പറശിനിയിൽ വിധവയുടെ ഭൂമി കൈയേറി സ്ഥാപിച്ച ട്രാൻസ്ഫോർമർ മാറ്റാൻ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട കെ.എസ്.ഇ.ബിക്കെതിരെ കടുത്ത അമർഷം
തളിപ്പറമ്പ്: സ്വകാര്യ വ്യക്തിയുടെ ഭൂമി അനുമതിയില്ലാതെ കൈയേറി സ്ഥാപിച്ച ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കാൻ ഭൂവുടമയിൽ നിന്ന് പണം ആവശ്യപ്പെട്ട കെ.എസ്.ഇ.ബി നടപടിക്കെതിരെ തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തിൽ കടുത്ത അമർഷം. അനുവാദമില്ലാതെ ട്രാൻസ്ഫോർമർ സ്ഥാപിച്ചത് കൈയേറ്റത്തിന് സമമാണെന്നും കെ.എസ്.ഇ.ബിയുടേത് തികഞ്ഞ മര്യാദകേടാണെന്നും യോഗത്തിൽ എം.എൽ.എ ടി.കെ. ഗോവിന്ദൻ ശക്തമായി വിമർശിച്ചു.
പറശിനിക്കടവ് മമ്പാല സ്വദേശിയും വിധവയുമായ വി. ഗീതയുടെ പരാതിയിലാണ് സഭയിൽ പ്രതിഷേധം ഉയർന്നത്. ആന്തൂർ വില്ലേജിൽ ഗീതയുടെ ഉടമസ്ഥതയിലുള്ള 8.5 സെന്റ് സ്ഥലത്താണ് അവരുടെ അറിയോ സമ്മതമോ കൂടാതെ കെ.എസ്.ഇ.ബി ട്രാൻസ്ഫോർമർ സ്ഥാപിച്ചത്. മകന് വീട് വെക്കാൻ മാറ്റിവെച്ച സ്ഥലം ട്രാൻസ്ഫോർമർ കാരണം ഉപയോഗശൂന്യമായതോടെ കഴിഞ്ഞ അഞ്ചു വർഷമായി ഇവർ കെ.എസ്.ഇ.ബി ഓഫിസുകളിലും അദാലത്തുകളിലും പരാതി നൽകി വരികയായിരുന്നു.
താലൂക്ക് സർവ്വെയറുടെ പരിശോധനയിലും ട്രാൻസ്ഫോർമർ ഗീതയുടെ ഭൂമിയിലാണെന്ന് വ്യക്തമായിരുന്നു. കടന്നപ്പള്ളി രാമചന്ദ്രൻ മന്ത്രിയായിരിക്കെ അദാലത്തിൽ കെ.എസ്.ഇ.ബിയുടെ സ്വന്തം ചെലവിൽ ട്രാൻസ്ഫോർമർ മാറ്റാൻ നിർദ്ദേശം നൽകിയിട്ടും പാലിച്ചില്ല.
സമീപത്ത് തന്നെ സർക്കാർ ഭൂമി ഉണ്ടായിരിക്കെയാണ് കെ.എസ്.ഇ.ബി സ്വകാര്യ വ്യക്തിയുടെ സ്ഥലം കൈയേറിയത്. ഒടുവിൽ ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കാൻ കോടല്ലൂർ ജംഗ്ഷന് സമീപം മറ്റൊരു സ്ഥലം കണ്ടെത്തി ഉത്തരവായിട്ടും മാറ്റാൻ നടപടിയുണ്ടായില്ല. ഇതിനിടെ, ട്രാൻസ്ഫോർമർ മാറ്റണമെങ്കിൽ 200083 രൂപ ചെലവഴിക്കേണ്ടി വരുമെന്നും ഈ തുക അടയ്ക്കണമെന്നും കാട്ടി കെ.എസ്.ഇ.ബി ഭൂവുടമയ്ക്ക് ഡിമാൻഡ് നോട്ടീസ് അയക്കുകയായിരുന്നു.
തുടർന്നാണ് പരാതിയുമായി ഇവർ താലൂക്ക് വികസന സമിതിയെ സമീപിച്ചത്. സ്വന്തം സ്ഥലത്തെ കൈയേറ്റം പരിഹരിക്കാൻ ഉടമയിൽ നിന്ന് തന്നെ തുക ഈടാക്കുന്നത് തികച്ചും അന്യായമാണെന്നും, പൂർണ്ണ ചെലവും കെ.എസ്.ഇ.ബി തന്നെ വഹിച്ച് ട്രാൻസ്ഫോർമർ ഉടൻ മാറ്റിസ്ഥാപിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. എന്നാൽ യോഗത്തിൽ പങ്കെടുത്ത കെ.എസ്.ഇ.ബി അസി. എൻജിനീയർ ടി.പി സന്ദീപ് ബോർഡിന്റെ മുൻ നിലപാട് ആവർത്തിച്ചതോടെയാണ് ജനപ്രതിനിധികൾ പ്രതിഷേധിച്ചത്. അനധികൃതമായി സ്ഥാപിച്ച ട്രാൻസ്ഫോർമർ കെ.എസ്.ഇ.ബി സ്വന്തം ചെലവിൽ തന്നെ മാറ്റിസ്ഥാപിക്കണമെന്ന് ടി.കെ ഗോവിന്ദൻ എം.എൽ.എ ആവശ്യപ്പെട്ടു.
സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
.jpg)


