തളിപ്പറമ്പിലെ ഓക്സിജൻ പ്ലാൻ്റ്; വഴിവിട്ട സഹായങ്ങളിലൂടെ കരാറുകാർക്ക് നേട്ടമോ? സംശയം ഉയരുന്നു,മൂന്ന് മാസം കൊണ്ട് തുറക്കുമെന്ന് പ്രഖ്യാപനം; അഞ്ച് വർഷത്തിനു ശേഷവും പ്രവർത്തന ക്ഷമമായില്ല
തളിപ്പറമ്പ : അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഏറെ കോലാഹലങ്ങളോടെയാണ് മുൻ എം.എൽ.എ എം.വി. ഗോവിന്ദൻ മൂന്ന് മാസം കൊണ്ട് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ, നിർമ്മാണം മന്ദഗതിയിൽ പൂർത്തിയാക്കുകയും അഞ്ച് വർഷം കാലാവധി കഴിഞ്ഞിട്ടും പ്ലാന്റ് പൂർണമായി സജ്ജമാക്കാനോ പ്രവർത്തിപ്പിക്കാനോ കഴിയാതെയും വന്ന സാഹചര്യം ഈ പദ്ധതിയുടെ നിഗൂഢതകളെക്കുറിച്ച് സംശയം ഉയർത്തുന്നു. ഈ പദ്ധതിക്ക് പിന്നിൽ മുൻ എം.എൽ.എയുമായി ബന്ധപ്പെട്ട ഇടപെടൽ വഴി കരാറുകാർക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകിയെന്നാരോപണം ഇപ്പോൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്.
പ്ലാന്റ് നിർമ്മാണത്തിന് ഏല്പിച്ച ഏറണാകുളത്തെ കമ്പനിയെക്കുറിച്ചാണ് ഇപ്പോൾ വിവാദങ്ങൾ ഉടലെടുക്കുന്നത്. പ്ലാന്റ് നിർമ്മാണം പൂർത്തിയാക്കി വാറന്റി കാലാവധിക്ക് ഉള്ളിൽ പ്ലാന്റിൽ എന്തെങ്കിലും കേടുപാടുകൾ വന്നാൽ അത് മാറ്റി നൽകേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണ്. എന്നാൽ വാറന്റി കാലാവധിക്ക് ഇടയിൽ പ്ലാന്റിൽ തകരാറുകൾ വന്നിട്ടും അതൊന്നും പരിഹരിക്കാൻ കമ്പനി ഇതുവരെയും തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ നഗരസഭ നിയമനടപടി സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
പ്ലാന്റിന്റെ വാറന്റി ഫെബ്രുവരി 24-ന് അവസാനിച്ചിരുന്നു. എന്നാൽ പ്ലാന്റിലെ തകരാറുകൾ പരിഹരിക്കാൻ കമ്പനി തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ കരാറുകാരന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായതായാണ് കണക്കാക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി വരെ കരാറുകാരന് പ്ലാന്റ് സജീവമാക്കാൻ അവസരം നൽകിയെങ്കിലും അതൊന്നും ചെയ്യാൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് കരാറുകാരനെതിരെ നിയമ നടപടി സ്വീകരിക്കാൻ നഗരസഭ തീരുമാനിച്ചത്.
പ്ലാന്റ് പൂർണ സജ്ജമാക്കുന്നതിന് മുമ്പ് പ്ലാന്റിൽ സ്ഥാപിച്ച പല സാധനങ്ങളും തകരാറിലായാത് ദുരൂഹമാണ്. മാത്രവുമല്ല തകരാറിലായ ഉപകരണങ്ങൾ മാറ്റാൻ വലിയ തുക ആവശ്യം വരുമെന്ന് കമ്പനി പറയുന്നതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണ്. ഇങ്ങനെ നിർഭയമായി പറയാൻ കരാറുകാർക്ക് നൽകിയ സൗകര്യങ്ങളെപ്പറ്റിയും, ഈ വിഷയത്തിൽ മുൻ എം.എൽ.എയുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങളെപ്പറ്റിയും അന്വേഷണം നടത്താൻ തയ്യാറാകണമെന്നാണ് ആവശ്യം ശക്തമായിരിക്കുന്നത്. നഗരസഭ ഇടപെട്ട് സിലിണ്ടറിൽ എത്തിക്കുന്ന ഓക്സിജൻ പൈപ്പ് വഴി ഓപ്പറേഷൻ തീയറ്ററിലും വാർഡുകളിലും എത്തിക്കാൻ സൗകര്യം ഒരുക്കിയത് വലിയ ആശ്വാസമാന്നെങ്കിലും 2 കോടിയോളം ചെലവഴിച്ച ഒക്സിജൻ നിർമ്മാണ പ്ലാൻ്റ് പണി തീരാത്ത വീടു പോലെയായതിന് ഉത്തരവാദിയായവരെ സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടണമെന്ന ആവശ്യം ശക്തമാണ്.
.jpg)


