പദ്മജയും അനിലും ബിജെപിയിലേക്ക് ചേക്കേറുമ്പോള്‍ കോണ്‍ഗ്രസിന് ഒരു പ്രതിഷേധവും ഇല്ല, സരിന്‍ ഇടതുപക്ഷത്തേക്ക് വരുമ്പോള്‍ ഹാലിളകുന്നു, ബിജെപിക്ക് 170 കോടി രൂപ നല്‍കിയ വദ്രയും 4 കോടി വാങ്ങിയ ഷാഫിയും

Thomas Isaac
Thomas Isaac

ഇലക്ടറല്‍ ബോണ്ട് വഴി ബിജെപിക്ക് 170 കോടി രൂപ കൊടുത്ത റോബര്‍ട്ട് വധ്ര വയനാട്ടിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവാണ്. ബിജെപിക്കും കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ ഒന്നും പറയാനില്ല.

തിരുവനന്തപുരം: കോണ്‍ഗ്രസിന് രൂക്ഷമായ വിമര്‍ശനവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക്. കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയം വഴിത്തിരിവിലാണെന്നും ബിജെപിയുമായുള്ള അടുപ്പം വിചിത്രമായ രീതിയിലാണെന്നും അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കന്മാരുടെ മക്കളായ പദ്മജയും അനില്‍ ആന്റണിയും ബിജെപിയിലേക്ക് ചേക്കേറുമ്പോള്‍ ഒരു പ്രതിഷേധവും ഇല്ലാത്ത കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് ഡോ. സരിനെപ്പോലുള്ളവര്‍ വര്‍ഗീയതക്കെതിരെ നിലപാടെടുത്ത് ഇടതുപക്ഷത്തേക്ക് വന്നാല്‍ ഹാലിളകുകയാണ്. വഴിയില്‍ കാണുമ്പോള്‍ ഒന്ന് ചിരിക്കാനോ ഹസ്തദാനം ചെയ്യാനോ പോലും അവര്‍ക്ക് കഴിയുന്നില്ല!

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയം ഒരു വഴിത്തിരിവിലാണ്.

വടക്കെയിന്ത്യയില്‍ നേരത്തേ നടന്ന കോണ്‍ഗ്രസ് നേതാക്കന്മാരുടെ കാവിവല്‍ക്കരണവും ബിജെപി പ്രവേശനവും മറ്റൊരുതരത്തിലാണ് ഇവിടെ സംഭവിക്കുന്നത്. ഒരുദിവസം രാവിലെ ഇറങ്ങി നേരേ അങ്ങ് ബിജെപിയില്‍ ചേരാനുള്ള ധൈര്യവും പ്രിവിലേജും വടക്കേ ഇന്ത്യന്‍ കോണ്‍ഗ്രസില്‍ ഉണ്ടെങ്കിലും അത് ഇവിടെ കുറവാണ്. ജനങ്ങള്‍ അംഗീകരിക്കില്ല എന്നതുതന്നെ കാരണം. അതുകൊണ്ട് അവര്‍ ചില സൂത്രപ്പണികളിലൂടെയാണ് അത് നടത്തുന്നത്.

അടിസ്ഥാനപരമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി ഒരു ഹൃദയബന്ധം സൂക്ഷിക്കുന്നുണ്ട്. ''എപ്പോള്‍ വേണമെങ്കിലും ബിജെപിയിലേക്ക് പോകും'' എന്നോ ''ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ട്'' എന്നോ ''ഇവിടെ ബിജെപിയുമായി ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല'' എന്നോ പറയാന്‍ കെപിസിസി പ്രസിഡന്റിന് കഴിയുന്നതും സവര്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ ഭക്ത്യാദരപൂര്‍വ്വം വണങ്ങി നില്‍ക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നതും ഈ ഹൃദയബന്ധം കൊണ്ടാണ്.

കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കന്മാരുടെ മക്കളായ പദ്മജയും അനില്‍ ആന്റണിയും ബിജെപിയിലേക്ക് ചേക്കേറുമ്പോള്‍ ഒരു പ്രതിഷേധവും ഇല്ലാത്ത കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് ഡോ. സരിനെപ്പോലുള്ളവര്‍ വര്‍ഗീയതക്കെതിരെ നിലപാടെടുത്ത് ഇടതുപക്ഷത്തേക്ക് വന്നാല്‍ ഹാലിളകുകയാണ്. വഴിയില്‍ കാണുമ്പോള്‍ ഒന്ന് ചിരിക്കാനോ ഹസ്തദാനം ചെയ്യാനോ പോലും അവര്‍ക്ക് കഴിയുന്നില്ല!

