കാനാണത്രേ പരാതി വച്ചുതാമസിപ്പിച്ചത്. ഇപ്പോള്‍ ഉന്നയിച്ചത് ശബരിമല വിഷയത്തില്‍ ശ്രദ്ധതിരിക്കാനാണെന്നും ആക്ഷേപിക്കുന്നു. നിങ്ങള്‍ എന്തുതരത്തിലുള്ള ജനപ്രതിനിധി ആകാനാണ് പോകുന്നതെന്ന് ഏതാണ്ട് വ്യക്തമാണ്.
 

Tags