കേരളത്തിന് വീണ്ടും പാരവെച്ച് സിഎജി, ധനപ്രതിസന്ധി രൂക്ഷമാക്കാന്‍ കള്ളക്കളി, ജൂലൈയില്‍ തയ്യാറായ റിപ്പോര്‍ട്ടിന് ഒപ്പുവെച്ചില്ല, ഒരൊറ്റ ഒപ്പിടാന്‍ മാസങ്ങളുടെ കാലതാമസം, സമയക്കുറവെന്ന് ന്യായീകരണം

Thomas Isaac
Thomas Isaac

കിഫ്ബിക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് ആ സ്ഥാപനത്തെ തകര്‍ക്കുന്നതിന് സിഎജി സ്വീകരിച്ച നടപടികള്‍ കുപ്രസിദ്ധമാണ്. കിഫ്ബി പോലുള്ള സ്ഥാപനങ്ങള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ വായ്പയെടുത്താല്‍ ഒരു തെറ്റുമില്ല.

തിരുവനന്തപുരം: കേരളത്തിന്റെ ധനപ്രതിസന്ധി രൂക്ഷാമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ഷങ്ങളായി ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് പതിവാക്കുകയാണ്. ഏറ്റവുമൊടുവിലത്തെ സംഭവത്തില്‍ സിഎജിയാണ് കേരളത്തിന് പാരവെച്ചത്. ഇതേതുടര്‍ന്ന് കേരളത്തിന് ലഭിക്കേണ്ട 11,500 കോടി രൂപയുടെ വായ്പ വൈകുകയാണ്. നമ്മെ പാരവെക്കാനുള്ള കുതന്ത്രങ്ങളില്‍ സിഎജി സജീവപങ്കാളിയായി തുടരുകയാണ് എന്നാണ് ഇത് തെളിയിക്കുന്നതെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

കേരളത്തിന്റെ ധനപ്രതിസന്ധി രൂക്ഷമാക്കുന്നതിന് അക്കൗണ്ട്‌സ് റിപ്പോര്‍ട്ട് നാലു മാസമായി ഒപ്പുവെയ്ക്കാതെ സി്എജി താമസിപ്പിക്കുകയാണ് എന്ന ന്യൂസ് ബുള്ളറ്റ് വെളിപ്പെടുത്തല്‍ ഗൗരവത്തോടെയാണ് കാണേണ്ടത്. നമ്മെ പാരവയ്ക്കാനുള്ള കുതന്ത്രങ്ങളില്‍ സിഎജി സജീവപങ്കാളിയായി തുടരുകയാണ് എന്നാണ് ഈ വെളിപ്പെടുത്തല്‍ തെളിയിക്കുന്നത്.

കിഫ്ബിക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് ആ സ്ഥാപനത്തെ തകര്‍ക്കുന്നതിന് സിഎജി സ്വീകരിച്ച നടപടികള്‍ കുപ്രസിദ്ധമാണ്. കിഫ്ബി പോലുള്ള സ്ഥാപനങ്ങള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ വായ്പയെടുത്താല്‍ ഒരു തെറ്റുമില്ല. ബജറ്റ് പ്രസംഗത്തില്‍ പറയണമെന്നു മാത്രം. എന്നാല്‍ കിഫ്ബി വായ്പയെടുത്താല്‍ അത് ബജറ്റ് കണക്കിന്റെ ഭാഗമാണ്. നമ്മുടെ വായ്പാ പരിധിയില്‍ നിന്ന് അത് വെട്ടിക്കുറയ്ക്കും. സിഎജിയാണ് ഇതിനുവേണ്ടി അരങ്ങിനു പിന്നില്‍ കളിച്ചത്.  