കോണ്‍ഗ്രസിന്റെ പ്രചരണ ബാനറുകളില്‍ പലപ്പോഴും സംഘപരിവാര്‍ ആശയങ്ങളും ആര്‍എസ്എസ് നേതാക്കളുടെ ചിത്രങ്ങളും കടന്നുവരുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഏന്നാല്‍ അബദ്ധത്തില്‍ പോലും ഒരു ഇടതുപക്ഷ ആശയമോ ഇടതുപക്ഷ നേതാവിന്റെ ചിത്രമോ അങ്ങനെ വരാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാണല്ലോ.

രാജസ്ഥാനില്‍ ഒരു രാജ്യസഭാ സീറ്റ് നഷ്ടപ്പെടുമെന്നും അതില്‍ ബിജെപി വിജയിക്കുമെന്നും പാര്‍ലമെന്റില്‍ അവര്‍ക്കത് വലിയ നേട്ടമാകുമെന്നും അറിയാമായിരുന്നിട്ടും കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ വന്ന് മത്സരിക്കാന്‍ ധൈര്യം കാണിച്ചത് ഈ ബിജെപി ആഭിമുഖ്യവും പിന്നെ രഹസ്യബന്ധവും ഒക്കെത്തന്നെ.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മറ്റെല്ലായിടത്തും സിറ്റിംഗ് എംപിമാര്‍ മത്സരിച്ചപ്പോള്‍ വടകരയിലെ സിറ്റിങ് എംപിയെ മാറ്റി തൃശൂരില്‍ കൊണ്ടുപോയി അവിടത്തെ എംപിയെ മാറ്റി മത്സരിപ്പിച്ചതും, രണ്ടാം സ്ഥാനത്ത് ബിജെപി ഉണ്ടായിട്ടും പാലക്കാട് എംഎല്‍എയ രാജിവയ്പിച്ച് വടകര കൊണ്ടുപോയി മല്‍സരിപ്പിച്ചതും അവരുടെ ബിജെപി ആഭിമുഖ്യവും വ്യക്തമാക്കുന്നു. തൃശൂരില്‍ 86,000 വോട്ടുകള്‍ ബിജെപി ക്ക് കൊടുക്കാനും അവര്‍ക്ക്  ഒരു മനസാക്ഷിക്കുത്തും ഉണ്ടായില്ല.

ഇതിനൊക്കെ പുറമെയാണ് കൊടകര കള്ളപ്പണകേസുമായി ബന്ധപ്പെട്ട് ബിജെപിയുടെ നാലുകോടിയിലധികം രൂപ ഷാഫി പറമ്പിലിന് കൊടുത്തുവെന്ന പ്രതിയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യത്തില്‍ കാര്യമായ പ്രതികരണങ്ങള്‍ ഒന്നും ഇതുവരെ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇടതുപക്ഷത്തിന് എതിരെ എപ്പോഴും കേന്ദ്ര ഏജന്‍സികള്‍ക്ക് പരാതി കൊടുക്കുകയും അവരെ വിളിച്ചുകൊണ്ട് വരികയും ചെയ്യുന്ന കോണ്‍ഗ്രസ് കൊടകര കള്ളപ്പണക്കേസില്‍ മൗനം പാലിക്കുന്നു. കേരളാപൊലീസ് ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ കേസ് ഇഡി അന്വേഷിക്കാന്‍ തയാറാകാത്തതില്‍ കോണ്‍ഗ്രസിന് പരാതിയില്ല.

മറുവശത്ത് ഇലക്ടറല്‍ ബോണ്ട് വഴി ബിജെപിക്ക് 170 കോടി രൂപ കൊടുത്ത റോബര്‍ട്ട് വധ്ര വയനാട്ടിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവാണ്. ബിജെപിക്കും കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ ഒന്നും പറയാനില്ല.

രാഷ്ടീയപ്രവര്‍ത്തനമെന്നാല്‍ കള്ളപ്പണവും അധികാരവും മാത്രമാണ് കോണ്‍ഗ്രസിനും ബിജെപിക്കും.  കേരളത്തില്‍ അല്പം വൈകിയെങ്കിലും പ്രതിലോമരാഷ്ടീയക്കാര്‍ ഒന്നിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയം അത്തരത്തിലൊരു അവിശുദ്ധ സഖ്യത്തിലേക്ക് പോവുകയാണ്. ഈ ജനവിരുദ്ധ വലതുപക്ഷത്തെ ജനങ്ങളെ അണിനിരത്തി നേരിടുകയാണ് ഇടതുപക്ഷം ചെയ്യുന്നത്.

 

Tags