'മാതൃഭൂമി സര്‍വെ തട്ടിക്കൂട്ട് കോമഡി, എന്തിനാണ് ഈ തരികിട അഭ്യാസം?' സുരേന്ദ്രന് കിട്ടിയതിനേക്കാള്‍ വോട്ട് അനില്‍ ആന്റണിക്കോ?
കൊച്ച: മാതൃഭൂമി ന്യൂസ് ചാനല്‍ പുറത്തുവിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സര്‍വെയ്‌ക്കെതിരെ സിപിഎം നേതാവും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ തോമസ് ഐസക്. മാതൃഭൂമി ചാനല്‍ പ്രസിദ്ധീകരിച്ച സര്‍വെ തട്ടിക്കൂട്ടാണെന്നും യുക്തിക്ക് നിരക്കുന്നതല്ലെന്നും കണക്കുകളും വസ്തുകളും ചൂണ്ടിക്കാട്ടി തോമസ് ഐസക് പറയുന്നു.
കോണ്‍ഗ്രസിനായ സിറ്റിങ് എംപി ആന്റോ ആന്റണിയും ബിജെപിക്കായി അനില്‍ ആന്റണിയും മത്സരിക്കുന്ന പത്തനംതിട്ടയില്‍ സിപിഎമ്മിനും ബിജെപിക്കും തുല്യ വോട്ടിങ് ശതമാനമാണ് സര്‍വെ പ്രവചിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് ലഭിച്ചത് 28 ശതമാനം വോട്ടാണ്. ഇത്തവണ അനില്‍ ആന്റണിക്ക് 31 ശതമാനം കിട്ടുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നതെന്ന് തോമസ് ഐസക് പറഞ്ഞു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
മാതൃഭൂമി ചാനല്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായസര്‍വെ ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും. അതൊരു തട്ടിക്കൂട്ടു പരിപാടിയാണെന്നു പറയാന്‍ കാരണങ്ങള്‍ ധാരാളമുണ്ട്. തട്ടിക്കൂട്ടാനും മാനിപ്പുലേറ്റു ചെയ്യാനും അത്യധ്വാനം ചെയ്യുമ്പോള്‍പ്പോലും ചില കാര്യങ്ങള്‍ അറിയാതെ പുറത്തുവരും. പത്തനംതിട്ടയെ സംബന്ധിച്ച് ആ സര്‍വെയ്ക്ക് മറച്ചുവെയ്ക്കാന്‍ കഴിയാത്ത സുപ്രധാനമായ കാര്യം ഏതാണ്?
നിലവിലെ എംപിയുടെ ജനപിന്തുണ അഞ്ചു ശതമാനത്തോളം ഇടിഞ്ഞിരിക്കുന്നു എന്ന് ആ സര്‍വെ തന്നെ പറയുന്നു. കഴിഞ്ഞ തവണ 37 ശതമാനം വോട്ടു കിട്ടിയ യുഡിഎഫിന് ഇപ്പോള്‍ 32 ശതമാനമേയുള്ളൂ.
എല്‍ഡിഎഫിന്റെ വിഹിതം നമുക്കു പിന്നീട് നോക്കാം. യുഡിഎഫിനുണ്ടാകുന്ന വോട്ടു നഷ്ടം മൊത്തമായി ബിജെപി വിഴുങ്ങിയെന്നാണ് സര്‍വെ പ്രവചിക്കുന്നത്. ബിജെപിയ്ക്ക് കഴിഞ്ഞ തവണ കിട്ടിയ 28 ശതമാനം 31 ശതമാനമായി കുതിച്ചുയരുമത്രേ! യാഥാര്‍ത്ഥ്യമെന്താണ്?
പത്തനംതിട്ടയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ സര്‍വകാല പൊട്ടിത്തെറിയാണ് ബിജെപിയിലുണ്ടായത്. ഈ സ്ഥാനാര്‍ത്ഥി ഒരു ലക്ഷം വോട്ടുപോലും നേടില്ലെന്ന് കര്‍ഷകമോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് പരസ്യമായി തുറന്നടിച്ചു. അദ്ദേഹത്തെ ബിജെപിയ്ക്കു പുറത്താക്കേണ്ടി വന്നു. വേറെയും ചില എതിരഭിപ്രായങ്ങള്‍ പരസ്യമായിത്തന്നെ ഉയര്‍ന്നു വന്നു. അതിനുശേഷം ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് സിപിഎമ്മിനോടു പരസ്യമായി ബന്ധം സ്ഥാപിച്ച് ബിജെപിയില്‍ നിന്ന് പത്തനംതിട്ടയില്‍ പിന്മാറിയിട്ടുള്ളത്. അനില്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പല ബിജെപി പ്രവര്‍ത്തകരുടെയും പ്രതിഷേധം ഇപ്പോഴും വിട്ടുപോയിട്ടില്ല. പലരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എന്നെ ബന്ധപ്പെടുന്നുണ്ട്.
അതായത്, ഈ മണ്ഡലത്തിലെ സാധാരണ ബിജെപി പ്രവര്‍ത്തകര്‍ക്കുപോലും അസ്വീകാര്യനായ ഒരു സ്ഥാനാര്‍ത്ഥിയെയാണ് അവര്‍ അവതരിപ്പിച്ചത്. രാഷ്ട്രീയത്തിലോ പൊതുപ്രവര്‍ത്തനരംഗത്തോ യാതൊരു പരിചയവുമില്ലാത്തതുകൊണ്ട് സ്വന്തം പാര്‍ടിയിലെ അണികളും നേതാക്കളും പരസ്യമായിത്തന്നെ തിരസ്‌കരിച്ചു കഴിഞ്ഞ സ്ഥാനാര്‍ത്ഥിയാണ് ബിജെപിയ്ക്ക് പത്തനംതിട്ടയിലുള്ളത്.
ആ സ്ഥാനാര്‍ത്ഥിയ്ക്കാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ വോട്ടു കിട്ടുമെന്ന് മാതൃഭൂമിയുടെ സര്‍വെ പ്രവചിക്കുന്നത്. തട്ടിക്കൂട്ടിയാലല്ലാതെ, മാനിപ്പുലേറ്റു ചെയ്താലല്ലാതെ ഇങ്ങനെയൊരു പ്രവചനം നടത്താനാവില്ല.
മാതൃഭൂമി പ്രവചിക്കുന്ന വോട്ടുവിഹിതം ബിജെപിയ്ക്ക് പത്തനംതിട്ടയില്‍ കിട്ടണമെങ്കില്‍ എന്തൊക്കെ സംഭവിക്കണമെന്നു നോക്കൂ. 2019ല്‍ അവര്‍ക്കു കിട്ടിയ 29 ശതമാനം വോട്ട് 2021ല്‍ 19 ശതമാനമായി താണു. മുമ്പെങ്ങുമില്ലാത്തവിധം വര്‍ഗീയപ്രചരണം ആളിക്കത്തിച്ചുകൊണ്ട് അവരുടെ സംസ്ഥാന അധ്യക്ഷന്‍ നേരിട്ടിറങ്ങി സമാഹരിച്ച വോട്ടുവിഹിതമാണ് 2021ല്‍ പിറകോട്ടു പോയത്.
ഏറ്റവും കൌതുകമുള്ള കണക്ക് കോന്നിയിലേതാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ കോന്നി മണ്ഡലത്തില്‍ നിന്ന് അദ്ദേഹം നേടിയത് 46506 വോട്ടാണ്. 32.17 ശതമാനം വോട്ട്. അതേ സുരേന്ദ്രന്‍ തന്നെയായിരുന്നു 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോന്നിയിലെ ബിജെപി സ്ഥാനാര്‍ത്ഥി. അന്ന് കിട്ടിയതോ, 32811 വോട്ട്. 21.81 ശതമാനം. സുരേന്ദ്രനു തന്നെ കോന്നിയില്‍ 11 ശതമാനം വോട്ടു കുറഞ്ഞു.
മറ്റു മണ്ഡലങ്ങളുടെ കണക്കുകൂടി നോക്കാം. 2019, 2021 തിരഞ്ഞെടുപ്പുകളുടെ താരതമ്യമാണ്.
കാഞ്ഞിരപ്പള്ളിയില്‍ 26 ശതമാനത്തില്‍ നിന്ന് 21 ശതമാനമായി കുറഞ്ഞു.
പൂഞ്ഞാറില്‍ 22 ശതമാനത്തില്‍ നിന്ന് 29 ശതമാനമായി. അത് പിസി ജോര്‍ജിന്റെ മാത്രം സംഭാവനയാണ്. അത് ഇക്കുറിയും അതുപോലെയെങ്കിലും കിട്ടുമോ എന്ന് കണ്ടറിയണം.
തിരുവല്ലയില്‍ 27 ശതമാനം 16 ശതമാനമായി ഇടിഞ്ഞു.
റാന്നിയില്‍ 29 ശതമാനം 15 ശതമാനമായി ഇടിഞ്ഞു.
അടൂരില്‍ 32 ശതമാനം 15 ശതമാനമായി ഇടിഞ്ഞു
ആറന്മുളയില്‍ 30 ശതമാനം 18 ശതമാനമായി ഇടിഞ്ഞു.
നോക്കൂ. ആകെ ഏഴു മണ്ഡലങ്ങളില്‍ നാലെണ്ണത്തിന്റെയും ശരാശരി 16 ശതമാനം മാത്രമാണ്. ഇത് 30 ശതമാനമായി കുതിച്ചുയരുമെന്നാണ് മാതൃഭൂമിയുടെ പ്രവചനം. ഡാറ്റ മാനിപ്പുലേറ്റു ചെയ്തുകൊണ്ടല്ലാതെ ഒരിക്കലും ഇത്തരമൊരു നിഗമനത്തിലേയ്ക്ക് എത്താനാവില്ല.
എന്തിനാണ് ഈ തരികിട അഭ്യാസം? 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജിനെ തോല്‍പ്പിച്ചതില്‍ വോട്ടെടുപ്പിനു മുമ്പ് നടത്തിയ അഭിപ്രായ സര്‍വ്വേ വലിയ പങ്കുവഹിച്ചിട്ടുണ്ട്. യുഡിഎഫ് ഒന്നാംസ്ഥാനത്ത്, തൊട്ടടുത്ത് ബിജെപി രണ്ടാംസ്ഥാനത്ത്. എല്‍ഡിഎഫ് ദൂരെ മൂന്നാംസ്ഥാനത്ത്. ഇതായിരുന്നു സര്‍വെ പ്രവചിച്ച സാഹചര്യം.
ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കുമോയെന്ന് മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കസൃഷ്ടിക്കലായിരുന്നു സര്‍വ്വേയുടെ ലക്ഷ്യം. അതില്‍ അവര്‍ വിജയിച്ചു. എല്‍ഡിഎഫിനു കിട്ടേണ്ടിയിരുന്ന ന്യൂനപക്ഷ വോട്ടുകളില്‍ ഗണ്യമായൊരു പങ്ക് ബിജെപി വിജയം തടയുന്നതിനുവേണ്ടി യുഡിഎഫിലേക്കു മാറി. രണ്ടാംസ്ഥാനത്ത് എല്‍ഡിഎഫ് ആയിരുന്നെങ്കിലും 40,000 വോട്ടിന് യുഡിഎഫ് വിജയിച്ചു.
സമാനമാണ് മാതൃഭൂമിയുടെ അഭ്യാസവും. 2019 ആവര്‍ത്തിപ്പിക്കാനുള്ള ശ്രമമാണ്. അവരോട് ഒന്നേ പറയാനുള്ളൂ. ചക്ക വീഴുമ്പോഴെല്ലാം മുയല്‍ ചാകുമെന്നു കരുതേണ്ട. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തൊട്ടുമുമ്പായിരുന്നല്ലോ മോദിയുടെ സന്ദര്‍ശനം. അതൊക്കെ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ പ്രകമ്പനം സൃഷ്ടിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാനും സര്‍വെയ്ക്ക് ഫണ്ടിറക്കിയവര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടാകും. എന്തായാലും ഈ തട്ടിക്കൂട്ട് സര്‍വ്വേ കൊണ്ടൊന്നും സര്‍വെക്കാരും മാതൃഭൂമിയും ഉദ്ദേശിച്ചതൊന്നും നടക്കാന്‍ പോകുന്നില്ല.
.jpg)