ദേ, ഇപ്പോള്‍ സിഎജി അവരുടെ റിപ്പോര്‍ട്ടു വച്ചുതാമസിപ്പിച്ച് സംസ്ഥാനത്തിന്റെ ധനകാര്യ പ്രതിസന്ധി രൂക്ഷമാക്കുന്നതിന് ഗൂഡാലോചന നടത്തുകയാണ്. കേരളത്തിന് കടമെടുക്കാനുള്ള തുക കേന്ദ്രമാണ് നിശ്ചയിക്കുക. സംസ്ഥാന ജിഡിപിയുടെ 3 ശതമാനം വരെ വായ്പയെടുക്കാം. എന്നാല്‍ സിഎജി നിര്‍ദ്ദേശപ്രകാരം കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പയില്‍ ഒരു ഭാഗം വെട്ടിക്കുറച്ചാണ് ഈ വര്‍ഷത്തെ വായ്പാ പരിധി നിശ്ചയിച്ചിട്ടുള്ളത്.

ഇതിനു പുറമേ ട്രഷറി ഡെപ്പോസിറ്റ് വഴിയും മറ്റും എടുക്കുന്ന വായ്പകള്‍കൂടി വെട്ടിക്കുറയ്ക്കും. ബിജെപി അധികാരത്തില്‍ വന്നതിനുശേഷം കൊണ്ടുവന്ന പരിഷ്‌കാരമാണിത്. ഇങ്ങനെ ട്രഷറി വഴി 12,000 കോടി രൂപ നമ്മള്‍ വായ്പയെടുത്തൂവെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം എടുക്കാവുന്ന വായ്പാ പരിധി കേന്ദ്രം നിശ്ചയിച്ചത്. എന്നാല്‍ നമ്മള്‍ 296 കോടി രൂപയേ ട്രഷറി ഡെപ്പോസിറ്റ് വഴി വായ്പ എടുത്തിട്ടുള്ളൂ. അപ്പോള്‍ നമുക്ക് 11,500 കോടി രൂപ കൂടുതല്‍ വായ്പയെടുക്കാന്‍ അവകാശമുണ്ട്.

പക്ഷേ, ഒരു വൈതരണിയുണ്ട്. ട്രഷറി വഴി 296 കോടി രൂപയേ വായ്പയെടുത്തിട്ടുള്ളൂവെന്ന് സിഎജി സര്‍ട്ടിഫൈ ചെയ്യണം. സിഎജിയുടെ സര്‍ട്ടിഫിക്കറ്റ് അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ്. വാര്‍ഷിക റിപ്പോര്‍ട്ട് ജൂലൈയില്‍ തയ്യാറായി. എന്നാല്‍ തിരക്കുമൂലം ഇതുവരെ സിഎജിക്ക് ഒപ്പിടാന്‍ കഴിഞ്ഞിട്ടില്ല പോലും. സിഎജി ഒപ്പിട്ട് നിയമസഭയില്‍ സമര്‍പ്പിച്ചുകഴിഞ്ഞേ കേന്ദ്രം പറഞ്ഞ വായ്പ നമ്മള്‍ എടുത്തിട്ടില്ലായെന്ന കണക്ക് ഹാജരാക്കാന്‍ കഴിയൂ.

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാന സര്‍ക്കാരിന് 11,500 കോടി രൂപ എടുക്കാന്‍ അര്‍ഹതയുള്ള വായ്പ വച്ചുതാമസിപ്പിക്കുന്നതിനുള്ള ഗൂഡാലോചനയാണ് നടക്കുന്നത്. യുഡിഎഫ് ഇക്കാര്യത്തില്‍ ബിജെപിയോടൊപ്പമാണ്. ഈ അവിശുദ്ധകൂട്ടുകെട്ടിനെതിരെ വേണം ഉപതെരഞ്ഞെടുപ്പുകളിലെ വിധിയെഴുത്ത്.
ഇതു സംബന്ധിച്ച ന്യൂസ് ബുള്ളറ്റിന്റെ റിപ്പോര്‍ട്ട് ആദ്യ കമന്റില്‍.

 

Tags