പുരാണകാലത്തെ ആയുധ പരിശീലന കുഴിക്കളരിയുടേതെന്നു കരുതുന്ന അടിത്തറ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപം കണ്ടെത്തി
തളിപ്പറമ്പ്: കേട്ടുകേൾവികൾ ചരിത്രമാകുന്നത് തെളിവുകൾ ലഭിക്കുമ്പോൾ ആണ്. അത്തരമൊരു സുപ്രധാന സന്ദർഭത്തിന് സാക്ഷ്യം വഹിക്കുകയാണ് ഇപ്പോൾ തളിപ്പറമ്പ്. കേരളത്തിലെ പ്രാചീനവും പ്രതാപപൂർണ്ണവുമായ മഹാക്ഷേത്രങ്ങളിൽ പ്രമുഖ സ്ഥാനമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനുള്ളത്. പൗരാണികതയും പാരമ്പര്യവും നിലനിക്കുന്ന രാജരാജേശ്വര ക്ഷേത്രത്തിനു സമീപം പുരാണകാലത്തെ ആയുധ പരിശീലന കുഴിക്കളരിയുടേതെന്നു കരുതുന്ന അടിത്തറ കണ്ടെത്തി. ക്ഷേത്ര പരിസരത്ത് കാടുപിടിച്ച സ്ഥലത്തെ മണ്ണു നീക്കിയപ്പോഴാണ് ചെങ്കല്ലിൽ നിർമിച്ച പഴയ നാൽപത്തീരടിക്കളരിയുടേതെന്ന് കരുതുന്ന അസ്ഥിവാരം കണ്ടെത്തിയത്.
പുരാതന തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശിവക്ഷേത്രങ്ങളിലൊന്നായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ഇപ്പോൾ ചരിത്രാത്മകമായ മറ്റൊരു പൊൻതൂവൽ കൂടി കണ്ടെത്തിയിരിക്കുകയാണ്. ക്ഷേത്ര മതിൽക്കകത്തു നിന്ന് കണ്ടെത്തിയ പഴയ നാല്പത്തീരടിക്കളരിയുടെ അസ്തിവാരം ചരിത്രപരമായി ഏറെ ഗൌരവമേറിയ കണ്ടെത്തൽ ആണ്. പുരാതനകാലത്ത് ഇവിടെ ഇത്തരമൊരു കളരിയുണ്ടായിരുന്നതായി കേട്ടുകേൾവിയുണ്ടായിരുന്നെങ്കിലും തെളിവുകൾ കണ്ടെത്തിയിരുന്നില്ല.

സ്ഥലം വൃത്തിയാക്കുന്നതിനിടെ മണ്ണു നീക്കിയപ്പോഴാണ് 42 അടി വിസ്തീർണമുള്ള പഴയ കുഴിക്കളരിയുടെ അവശിഷ്ടങ്ങൾ കിട്ടിയത്. കേരള മാഹാത്മ്യം എന്ന കൃതിയിൽ ഇതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ടെന്ന് രാജരാജേശ്വര ക്ഷേത്രം തന്ത്രി പുടയൂർ ജയനാരായണൻ നമ്പൂതിരി പറഞ്ഞു. ലക്ഷ്മീപുരത്ത് ക്ഷേത്രത്തിന്റെ തെക്കുഭാഗത്തെ 42 അടി വിസ്തീർണമുള്ള ആലയത്തിൽ സുബ്രഹ്മണ്യനും പരശുരാമനും ചേർന്ന് ആയുധ പരിശീലനം നടത്തിയെന്നും അഗസ്ത്യൻ അതിന്റെ വായ്ത്താരികൾ ചൊല്ലിക്കൊടുത്തെന്നും പരാമർശമുണ്ടെന്നു ജയനാരായണൻ നമ്പൂതിരി പറഞ്ഞു.
കുറുമാത്തൂർ ഇല്ലക്കാരായിരുന്നു ഈ കളരിയുടെ ചുമതല വഹിച്ചിരുന്നതത്രെ. ശതസോമൻ എന്ന കോലത്തിരി രാജാവായിരുന്നു പെരുഞ്ചെല്ലൂർ ക്ഷേത്രം നിർമിച്ച് ശ്രീ നീലകണ്ഠപെരുമാളെ പ്രതിഷ്ഠിച്ചതും അത് വഴിപോലെ പരിപാലിക്കുവാൻ നമ്പൂതിരിമാരെ ഏൽപ്പിച്ചതും. നമ്പൂതിരി യോഗക്കാരുടെ അധ്യക്ഷനും ഗ്രാമത്തലവനുമായി കുറുമാത്തൂരില്ലത്തെ നമ്പൂതിരിയെ 'നായ്ക്കൻ' എന്ന സ്ഥാനപ്പേര് നൽകി നിയമിക്കുകയും ചെയ്തു. എന്നാൽ കോലത്തിരി രാജവംശവും പെരുഞ്ചെല്ലൂർ നമ്പൂതിരി ഗ്രാമവും തമ്മിലുള്ള മൈത്രീബന്ധം ഏറെ നിലനിന്നില്ല.

ഇവർ പലപ്പോഴും അന്യോന്യം ഏറ്റുമുട്ടുകയും പൊരുതുകയും ഉണ്ടായി.മാതമംഗലത്തിനടുത്തുള്ള അറന്തിപ്പറമ്പിൽവെച്ചുണ്ടായ യുദ്ധത്തിൽ കോലത്തിരിയുടെ 'പന്തീരായിരപ്പട' ചെല്ലൂർ ഗ്രാമക്കാരുടെ 'പതിനായിരപ്പട'യെ പരാജയപ്പെടുത്തി. ഇതിനു മുമ്പ് ഒരക്കൽ എതിർസൈന്യത്തിൽ ആയുധധാരികളായ ഒട്ടേറെ നമ്പൂതിരിമാരെ കണ്ടപ്പോൾ കോലത്തിരിത്തമ്പുരാൻ ബ്രഹ്മഹത്യാപാപത്തിൽ ഭയന്ന് തന്റെ സൈന്യത്തെ പിൻവലിക്കുകപോലും ഉണ്ടായത്രെ.വേദ പാഠവും ആയുധ പരിശീലനവും ഏകകാലത്തു നൽകിപ്പോന്നിരുന്ന പണ്ടത്തെ ശാലകളുടെ ഭാഗമായോ, ