സര്‍ക്കാര്‍ ഉത്തരവിലും നുണയോ? ക്ഷേമ പെന്‍ഷന്‍ ബാങ്കിലേക്ക് മാറ്റാന്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശമില്ല, ഉത്തരവ് പുറത്തുവിടാന്‍ വെല്ലുവിളിയുമായി തോമസ് ഐസക്

vd satheesan Thomas Isaac

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ നഷ്ടപ്പെടുമെന്ന കാരണം സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഏത് ഉത്തരവിലാണ് ഇങ്ങനെയൊരു ആവശ്യം കേന്ദ്രം മുന്നോട്ടുവെക്കുന്നതെന്ന് തോമസ് ഐസക് ചോദിച്ചു.

തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകളില്‍ ബാങ്കുകളിലേക്ക് മാറ്റാനായി സംസ്ഥാന സര്‍ക്കാര്‍ പറയുന്ന കാരണം പച്ചക്കള്ളമാണെന്ന് സിപിഎം നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ തോമസ് ഐസക്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ നഷ്ടപ്പെടുമെന്ന കാരണം സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഏത് ഉത്തരവിലാണ് ഇങ്ങനെയൊരു ആവശ്യം കേന്ദ്രം മുന്നോട്ടുവെക്കുന്നതെന്ന് തോമസ് ഐസക് ചോദിച്ചു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഇങ്ങനെ കള്ളം പറയരുത്. ഏതെങ്കിലും പ്രസംഗത്തെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. സര്‍ക്കാര്‍ ഉത്തരവിനെക്കുറിച്ചാണ്. ''....Direct Benefit Transfer സംബന്ധിച്ച കേന്ദ്ര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാത്തതിനാല്‍, കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ സര്‍ക്കാരിന് നഷ്ടപ്പെടുന്ന സാഹചര്യം....'' പരിഗണിച്ചാണ് സഹകരണ ബാങ്ക് വഴി വീടുകളില്‍ ക്ഷേമ പെന്‍ഷന്‍ എത്തിക്കുന്ന രീതി അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം എന്നാണ് കേരള സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ഏത് ഉത്തരവിലാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ നേരിട്ട് വീട്ടില്‍ എത്തിച്ചാല്‍ കേന്ദ്രത്തിന്റെ വിഹിതം നഷ്ടപ്പെടുമെന്ന് പറയുന്നത്? പെരുംനുണയാണിത്. 2022, 2023 വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാരുമായി ഒട്ടേറെ ചര്‍ച്ച നടന്നിട്ടുള്ള ഒരു കാര്യമാണിത്. അന്നൊന്നും ഇല്ലാതിരുന്ന ഒരു ഭീഷണി ഇപ്പോള്‍ കേന്ദ്രത്തില്‍ നിന്നും ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ രേഖ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പുറത്തുവിടാന്‍ തയ്യാറാകണം. 

എന്താണ് യാഥാര്‍ത്ഥ്യം?
കേരളത്തില്‍ 51 ലക്ഷത്തിലേറെ പേര്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സാമൂഹ്യസുരക്ഷാ, വയോജന പെന്‍ഷനുകള്‍ വാങ്ങുന്നവരുണ്ട്. മറ്റൊരു 9 ലക്ഷത്തിലേറെ പേര്‍ ക്ഷേമനിധി ബോര്‍ഡുകള്‍ വഴി സഹായം ലഭിക്കുന്നവരുണ്ട്. എല്ലാവരുംകൂടി 61 ലക്ഷം പേര്‍. 

ഇതില്‍ 8 ലക്ഷം പേര്‍ക്കു മാത്രമാണ് കേന്ദ്ര ധനസഹായം ലഭിക്കുന്നത്. അതും ഒരാള്‍ക്ക് 200-300 രൂപ മാത്രം. 80 വയസ് കഴിഞ്ഞവരാണെങ്കില്‍ 500 രൂപ ലഭിക്കും. ഒരു മാസം 941 കോടി രൂപ കേരള സര്‍ക്കാരിന് പെന്‍ഷന്‍ നല്‍കാന്‍ വേണ്ടി വരുമ്പോള്‍ കേന്ദ്ര സഹായം 24 കോടി രൂപ മാത്രമാണ്. 

