കോവിഡ് കാലത്ത് മത്തിക്ക് 300 രൂപ, ഇപ്പോള്‍ 50 രൂപ, അഴിമതിയല്ലേയെന്ന് 'സിഎജി', പിപിഇ കിറ്റ് ആരോപണത്തില്‍ പ്രതികരണം, കിഫ്ബി അട്ടിമറിച്ചു, ഇനി ലക്ഷ്യം ആരോഗ്യമേഖല
കോവിഡ് കാലത്ത് 300 രൂപയായിരുന്ന മത്തിക്ക് ഇപ്പോള്‍ 50 രൂപയായാല്‍ അഴിമതിയല്ലേയെന്നാണ് സിഎജി ചോദിക്കുന്നതെന്നാണ് ഒരാളുടെ പ്രതികരണം
കൊച്ചി: കോവിഡ് കാലത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ സംസ്ഥാന സര്‍ക്കാരിന് 10 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്ന സിഎജി റിപ്പോര്‍ട്ട് പ്രതിപക്ഷം ആയുധമാക്കവെ വിശദീകരണവുമായി അന്നത്തെ ധനമന്ത്രി തോമസ് ഐസക്. ധനമന്ത്രിയുടെ അനുമതിയോടെയാണ് നടപടിക്രമങ്ങളെന്ന ചില മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തോമസ് ഐസക്കിന്റെ വിശദീകരണത്തിന് പിന്നാലെ സിഎജിക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുമെത്തി. കോവിഡ് കാലത്ത് 300 രൂപയായിരുന്ന മത്തിക്ക് ഇപ്പോള്‍ 50 രൂപയായാല്‍ അഴിമതിയല്ലേയെന്നാണ് സിഎജി ചോദിക്കുന്നതെന്നാണ് ഒരാളുടെ പ്രതികരണം. ഈ രീതിയില്‍ കോവിഡിന് മുന്‍പുള്ള ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ കണക്കും പിന്നീടുള്ള കണക്കും പലരും പങ്കുവെച്ചിട്ടുണ്ട്.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
കുറച്ചു ദിവസമായി പിപിഇ കിറ്റ് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് മാധ്യമങ്ങളിലും നിയമസഭയിലും കറങ്ങാന്‍ തുടങ്ങിയിട്ട്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മാത്രമല്ല ധനമന്ത്രിയും അറിഞ്ഞുകൊണ്ടാണ് ഈ വെട്ടിപ്പ് നടന്നതെന്നാണ് മനോരമയുടെ കണ്ടുപിടിത്തം. വലിയ അന്വേഷണമൊന്നും വേണ്ട. ധനമന്ത്രികൂടി അറിഞ്ഞുകൊണ്ടാണ് സാധാരണഗതിയിലുള്ള ടെണ്ടര്‍ നടപടിക്രമങ്ങള്‍ മറികടന്ന് പിപിഇ കിറ്റുകള്‍ വാങ്ങുന്നതിന് അനുമതി നല്‍കിയത്. മഹാമാരിപോലുള്ള വലിയ പ്രകൃതിദുരന്തമുഖങ്ങളില്‍ ഇനിയും ഇങ്ങനെ വേണ്ടിവരും.
എന്തായിരുന്നു അന്നത്തെ സ്ഥിതിവിശേഷം? കോവിഡിന്റെ ഇന്ത്യയിലെ ആദ്യത്തെ രോഗബാധ കണ്ടെത്തിയത് 2020 ജനുവരി 30-ന് കേരളത്തിലാണ്. നീപയുടെ അനുഭവമുള്ളതിനാല്‍ അന്നു മുതല്‍ കേരളം അതീവജാഗ്രതയിലായി. മാര്‍ച്ച് മാസം ആയപ്പോഴേക്കും ലോകാരോഗ്യ സംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചു. മാര്‍ച്ച് 24-ന് രാജ്യമാസകലം ലോക്ഡൗണും പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരാവട്ടെ എല്ലാ സംസ്ഥാന സര്‍ക്കാരുകളും പിപിഇ കിറ്റുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, മറ്റ് അത്യാവശ്യ സാമഗ്രികള്‍ തുടങ്ങിയവ അടിയന്തരമായി വാങ്ങി സ്റ്റോക്ക് ചെയ്യണമെന്ന് സര്‍ക്കുലര്‍ ഇറക്കി. ഇത്തരത്തില്‍ ഒരു ശേഖരമുണ്ടാക്കുന്നതിന് ഓരോ തവണയും ധനവകുപ്പില്‍ വരേണ്ടതില്ലെന്നും, ഇതിനായി രൂപീകരിച്ച എമര്‍ജന്‍സി കമ്മിറ്റിയുടെ തീരുമാന പ്രകാരം ലഭ്യമായ ഇടങ്ങളില്‍ നിന്നും നെഗോഷിയേറ്റ് ചെയ്ത് വാങ്ങുന്നതിന് അനുവാദവും നല്‍കി. ഇത്തരത്തില്‍ ഫലപ്രദമായി നടപടികള്‍ സ്വീകരിച്ചതുകൊണ്ട് എന്തായിരുന്നു നേട്ടം?
