സിന്ധു നദീജല കരാര്‍ താത്കാലികമായി റദ്ദാക്കിയത് പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് നല്‍കുക വമ്പന്‍ പ്രഹരം, കുടിവെള്ളവും കൃഷിയും ജീവിതവും താറുമാറാകും, സാമ്പത്തികമായി തകരും
പാകിസ്ഥാന്‍ 16 ദശലക്ഷം ഹെക്ടര്‍ കൃഷിയുടെ ജലസേചനത്തിനായി 80% സിന്ധു നദിയെയും അതിന്റെ പോഷകനദികളേയും ആശ്രയിക്കുന്നു.
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ദസ് ജല ഉടമ്പടി ഇന്ത്യ റദ്ദാക്കിയത് പാകിസ്ഥാനെ സംബന്ധിച്ച് കനത്ത തിരിച്ചടിയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. സിന്ധു നദി പാകിസ്ഥാന്റെ ജീവനാഡിയായതിനാല്‍, ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
പാകിസ്ഥാന്‍ 16 ദശലക്ഷം ഹെക്ടര്‍ കൃഷിയുടെ ജലസേചനത്തിനായി 80% സിന്ധു നദിയെയും അതിന്റെ പോഷകനദികളേയും ആശ്രയിക്കുന്നു. ഈ മേഖലയാണ് പാകിസ്ഥാന്റെ ജിഡിപിയുടെ 21-23% സംഭാവന ചെയ്യുന്നത്. ഗ്രാമീണ തൊഴിലാളികളുടെ 45-68% തൊഴിലുകളും നദിയെ ആശ്രയിച്ചാണ്
tRootC1469263">കരാര്‍ റദ്ദാക്കല്‍ നടപടി ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള വാര്‍ഷത്തില്‍ 39 ബില്യണ്‍ ക്യുബിക് മീറ്റര്‍ ജലപ്രവാഹം നിര്‍ത്തലാക്കുകയോ കുറയ്ക്കുകയോ ചെയ്യാം. ഇത് ഗോതമ്പ്, നെല്ല്, കരിമ്പ്, പരുത്തി തുടങ്ങിയ പ്രധാന വിളകളുടെ ജലസേചനത്തെ ഭീഷണിയിലാക്കും. വിളനാശത്തിനും ഭക്ഷ്യക്ഷാമത്തിനും കാരണമാകാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമക്കുന്നത്.
പാകിസ്ഥാന്‍ സാമ്പത്തിക മേഖലയേയും ഇത് പ്രത്യാഘാതമുണ്ടാക്കും. ജലവിതരണത്തിലെ തടസ്സം സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമാകാം. വ്യാപാരം, തൊഴില്‍, ഭക്ഷ്യവില എന്നിവയെ ബാധിക്കും. കൃഷിയും അനുബന്ധ വ്യവസായങ്ങളും പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന ഭാഗമാണ്. വിളവ് കുറയുന്നത് ദാരിദ്ര്യവും ഭക്ഷ്യ അരക്ഷിതാവസ്ഥയും വര്‍ദ്ധിപ്പിക്കും.
കറാച്ചി, ലാഹോര്‍, മുള്‍ട്ടാന്‍ തുടങ്ങിയ പ്രധാന നഗരങ്ങള്‍ കുടിവെള്ളത്തിനും മുനിസിപ്പല്‍ ഉപയോഗത്തിനും സിന്ധു നദിയെയാണ് ആശ്രയിക്കുന്നത്. ജലപ്രവാഹം കുറയുന്നത് ഈ നഗരങ്ങളില്‍ കടുത്ത ജലക്ഷാമത്തിന് കാരണമാകാം.
പാകിസ്ഥാന്‍ ഇതിനകം ജല ഗുണനിലവാര പ്രശ്‌നങ്ങള്‍ നേരിടുകയാണ്. മലിനജലവും വ്യാവസായിക മാലിന്യവും സിന്ധു നദിയെ മലിനമാക്കുന്നു. ജലപ്രവാഹം കുറയുന്നത് ഈ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും, വയറിളക്കം പോലുള്ള ജലജന്യ രോഗങ്ങളുടെ വ്യാപനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഗ്രാമീണ മേഖലകളില്‍ 21.6% ശിശുമരണങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. കറാച്ചിയില്‍ മാത്രം, മലിനജലം 30,000-ലധികം മരണങ്ങള്‍ക്ക് കാരണമാകുന്നു, ഇതില്‍ 20,000 കുട്ടികളാണ്.
തര്‍ബേല, മംഗ്ല തുടങ്ങിയ പ്രധാന ജലവൈദ്യുത പ്ലാന്റുകളും സിന്ധു നദി സംവിധാനത്തെ ആശ്രയിക്കുന്നുണ്ട്. ദേശീയ വൈദ്യുതി വിതരണത്തിന്റെ 25% സംഭാവന ചെയ്യുന്ന മേഖലയാണിത്. ജലപ്രവാഹത്തിലെ തടസ്സം വൈദ്യുതി ഉല്‍പാദനം കുറയ്ക്കുകയും, ഊര്‍ജ്ജക്ഷാമത്തിനും സാമ്പത്തിക പിരിമുറുക്കത്തിനും കാരണമാകുകയും ചെയ്യും.
പാകിസ്ഥാന്റെ ജലസംഭരണ ശേഷി കുറവാണ്, തര്‍ബേല, മംഗ്ല ഡാമുകള്‍ 14.4 ദശലക്ഷം ഏക്കര്‍-അടി (വാര്‍ഷിക ജലവിതരണത്തിന്റെ 10%) മാത്രമേ സംഭരിക്കൂ. ഇത് ജലപ്രവാഹം കുറയുമ്പോള്‍ പ്രതിസന്ധി ലഘൂകരിക്കാനുള്ള കഴിവിനെ പരിമിതപ്പെടുത്തുന്നു.
ജലപ്രവാഹം കുറയുന്നത് സിന്ധു നദിയുടെ ആവാസവ്യവസ്ഥയെ കൂടുതല്‍ തകര്‍ക്കുകയും, മലിനീകരണവും ഡാമുകളും മൂലം വംശനാശഭീഷണി നേരിടുന്ന നദിയിലെ ഡോള്‍ഫിനെ ബാധിക്കുകയും ചെയ്യും.
മണ്‍സൂണ്‍ കാലത്തെ വെള്ളപ്പൊക്ക തയ്യാറെടുപ്പിനേയും കരാര്‍ റദ്ദാക്കല്‍ ബാധിക്കാം. ജലപ്രവാഹം കുറയുന്നത് വരള്‍ച്ചയെ വഷളാക്കുകയും, സിന്ധ് പ്രവിശ്യയില്‍, മത്സ്യബന്ധനക്കാരെയും കര്‍ഷകരെയും നഗരങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.
കരാര്‍ റദ്ദാക്കലിനെ ജലയുദ്ധമെന്നാണ് പാകിസ്ഥാന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കഠിനമായ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഇത് എന്നതുകൊണ്ടാണ് ഈ രീതിയിലുള്ള പ്രതികരണം. നയതന്ത്ര പിരിമുറുക്കം വര്‍ദ്ധിപ്പിക്കുകയും, ലോകബാങ്ക് അല്ലെങ്കില്‍ ഐക്യരാഷ്ട്രസഭ വഴി നിയമപരമായ വെല്ലുവിളികളിലേക്കോ അന്താരാഷ്ട്ര മധ്യസ്ഥതയിലേക്കോ നയിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.
കരാര്‍ താത്കാലികമായി റദ്ദാക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും അത് എളുപ്പമാകില്ല. ഇന്ത്യയ്ക്ക് ജലം തടഞ്ഞുനിര്‍ത്താനോ സംഭരിക്കാനോ ഡാമുകളോ ജലസംഭരണികളോ നിര്‍മ്മിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പതിറ്റാണ്ടുകളായി നിലവിലുണ്ട്. തീവ്രവാദ ആക്രമണങ്ങള്‍ തുടരുകയും ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തതും കാര്‍ഗില്‍ യുദ്ധം പോലുള്ളവ സംഭവിക്കുകയും ചെയ്തിട്ടും ഇന്ത്യ സിന്ധു നദീ കരാര്‍ റദ്ദാക്കിയിരുന്നില്ല. കാരണം, അത് സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്നതാണെന്നും ഇന്ത്യയുടെ നയമല്ലെന്നുമായിരുന്നു മുന്‍ ഭരണാധികാരികള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഇത്തവണ കടുത്ത നടപടിയിലേക്ക് പോകുമ്പാള്‍ അന്താരാഷ്ട്ര രംഗത്തെ പ്രതികരണം ഏതു തരത്തിലുള്ളതായിരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
.jpg)