2022 ഡിസംബര്‍ വരെ കേന്ദ്ര വിഹിതം മുന്‍കൂറായി സംസ്ഥാന പെന്‍ഷനോടൊപ്പം നല്‍കി വരുന്ന സമ്പ്രദായമാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചുവന്നത്. പലപ്പോഴും വലിയ കാലതാമസം കഴിഞ്ഞാണ് കേന്ദ്ര വിഹിതം ലഭിക്കുക. ഈയിനത്തില്‍ 600 കോടി രൂപ വരെ കുടിശികയായ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. 

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ വിതരണത്തില്‍ വലിയ അരാജകത്വമായിരുന്നു. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ പോലുള്ളവ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴിയാണ് വിതരണം ചെയ്തിരുന്നത്. മറ്റുള്ളവ പോസ്റ്റോഫീസ് വഴിയും. എന്നാല്‍ പോസ്റ്റോഫീസിലെ ജീവനക്കാരുടെ ഒഴിവുകള്‍ കേന്ദ്ര സര്‍ക്കാര്‍ നികത്താതെ വന്നതുകൊണ്ട് പെന്‍ഷന്‍ വിതരണം മുടങ്ങി. ചില സന്ദര്‍ഭങ്ങളില്‍ കൊടുത്ത പണം സംസ്ഥാന സര്‍ക്കാര്‍ പോസ്റ്റോഫീസ്, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തതോടെ ആര്‍ക്ക്, എത്ര വീതം പെന്‍ഷന്‍ കിട്ടി, കുടിശിക എത്ര എന്നൊന്നിനും ഒരു വ്യവസ്ഥയുമില്ലാതായി. 

ഈ സ്ഥിതിവിശേഷത്തിന് അറുതിവരുത്തിയത് 2016-ല്‍ അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാരാണ്. ശരാശരി 18 മാസത്തെ കുടിശിക കൊടുത്തു തീര്‍ത്തു. പോസ്റ്റോഫീസ് വഴിയുള്ള പെന്‍ഷന്‍ വിതരണം നിര്‍ത്തുന്നതിനും അത് സഹകരണ ബാങ്കുകള്‍ വഴിയാക്കുന്നതിനും തീരുമാനിച്ചു. തീരുമാനം നടപ്പാക്കുന്നതിനു മുമ്പ് ഒരുകാര്യം കൂടി ചെയ്തു. കുടുംബശ്രീ വഴി ഓരോ ഗുണഭോക്താവിനും പെന്‍ഷന്‍ തുക വാണിജ്യ ബാങ്കുകള്‍ വഴി വേണമോ, സഹകരണ ബാങ്കുകള്‍ വഴി വീട്ടില്‍ നേരിട്ട് എത്തിക്കണമോയെന്ന് ആരാഞ്ഞു. 

ഏതാണ്ട് 23 ലക്ഷം ഗുണഭോക്താക്കള്‍ സഹകരണ ബാങ്ക് വഴി നേരിട്ട് വീട്ടില്‍ പണം എത്തിക്കാനാണ് താല്പര്യപ്പെട്ടത്. ഈ സ്‌കീം പ്രകാരം കൃത്യമായി പണം വാണിജ്യ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും നല്‍കുന്നതിനുള്ള സോഫ്ടുവെയര്‍ ഐകെഎം തയ്യാറാക്കി. പെന്‍ഷന്‍ വിതരണം കൃത്യസമയത്ത് നടത്തുന്നതിന് ഒരു പ്രത്യേക കമ്പനിക്കും രൂപം നല്‍കി. പെന്‍ഷന്‍ തുക പടിപടിയായി 1600 രൂപയായും വര്‍ദ്ധിപ്പിച്ചു.

ഇങ്ങനെയിരിക്കെയാണ് 2023 ജനുവരിയില്‍ കേന്ദ്ര വിഹിതം നേരിട്ട് ഡി.ബി.റ്റി വഴി ഗുണഭോക്താക്കള്‍ക്ക് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. അല്ലാത്തപക്ഷം കേന്ദ്ര സഹായം നഷ്ടപ്പെടും. ഇത് സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തി. കേന്ദ്ര വിഹിതം 8 ലക്ഷം പേര്‍ക്ക് ബാങ്ക് വഴി നല്‍കുന്നതിനുള്ള ഏര്‍പ്പാടുണ്ടാക്കി. ബാക്കിയുള്ളവര്‍ക്ക് അവര്‍ നേരത്തെ ആഗ്രഹിച്ചതുപോലെ വാണിജ്യ ബാങ്കു വഴിയോ സഹകരണ ബാങ്ക് വഴി നേരിട്ട് വീട്ടിലോ പണം എത്തിച്ചുകൊണ്ടിരുന്നു.
കേന്ദ്ര സഹായം ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്കുപോലും കേന്ദ്ര സഹായം ഡി.ബി.റ്റി വഴി നല്‍കുമ്പോള്‍ ബാക്കിയുള്ള തുക അവരുടെ ആഗ്രഹപ്രകാരം ഡി.ബി.റ്റി വഴിയോ നേരിട്ട് വീട്ടിലോ എത്തിച്ചുകൊടുക്കുന്നതിന് തീരുമാനിച്ചു. 

