സ്വര്‍ണ വ്യാപാരികളെ പിഴിഞ്ഞാല്‍ 15,000 കോടി രൂപ നികുതി കിട്ടുമോ? സതീശന്റെ ഒറ്റമൂലി ഫലിക്കാത്തത്, കണക്കുകള്‍ നിരത്തി തോമസ് ഐസക്

Thomas Isaac vd satheesan

സ്വര്‍ണ വ്യാപാരികളില്‍ നിന്നും കൃത്യമായി നികുതി പിരിച്ചാല്‍ 15,000 കോടി രൂപ പിരിച്ചെടുക്കാമെന്നാണ് വിഡി സതീശന്‍ പറയുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ കനിയാതെ ഇതിന്റെ കണക്കുപോലും കിട്ടില്ലെന്നാണ് തോമസ് ഐസക്കിന്റെ വാദം.

കൊച്ചി: സംസ്ഥാനത്തെ നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ മുന്നോട്ടുവെച്ച ആശയം പ്രായോഗികമാകില്ലെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. സ്വര്‍ണ വ്യാപാരികളില്‍ നിന്നും കൃത്യമായി നികുതി പിരിച്ചാല്‍ 15,000 കോടി രൂപ പിരിച്ചെടുക്കാമെന്നാണ് വിഡി സതീശന്‍ പറയുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ കനിയാതെ ഇതിന്റെ കണക്കുപോലും കിട്ടില്ലെന്നാണ് തോമസ് ഐസക്കിന്റെ വാദം.

tRootC1469263">

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഞാന്‍ കഴിഞ്ഞ ദിവസമാണ് ധനപ്രതിസന്ധിക്കുള്ള പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഒറ്റമൂലി വായിച്ചത്. സ്വര്‍ണ്ണത്തില്‍ നിന്നും 15000 കോടി രൂപ നികുതി പിരിക്കുമത്രേ. കേരളത്തിന്റെ റവന്യു കമ്മി തന്നെ ഇതോടെ ഇല്ലാതാകും. ഇതാണ് യുഡിഎഫ് ധനകാര്യ മേഖലയില്‍ കൊണ്ടുവരാന്‍ പോകുന്ന മാജിക്. അദ്ദേഹത്തെ ഉദ്ധരിക്കട്ടെ: 

''ഇനി ഒറ്റ കാര്യം കൂടി പറയട്ടെ. സ്വര്‍ണ്ണത്തിന് 2001ല്‍ ഒരു ഗ്രാമിന് 400 രൂപയില്‍ താഴെയാണ്. 8 ഗ്രാം ആണ് ഒരു പവന്‍; 3200 രൂപ ഒരു പവന്. 2001ല്‍ നമുക്ക് 500 കോടിയോളം രൂപ ടാക്‌സ് ആയി കിട്ടും. ഇപ്പോള്‍ 25 വര്‍ഷം കഴിഞ്ഞു. ഇന്ന് സ്വര്‍ണ്ണത്തിന്റെ വില എത്രയാണ്? 88,000 രൂപയാണ്. 2001ലെ മൂവായിരത്തി അപേക്ഷിച്ച് നോക്കുമ്പോള്‍ എത്ര ഇരട്ടിയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വില്‍ക്കുന്ന സ്ഥലവും കേരളമാണ്. അപ്പോള്‍ ഇതിന്റെ ഭാഗമായി ഏകദേശം ഒരു 30 ഇരട്ടിയോളം ടാക്‌സ് വര്‍ദ്ധിക്കേണ്ടതാണ്. പക്ഷേ ഇപ്പോഴും കിട്ടുന്നത് 500 കോടിയാണ്. അപ്പോള്‍ shady business ആണ്. ടാക്‌സ് അടയ്ക്കാതെ ബിസിനസ് നടക്കുകയാണ് സ്വര്‍ണ്ണത്തില്‍. ഇതു പഠിക്കണ്ടെ? മനസ്സിലാക്കണ്ടേ? അത് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം നടത്തണ്ടേ? ഒന്നും ചെയ്യുന്നില്ല...... 

ഇപ്പോള്‍ ഗോള്‍ഡ്, കേരളത്തില്‍ നിന്ന് എത്ര ഗോള്‍ഡ് വില്‍ക്കുന്നുണ്ട് എന്ന് അറിയാന്‍ പറ്റണം. അതില്‍ എത്ര ഗോള്‍ഡ് ആണ് കടകളില്‍ കൂടി വിറ്റിട്ട് നമുക്ക് ടാക്‌സ് അടയ്ക്കുന്നത്? കടകളില്‍ അല്ലാതെ എത്ര shady business നടക്കുന്നുണ്ട്? അത് അറിഞ്ഞിട്ട് അത് പിടിക്കണ്ടേ? എല്ലാവരും പിടിക്കണ്ട, ഒരു അഞ്ചു പേരെ പിടിച്ചാല്‍ മതി. എന്നാല്‍ അങ്ങനെ പിടിക്കാനുള്ള ഒരു ശ്രമവും നടത്തുന്നില്ല. അപ്പോള്‍ സത്യത്തില്‍ പതിനായിരമോ 15,000  രൂപ രൂപയുടെ ടാക്‌സ് ഗോള്‍ഡില്‍ നിന്ന് മാത്രം കിട്ടിയേനെ. 15000 കോടി നമ്മുടെ കയ്യില്‍ കിട്ടിയാല്‍ നമുക്ക് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാം.''

ഇതുകേട്ടിട്ട് അഭിമുഖം നടത്തുന്നയാള്‍ക്ക് വിസ്മയംകൊണ്ട് ഇരിക്കപ്പൊറുതിയില്ല. അദ്ദേഹം ആശ്ചര്യപ്പെടുന്നത് ഇങ്ങനെ: ''നമ്മുടെ ഫിസ്‌ക്കല്‍ ഡെഫിസിറ്റ് 40000 കോടി രൂപയാണ്. ഒരു 15,000 കോടി രൂപ ഇങ്ങനെ കയ്യില്‍ വന്നാല്‍ ഈ ഡെഫിസിറ്റിന്റെ പകുതി അങ്ങനെതന്നെ മാറി.''

ആദ്യം തന്നെ ചെറിയൊരു തിരുത്ത്. 2006-ല്‍ യുഡിഎഫ് ഭരണം അവസാനിക്കുമ്പോള്‍ സ്വര്‍ണ്ണ നികുതി വരുമാനം 23 കോടി രൂപ ആയിരുന്നു. വാറ്റില്‍ കോമ്പോസിഷന്‍ കൊണ്ടുവന്നതിന്റെ ഫലമായി അത് 2011 ആയപ്പോള്‍ 450 കോടി രൂപയായി. ജി.എസ്.ടി വന്നപ്പോള്‍ നികുതി എത്ര? ആര്‍ക്കും അറിഞ്ഞുകൂടായെന്നു പറഞ്ഞാല്‍ ഞെട്ടരുത്. 

ജി.എസ്.ടി നികുതി അടയ്ക്കുന്ന ഫോമില്‍ ഏതെല്ലാം ഉല്പന്നങ്ങള്‍ക്കാണ് നികുതി അടയ്ക്കുന്നതെന്നു വെളിപ്പെടുത്തേണ്ടതില്ല. അതുകൊണ്ട് സ്വര്‍ണ്ണത്തില്‍ നിന്ന് എത്ര നികുതി കിട്ടുന്നൂവെന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരം പറയാനാവില്ല. ഇതു സംബന്ധിച്ച് തര്‍ക്കം വേണ്ട. ജോണ്‍ ബ്രിട്ടാസ് എംപി പാര്‍ലമെന്റില്‍ ഇനം തിരിച്ചുള്ള ജി.എസ്.ടി വരുമാനത്തെക്കുറിച്ച് ഒരു ചോദ്യം ചോദിച്ചു. അങ്ങനെയൊരു വിവരം ലഭ്യമല്ലായെന്ന് കേന്ദ്ര ധനമന്ത്രി മറുപടിയും നല്‍കി.

കേരളത്തിലേക്ക് എന്തെല്ലാം ചരക്കുകള്‍ കൊണ്ടുവരുന്നു, എന്തെല്ലാം വില്‍ക്കുന്നു എന്നൊക്കെ അറിയണമെങ്കില്‍ ഒറ്റമാര്‍ഗ്ഗമേയുള്ളൂ; ഇവേ-ബില്ല് ഡാറ്റാബേസ് പരിശോധിക്കുക. 50,000 രൂപയ്ക്കു മുകളിലുള്ള ചരക്കുകള്‍ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകണമെങ്കില്‍ ഇവേ-ബില്ല് വേണം. ഒരു ചരക്കിന് മാത്രം ഇത് നിര്‍ബന്ധമായിരുന്നില്ല. അത് സ്വര്‍ണ്ണത്തിനാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? ആകെ വേണ്ടത് ഇന്ന വ്യക്തിയെ അല്ലെങ്കില്‍ സ്ഥാപനത്തെ കാണിക്കാന്‍ കൊണ്ടുപോകുന്നതാണെന്നു സ്വയം സാക്ഷ്യപ്പെടുത്തി സൂക്ഷിച്ചാല്‍ മതി. 

തുടക്കം മുതലേ ഇതിനെ എതിര്‍ത്തുവരുന്ന സംസ്ഥാനം കേരളമാണെന്നകാര്യം പ്രതിപക്ഷനേതാവിന് അറിയാമോ? കേരളത്തിന്റെ നിലപാടിനെ നിശിതമായി ചെറുക്കുന്ന സമീപനമാണ് ഗുജറാത്ത്, യുപി സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ബിജെപി സംസ്ഥാനങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. കാരണവും പറഞ്ഞേക്കാം. കള്ളക്കടത്ത് സ്വര്‍ണ്ണത്തിന്റെ ഗണ്യമായ ഭാഗം നേപ്പാള്‍ വഴി ഗുജറാത്തിലേക്കാണ് പോകുന്നത്. സ്വര്‍ണ്ണത്തിന്റെ നീക്കം പുറത്തറിഞ്ഞാല്‍ സുരക്ഷിതത്വ പ്രശ്‌നം സൃഷ്ടിക്കും എന്നതായിരുന്നു അവരുടെ വാദം. ഒടുവില്‍ ഒരു ഉപസമിതിയെ വച്ചു. ഞാന്‍ ആയിരുന്നു അതിന്റെ അധ്യക്ഷന്‍. അവസാനം മഹാരാഷ്ട്രയുടെ മധ്യസ്ഥതയില്‍ ഇഷ്ടമുള്ള സംസ്ഥാനങ്ങള്‍ക്ക് സ്വര്‍ണ്ണത്തിന് ഈവേ-ബില്ല് ഏര്‍പ്പെടുത്താമെന്ന് കൗസിലില്‍ ശുപാര്‍ശ ചെയ്യാന്‍ ധാരണയായി. എന്നാല്‍ ഇത് ജി.എസ്.ടി കൗണ്‍സില്‍ അംഗീകരിച്ചത് കഴിഞ്ഞ വര്‍ഷം മാത്രമാണ്. 

മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വിദേശത്തു നിന്നോ കൊണ്ടുവരുന്ന സ്വര്‍ണ്ണത്തിന് ഇവേ-ബില്ല് നിര്‍ബന്ധമാക്കാന്‍ കേരളത്തെ കൗണ്‍സില്‍ അനുവദിച്ചില്ല. കേരളത്തിനകത്തുള്ള വില്‍പ്പനയ്ക്കു മാത്രമാണ് ഈവേ-ബില്ല്. അതില്‍ തന്നെ ഭാഗികമായ അനുവാദം മാത്രമാണുള്ളത്; ഈവേ-ബില്ലിലെ ചരക്കു നീക്കം നടത്തുന്ന വാഹനത്തിന്റെ വിവരം നല്‍കേണ്ട ഭാഗമായ പാര്‍ട്ട് ബി സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ നടപ്പിലാക്കാന്‍ കൗണ്‍സില്‍ ഇന്നും അനുവദിച്ചിട്ടില്ല. ഇങ്ങനെ കേരളത്തിനകത്ത് മാത്രമുള്ള നിലവിലെ പാതി ഈവേ-ബില്ല് സംവിധാനം കൊണ്ട് വെട്ടിപ്പ് തടയാനാവില്ല. കാരണം, സംസ്ഥാനത്തിനു പുറത്തുള്ള ജ്വല്ലറി ബ്രാഞ്ചുകളുമായി കൃത്രിമ കച്ചവടത്തിന്റെ രേഖകളുണ്ടാക്കി നികുതി വെട്ടിപ്പ് നടത്താനാകും. ഈയൊരു അവസ്ഥാവിശേഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈയുംകെട്ടി ഇരുന്നിട്ടില്ല. 

എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള ഒരു നടപടി പറയട്ടെ- കണക്കില്‍പ്പെടുത്താത്ത 108 കിലോ സ്വര്‍ണ്ണം കണ്ടുപിടിച്ച 2024 ഒക്ടോബറില്‍ 700 നികുതി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു നടത്തിയ തൃശ്ശൂര്‍ റെയ്ഡ് പരമ്പരയിലേതാണ് ഇതില്‍ ഏറ്റവും പ്രധാനം. 2025-ലും ഇതുപോലെ മറ്റൊരു വ്യാപക റെയ്ഡ് നടത്തി. ഇതുകൊണ്ടൊക്കെ പരിമിതമായ പ്രത്യാഘാതങ്ങളേ ഉണ്ടാകൂ. ജി.എസ്.ടി നിയമ വ്യവസ്ഥയില്‍ അടിസ്ഥാനപരമായ പൊളിച്ചെഴുത്ത് ഉണ്ടാകണം. 

സ്വര്‍ണ്ണത്തിന് ഈവേ-ബില്ല് എല്ലാ സംസ്ഥാനങ്ങളിലും, അന്തര്‍സംസ്ഥാന ഇടപാടുകള്‍ക്കും  നിര്‍ബന്ധമാക്കണം. ഈ-ഇന്‍വോയ്‌സിങ് സംവിധാനത്തിലൂടെ കച്ചവട സ്ഥാപനങ്ങളിലെ വില്പന വിവരങ്ങള്‍ അറിയാനുള്ള സംവിധാനം ഒരുക്കണം.  കേരളത്തിലേക്ക് കൊണ്ടുവരുന്ന ഈവേ-ബില്ലുള്ള സ്വര്‍ണ്ണം സംബന്ധിച്ച് തത്സമയം വിവരം പോര്‍ട്ടലില്‍ നിന്ന് അറിയാനുള്ള അവകാശം സംസ്ഥാനത്തിനു നല്‍കണം. ഇതൊന്നും ഉറപ്പുവരുത്താതെ സ്വര്‍ണ്ണ നികുതി വരുമാനം കുത്തനെ ഉയര്‍ത്താമെന്നത് ദിവാസ്വപ്നം മാത്രമാണ്.

Tags