ഡോ. കെ.പി. അരവിന്ദന്‍ അക്കാലത്തുതന്നെ നടത്തിയ ഒരു നിരീക്ഷണം ഓര്‍ക്കുന്നത് നല്ലത്. ആദ്യ കോവിഡ് തരംഗത്തില്‍ പൊതുജനങ്ങളുടെ ഇടയില്‍ ഉള്ളതിനേക്കാള്‍ ആരോഗ്യപ്രവര്‍ത്തുകരുടേയും ഡോക്ടര്‍മാരുടേയും മരണനിരക്ക് ഉയര്‍ന്നതായിരുന്നു. ഇതിനുള്ള പ്രധാന കാരണം രോഗികളുമായി ഇടപഴകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും സംരക്ഷണം നല്‍കാന്‍ വേണ്ടത്ര പി.പി.ഇ കിറ്റുകള്‍ ഉണ്ടായിരുന്നില്ല എന്നതായിരുന്നു. മഹാമാരി തുടങ്ങിയശേഷം ലോകമെമ്പാടും പി.പി.ഇ കിറ്റുകള്‍ക്ക് ദൗര്‍ലഭ്യം ഉണ്ടായി. കൂടുതല്‍ വില നല്‍കേണ്ടി വന്നെങ്കിലും കേരളം ഇതിനെ മറികടന്നു. ഫലമോ?
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്ക് പ്രകാരം 2020 മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെ 196 ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടു. സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കുകളും ലഭ്യമാണ്. കേരളത്തില്‍ ഒരു ഡോക്ടര്‍പോലും കോവിഡുമൂലം മരണപ്പെട്ടിരുന്നില്ല. ഏറ്റവുമധികം തമിഴ്‌നാടില്‍, പിന്നെ ഗുജറാത്തും മഹാരാഷ്ട്രയും. പിന്നെ ബിഹാര്‍, ബംഗാള്‍, കര്‍ണാടക എന്നിങ്ങനെ. കോവിഡ് രണ്ടാം തരംഗത്തില്‍ പി.പി.ഇ കിറ്റ് മാത്രമല്ല, ആശുപത്രി കിടക്കകളും ഓക്‌സിജന്‍ സിലിണ്ടറുകളുമില്ലാതെ ലക്ഷങ്ങള്‍ അല്ലേ ഇന്ത്യയില്‍ മരിച്ചത്? ഇപ്പോള്‍ മൊത്തം കണക്കുകള്‍ ലഭ്യമാണ്. 1600 ഡോക്ടര്‍ കോവിഡ് കാലത്ത് ഇന്ത്യയില്‍ മരണമടഞ്ഞു. കേരളത്തിലെ മരണം 7 മാത്രം.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ ഏതാണ്ട് 50 ലക്ഷമാണ്. ലോകത്തുണ്ടായ അധിക മരണത്തില്‍ മൂന്നിലൊന്ന് ഇന്ത്യയില്‍ ആയിരുന്നു. തെരഞ്ഞെടുപ്പും മറ്റു സമരങ്ങളെല്ലാംമൂലം വ്യാപനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് ഉണ്ടായിട്ടും കേരളത്തിലാണ് മരണനിരക്ക് ഏറ്റവും കുറവ്. ഇന്ത്യയില്‍ പൊതുവില്‍ അധികമരണം ഔദ്യോഗിക കണക്കിന്റെ 10 ഇരട്ടിയാണെങ്കില്‍ കേരളത്തില്‍ അത് 0.6 മടങ്ങ് മാത്രമാണ്. ഇത് കേരളത്തിന്റെ വലിയ നേട്ടമാണ്. ഇതിന്റെ അടിസ്ഥാനം മഹാമാരിയെ നേരിടാന്‍ കേരളം സ്വീകരിച്ച മുന്‍കരുതലും ജാഗ്രതയുമാണ്.
ഇതിനെ അപകീര്‍ത്തിപ്പെടുത്താന്‍ സിഎജി റിപ്പോര്‍ട്ടില്‍ എന്താണ് പറയുന്നത്? കോവിഡിനു മുമ്പ് കേരള സര്‍ക്കാര്‍ പി.പി.ഇ കിറ്റിന് 545 രൂപയാണ് നിശ്ചയിച്ചതത്രേ. ഈ വിലയേക്കാള്‍ ഉയര്‍ന്ന് 800 രൂപ മുതല്‍ 1550 രൂപ വരെയുള്ള നിരക്കില്‍ 2.56 ലക്ഷം കിറ്റുകള്‍ വാങ്ങിയത്രേ. ഇതുമൂലം സര്‍ക്കാരിന് 10.23 കോടി രൂപയുടെ നഷ്ടമുണ്ടായത്രേ. ഇതു വലിയ അഴിമതി ആയിട്ടാണ് പ്രതിപക്ഷം ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സിഎജി കോവിഡിനു മുമ്പുള്ള മാര്‍ക്കറ്റ് വിലയല്ല കോവിഡ് കാലത്തെ മാര്‍ക്കറ്റ് വിലയല്ലേ താരതമ്യത്തിന് ഉപയോഗിക്കേണ്ടത്? ഇത്തരം കണക്കുകള്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള അടവുകളാണ്.