ഈ സംവിധാനമാണ് വി.ഡി. സതീശന്‍ സര്‍ക്കാര്‍ തകര്‍ക്കുന്നത്. 23 ലക്ഷം വരുന്ന ഗുണഭോക്താക്കളുടെ ആഗ്രഹപ്രകാരമാണ് വീട്ടില്‍ പണം എത്തിച്ചുകൊടുത്തു കൊണ്ടിരുന്നത്. അവരുമായിട്ട് ഒരുവട്ടംപോലും ചര്‍ച്ച ചെയ്യാതെ നിലവിലെ സംവിധാനത്തെ അട്ടിമറിക്കുന്നതിനുള്ള അടിയന്തര കാരണത്തിന് നുണപറഞ്ഞ് ന്യായീകരിക്കുകയാണ്. കേരളത്തിലെ പെന്‍ഷന്‍ മുഴുവന്‍ ഡി.ബി.റ്റി.യില്‍ ആക്കിയില്ലെങ്കില്‍ കേന്ദ്ര സഹായം നഷ്ടപ്പെടുമത്രേ!

ഇതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് അടിയന്തരമായി പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. അല്ലെങ്കില്‍ വഞ്ചിക്കപ്പെട്ട പെന്‍ഷന്‍ ഗുണഭോക്താക്കളോട് മാപ്പ് പറയാന്‍ തയ്യാറാകണം. 

കിടപ്പുരോഗികള്‍ക്ക് പുതിയ ഉത്തരവില്‍ ഒഴിവ് നല്‍കിയതുകൊണ്ട് പ്രശ്‌നം അവസാനിക്കില്ല. ആരാണ് കിടപ്പുരോഗിയെന്നത് തീരുമാനിക്കുന്നത് എങ്ങനെ? കിടപ്പുരോഗി അല്ലെങ്കിലും മറ്റേതെങ്കിലും കാരണംകൊണ്ട് വീട്ടില്‍ പണം എത്തിച്ചുതരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ആ സേവനം നിഷേധിക്കുന്നതിന് എന്ത് ന്യായമാണ് പറയാനുള്ളത്?

സഹകരണ ബാങ്കുകള്‍ കാര്യക്ഷമമല്ലെന്നും ക്രമക്കേടുകള്‍ ഉണ്ടെന്നുമാണ് ഉത്തരവില്‍ പറയുന്ന മറ്റൊരു ന്യായം. സഹകരണ പ്രസ്ഥാനങ്ങള്‍ കേരളത്തിന്റെ കരുത്താണ്. അതിനെതിരായിട്ടാണ് കേരള സര്‍ക്കാരിന്റെ നീക്കം. എല്‍ഡിഎഫിനും യുഡിഎഫിനും സഹകരണ സംഘങ്ങളില്‍ നിയന്ത്രണമുണ്ട്. അവിടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹകരണ സംഘങ്ങളോട് ചര്‍ച്ച നടത്തുകയാണ് വേണ്ടത്. അബദ്ധവശാലാണോയെന്ന് അറിയില്ല മനോരമ വിഷന്‍ പുറത്തുകൊണ്ടുവന്ന ഒരു വിവരം കൗതുകകരമാണ്. 272 സംഘങ്ങളില്‍ ക്രമക്കേട് കണ്ടുപിടിച്ചു. അതില്‍ 202 ഉം യുഡിഎഫിന്റേതാണ്. 

സഹകരണ സംഘങ്ങളിലെ പ്രശ്‌നങ്ങള്‍ നമുക്ക് കൂട്ടായി പരിഹരിക്കാം. അക്കാരണം പറഞ്ഞ് ജനദ്രോഹ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങരുത്.

Tags