സ്ഥാപിതമായത് 2000 ത്തില്‍, എയര്‍ടെല്ലിനേയും ഹച്ചിനേയും ഞെട്ടിച്ചുള്ള കുതിപ്പ്, ജിയോ എത്തിയതോടെ കേന്ദ്രം തഴഞ്ഞു, ബിഎസ്എന്‍എല്ലിനെ കുത്തുപാളയെടുപ്പിച്ചത് സര്‍ക്കാര്‍ തന്നെ


ബിഎസ്എന്‍എല്‍ സ്വത്തുക്കള്‍ വില്‍ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തോടെ ഈ അഭിമാന പൊതുമേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള രണ്ട് പതിറ്റാണ്ട് പരിശ്രമങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുകയാണ്
കൊച്ചി: സംസ്ഥാനത്തെ ബിഎസ്എന്‍എല്ലിന്റെ ഭൂമി വിറ്റഴിക്കാനുള്ള നീക്കം ആരംഭിച്ചതോടെ ഈ അഭിമാന പൊതുമേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള രണ്ട് പതിറ്റാണ്ട് പരിശ്രമങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുകയാണെന്ന് തോമസ് ഐസക്. സ്ഥാപിതമായി ചുരുങ്ങിയ വര്‍ഷംകൊണ്ടുതന്നെ സ്വകാര്യ മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയ ബിഎസ്എന്‍എല്ലിനെ നഷ്ടത്തിലാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ നയമാണെന്ന് അക്കമിട്ട് നിരത്തുകയാണ് മുന്‍ ധനമന്ത്രി.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ബിഎസ്എന്‍എല്‍ സ്വത്തുക്കള്‍ വില്‍ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തോടെ ഈ അഭിമാന പൊതുമേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള രണ്ട് പതിറ്റാണ്ട് പരിശ്രമങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുകയാണ്.
2000-ത്തിലാണ് ബിഎസ്എന്‍എല്‍ സ്ഥാപിതമായത്. മൊബൈല്‍ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ പ്രചരിക്കാന്‍ തുടങ്ങിയ വര്‍ഷം. എയര്‍ടെല്‍, റിലയന്‍സ്, ഹച്ചിന്‍സണ്‍ എന്നിവര്‍ മൊബൈല്‍ സര്‍വ്വീസുകള്‍ 2000 മുതല്‍ ആരംഭിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞേ ബിഎസ്എന്‍എല്ലിന് അനുമതി കൊടുത്തുള്ളൂ. എന്നിട്ടും 2006-ല്‍ ബിഎസ്എന്‍എല്‍ മാര്‍ക്കറ്റിന്റെ 18 ശതമാനം പിടിച്ചെടുത്തു. എയര്‍ടെല്ലിന്റെ കമ്പോളവിഹിതത്തേക്കാള്‍ ഒരു ശതമാനം മാത്രം കുറവ്.
വൈകിവന്നിട്ടും കമ്പോള മത്സരത്തില്‍ ഓടിക്കയറുക മാത്രമല്ല, മൊബൈല്‍ സര്‍വ്വീസ് ചാര്‍ജ്ജ് സംബന്ധിച്ച് സ്വകാര്യ കമ്പനികളുടെ കാര്‍ട്ടല്‍ പൊളിക്കാനും കഴിഞ്ഞു. ഒരു മിനിറ്റ് ഔട്ട് ഗോയിംഗ് കാളിന് 15 രൂപയും ഇന്‍ കമിംഗ് കാളിന് 8 രൂപയുമാണ് ഈടാക്കിക്കൊണ്ടിരുന്നത്. ഇത് മൂന്ന് മിനിറ്റിന് 2.40 രൂപയായി കുറഞ്ഞു.

ഇതോടെ ഒരു കാര്യം വ്യക്തമായി. ലെവല്‍ പ്ലേയിംഗ് ഗ്രൗണ്ട് ഉണ്ടെങ്കില്‍ ബിഎസ്എന്‍എല്ലിനെ തോല്‍പ്പിക്കാനാവില്ല. പിന്നെയുള്ള കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരുകളുടെ നീക്കങ്ങളെല്ലാം ബിഎസ്എന്‍എല്ലിനെ കൂച്ചുവിലങ്ങ് ഇടാനായിരുന്നു.
2007-ല്‍ 4.5 കോടി മൊബൈല്‍ ലൈനുകള്‍ക്കു വേണ്ടിയുള്ള ബിഎസ്എന്‍എല്ലിന്റെ ടെണ്ടര്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. അന്ന് മുതല്‍ ഇന്ന് വരെ ഒരു ടെണ്ടര്‍ പോലും ഈ ഇനത്തില്‍ കമ്പനിക്ക് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
2013-ല്‍ സ്വകാര്യ കമ്പനികള്‍ക്കെല്ലാം 3ജി സ്‌പെക്ട്രം ഇഷ്ടമുള്ള ജില്ലയില്‍ അനുവദിച്ചു കൊടുത്തു. ശിഷ്ടം ബിഎസ്എന്‍എല്ലിന്റെ തലയില്‍ കെട്ടിവച്ചു.
2014-ല്‍ സ്വകാര്യ കമ്പനികള്‍ക്ക് 4ജി സ്‌പെക്ട്രം അനുവദിച്ചു. എന്നാല്‍ ബിഎസ്എന്‍എല്ലിന് 2020 വരെ കാത്തിരിക്കേണ്ടി വന്നു. ടെണ്ടര്‍ വിളിച്ചു കഴിഞ്ഞപ്പോള്‍ സ്വകാര്യ കമ്പനികളെപ്പോലെ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പാടില്ലായെന്ന വ്യവസ്ഥയുണ്ടാക്കി തടഞ്ഞു.
2019-ല്‍ 69,000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചു. പക്ഷേ, ഈ പണം 1.53 ലക്ഷം ജീവനക്കാരില്‍ 78,569 ജീവനക്കാര്‍ക്ക് വിആര്‍എസ് കൊടുക്കാനാണ് ഉപയോഗിച്ചത്. അങ്ങനെ ബിഎസ്എന്‍എല്ലിന്റെ ഏറ്റവും വലിയ മത്സരശേഷി ആയിരുന്ന പരിചയസമ്പന്നരായ ജീവനക്കാരെ ഒറ്റയടിക്ക് ഇല്ലാതാക്കി.
ജിയോയ്ക്ക് മുഴുവന്‍ ഡാറ്റയും കൈക്കലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനിന്നു. മറ്റു സ്വകാര്യ കമ്പനികള്‍ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ 1.64 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളി.
സ്വകാര്യ കമ്പനികള്‍ക്ക് പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് അഞ്ച് ലക്ഷം കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്. ബിഎസ്എന്‍എല്ലിന് അനുവദിച്ച വായ്പ 15,000 കോടി രൂപ മാത്രം.
2024-ല്‍ 5ജി സ്‌പെക്ട്രം താഴ്ന്ന വിലയ്ക്ക് കൈക്കലാക്കിയ സ്വകാര്യ കമ്പനികള്‍ ഏകപക്ഷീയമായി താരിഫ് നിരക്കുകള്‍ 20-25 ശതമാനം വര്‍ദ്ധിപ്പിച്ചു. ബിഎസ്എന്‍എല്‍ നിരക്ക് വര്‍ദ്ധിപ്പിച്ചില്ല. സര്‍ക്കാര്‍ ഇട്ടിരിക്കുന്ന കൂച്ചുവിലങ്ങുമൂലം സ്വകാര്യ കമ്പനികളോടു മത്സരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ബിഎസ്എന്‍എല്‍.
ഇപ്പോള്‍ പുതിയ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുകയാണ്. അതിന്റെ ഭാഗമായി ചെയ്യുന്നതോ? ബിഎസ്എന്‍എല്ലിന്റെ ഭൂസ്വത്ത് വിറ്റ് കാശാക്കുക. ടവറുകള്‍ നഷ്ടത്തിന് എതിരാളികള്‍ക്ക് പാട്ടത്തിന് കൊടുക്കുക. എങ്ങനെ ബിജെപി പൊതുമേഖലയെ തച്ചുതകര്‍ക്കുന്നുവെന്നതിന് ഏറ്റവും വലിയ സാക്ഷ്യപത്രമാണ് ബിഎസ്എന്‍എല്‍.