പി എസ് സി അംഗങ്ങളുടെ വമ്പന്‍ ശമ്പള വര്‍ധന സര്‍ക്കാര്‍ പണം പാര്‍ട്ടി ഫണ്ടാക്കാനുള്ള കുറുക്കുവഴി, കാലാവധി തീരാറാകുമ്പോള്‍ വലിയെടാ വലി, സിപിഐയ്ക്കും യാതൊരു പരാതിയുമില്ല
കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് അസാധാരണമായ രീതിയിലുള്ള ശമ്പള വര്‍ധനവ് നല്‍കിയത്.
തിരുവനന്തപുരം: പി എസ് സി ചെയര്‍മാനും അംഗങ്ങള്‍ക്കും രണ്ടു ലക്ഷത്തോളം രൂപയുടെ ശമ്പള വര്‍ദ്ധന നടപ്പാക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത് ജനങ്ങള്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമാകുന്നു. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് അസാധാരണമായ രീതിയിലുള്ള ശമ്പള വര്‍ധനവ് നല്‍കിയത്.
tRootC1469263">ചെയര്‍മാന്റെ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകക്ക് തുല്യമാക്കിയപ്പോള്‍ പിഎസ് സി അംഗങ്ങള്‍ക്കും വലിയ വര്‍ധനയാണ് ലഭിക്കുക. നിലവില്‍, ചെയര്‍മാന് അടിസ്ഥാന ശമ്പളം 76,000 രൂപയാണ്. വിവിധ അലവന്‍സുകള്‍ ഉള്‍പ്പടെ 2.26 ലക്ഷം രൂപയാണ് പ്രതിമാസം ലഭിക്കുക. അംഗങ്ങള്‍ക്ക് അടിസ്ഥാന ശമ്പളം 70000 രൂപയാണ്. അലവന്‍സ് ഉള്‍പ്പടെ ഇത് 2.23 ലക്ഷം രൂപ വരെ ലഭിക്കും.
പിഎസ്സി ചെയര്‍മാന് 1,08,359 രൂപ ഇനി മുതല്‍ അധികമായി ലഭിക്കും. അടിസ്ഥാന ശമ്പളം 2,24,100 രൂപയാണ്. മറ്റ് ആനുകൂല്യങ്ങളും ചേര്‍ത്ത് മാസം ആകെ 3,87,873 രൂപ ലഭിക്കും. പിഎസ്സി അംഗങ്ങള്‍ക്ക് 1,22,004 രൂപയാണ് അധികമായി ലഭിക്കുക. അടിസ്ഥാന ശമ്പളം 2,19,090. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ 3,80,207 രൂപ ലഭിക്കും.
സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന ഒരു വ്യക്തിക്ക് ഇത്രയും തുക അധികമായി വര്‍ധിപ്പിക്കുന്നത് അസാധാരണമാണ്. ഓണറേറിയം ലഭിക്കാത്തതിനെ തുടര്‍ന്ന് ആശ വര്‍ക്കേഴ്‌സ് ഒരു വശത്ത് സമരം നടത്തുകയാണ്. ക്ഷേമ പെന്‍ഷന്‍ പൂര്‍ണമായും കൊടുത്തു തീര്‍ക്കുകയോ വര്‍ധിപ്പിക്കുകയോ ചെയ്തിട്ടുമില്ല. അടിസ്ഥാന ജനവിഭാഗത്തെ പൂര്‍ണമായും തഴയുകയും ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് ഇരട്ടിയോളം വര്‍ധന നല്‍കുകയും ചെയ്യുന്നത് ഇടതുപക്ഷ സര്‍ക്കാരിന് യോജിച്ച പ്രവര്‍ത്തിയല്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.
രാഷ്ട്രീയക്കാരാണ് പി എസ് സി അംഗങ്ങളായി എത്തുന്നത്. നിലവില്‍ സി.പി.എം, സി.പി.ഐ, കേരള കോണ്‍ഗ്രസ് (എം), എന്‍.സി.പി പ്രതിനിധികള്‍ അംഗങ്ങളായുണ്ട്. സിപിഎം സിപിഐ പ്രതിനിധികള്‍ ഇത്തരം നിയമനങ്ങളിലൂടെ ലഭിക്കുന്ന ശമ്പളത്തിന്റെ ഭീമമായ ഭാഗവും പാര്‍ട്ടിക്ക് നല്‍കുകയാണ് പതിവ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിക്ക് ലക്ഷങ്ങളുടെ ഫണ്ടിന് വേണ്ടിയാണ് ഇപ്പോഴത്തെ ശമ്പള വര്‍ധനയെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.
ഇത്രയേറെ അംഗങ്ങളും ആനുകൂല്യങ്ങളും എന്തിനാണെന്ന വിമര്‍ശനം നേരത്തെ സജീവമാണ്. അതിനിടെയാണ് വന്‍ തുക കൂട്ടുന്നത്. പി എസ് സി അംഗങ്ങളുടെ കാലാവധി ആറ് വര്‍ഷമാണ്. വന്‍ തുക ശമ്പളമായി ലഭിക്കുമെന്നതിനാലാണ് പി എസ് സി അംഗത്വത്തിനായി നിരവധിപേര്‍ ഭരണകക്ഷി പാര്‍ട്ടികളില്‍ സമ്മദ്ദം ചെലുത്തുന്നത്. പി എസ് സി അംഗത്വം വില്‍പ്പന നടത്തിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ചെയര്‍മാനും അംഗങ്ങള്‍ക്കും ജീവിതകാലം മുഴുവന്‍ വമ്പന്‍ തുക പെന്‍ഷനും ലഭിക്കും.
തമിഴ്നാട് പി എസ് സി ക്ക് 14 അംഗങ്ങളും കര്‍ണ്ണാടക പി എസ് സിക്ക് 13 അംഗവും യുപി പി എസ് സി ക്ക് ഒന്‍പത് അംഗങ്ങളുമാണുള്ളത്. എന്നാല്‍, കേരളത്തിലിത് 21 അംഗങ്ങളാണ്. തിങ്കളാഴ്ച കമ്മിഷന്റെ സിറ്റിംഗ്, ചൊവ്വാഴ്ച കമ്മിറ്റി ചേരല്‍. അഭിമുഖങ്ങള്‍, ഫയല്‍ നോക്കല്‍ തുടങ്ങിയവയാണ് ജോലി.
ജനവികാരം എതിരാകുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതികരിക്കാറുള്ള സിപിഐയും വിഷയത്തില്‍ മൗനത്തിലാണ്. ഫണ്ട് ഇനത്തില്‍ പാര്‍ട്ടിക്ക് വലിയൊരു തുക ലഭിക്കുമെന്നതിനാലാണ് സിപിഐ പ്രതിഷേധം ഒഴിവാക്കിയത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധവും ദുര്‍ബലമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണത്തിലെത്തിയാല്‍ ഈ സ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസ് മുസ്ലീംലീഗ് പ്രതിനിധകളാണ് എത്തുക എന്നതിനാലാണ് പ്രതിപക്ഷവും പ്രതിഷേധം പ്രതികരണത്തില്‍ മാത്രമൊതുക്കിയത്.
.jpg)