ഇങ്ങനെ നമ്മള്‍ പറയുമ്പോള്‍ സിഎജിയും പ്രതിപക്ഷവും ചൂണ്ടിക്കാണിക്കുക കോവിഡ് കാലത്ത് ഏതാണ്ട് ഒരേസമയത്ത് 800 മുതല്‍ 1550 വരെ പല വിലകള്‍ എങ്ങനെ കൊടുത്തൂവെന്നതാണ്. പി.പി.ഇ കിറ്റുകളെല്ലാം ഒരേ തരത്തിലുള്ളതാണോ? ഒരേ ഇനം പി.പി.ഇ കിറ്റുകളാണ് വാങ്ങിയതെന്നതിന് സിഎജി എന്തെങ്കിലും തെളിവ് ഹാജരാക്കുന്നുണ്ടോ?
അപ്പോഴാണ് അടുത്ത വാദം. താഴ്ന്ന വില ക്വാട്ട് ചെയ്ത കമ്പനിയില്‍ നിന്ന് കൊടുത്ത ഓര്‍ഡര്‍ മുഴുവന്‍ വാങ്ങാതെ, കൂടിയ വിലയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്നും വാങ്ങിയത്രേ. എന്താണ് യാഥാര്‍ത്ഥ്യം? ഇങ്ങനെ താരതമ്യേന താഴ്ന്ന വിലയ്ക്ക് ക്വാട്ട് ചെയ്ത കമ്പനികള്‍ക്ക് വലിയ ഓര്‍ഡറും നല്‍കി. എന്നാല്‍ അതിന്റെ പകുതിപോലും സപ്ലൈ ചെയ്യാന്‍ അവര്‍ തയ്യാറായില്ല. ചട്ടപ്രകാരം അവരുടെ ഓര്‍ഡര്‍ റദ്ദാക്കി, പുതിയ ടെണ്ടര്‍ വിളിച്ച് പി.പി.ഇ കിറ്റുകള്‍ വാങ്ങണമായിരുന്നത്രേ. പി.പി.ഇ കിറ്റ് ആവശ്യത്തിന് ലഭ്യമല്ലാതിരുന്ന അവസ്ഥയില്‍ പരമാവധി വില കുറഞ്ഞിടത്തുനിന്നും വാങ്ങുക, വേണ്ടി വന്നാല്‍ കൂടുതല്‍ വില നല്‍കി മറ്റു സ്രോതസ്സുകളില്‍ നിന്ന് ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പുവരുത്തുക എന്നൊരു നയമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.
കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതുപോലെ അടിയന്തര നടപടികളിലൂടെ കിറ്റും മരുന്നും ഓക്‌സിജന്‍ സിലിണ്ടറുകളുമൊന്നും ശേഖരിച്ചുവയ്ക്കാതെ പതിനായിരങ്ങളെ മരണത്തിലേക്കു തള്ളിവിട്ട മറ്റു ബിജെപി, കോണ്‍ഗ്രസ് സംസ്ഥാനങ്ങളുടെ നിരുത്തവാദപരമായ സമീപനത്തെ തുറന്നുകാണിക്കുകയാണ് സിഎജി ചെയ്യേണ്ടത്. കേരളത്തെ അഭിനന്ദിക്കുകയാണു വേണ്ടത്. പക്ഷേ, കേരളത്തിനെതിരെ ക്വട്ടേഷന്‍ എടുത്തിരിക്കുന്ന സിഎജിയില്‍ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാന്‍?
പെര്‍ഫോമന്‍സ് ഓഡിറ്റ് മുഴുവന്‍ കേരളത്തിന്റെ ആരോഗ്യ മേഖലയെ കുറ്റം പറയാനാണ് നീക്കിവച്ചിരിക്കുന്നത്. കുറ്റം പറഞ്ഞോളൂ. പക്ഷേ, മറ്റുള്ളവരുമായും താരതമ്യപ്പെടുത്തണ്ടേ? ഇനിയും ഒത്തിരി ചെയ്യാനുണ്ട്. പക്ഷേ, യുഡിഎഫിന്റെ കാലത്തെ അപേക്ഷിച്ച് എത്ര വലിയ പുരോഗതിയാണ് ഉണ്ടായതെന്നു പറയണ്ടേ? എനിക്ക് ഓര്‍മ്മവരുന്നത് പ്രതിപക്ഷവുമായി ചേര്‍ന്ന് സിഎജി നടത്തിയ കിഫ്ബി അട്ടിമറിയാണ്. ഇനിയിപ്പോള്‍ സാര്‍വ്വത്രിക അംഗീകാരം നേടിയ ആരോഗ്യ മേഖലയെ അപകീര്‍ത്തിപ്പെടുത്തലാണ് കേന്ദ്ര സര്‍ക്കാര്‍ അവരെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം.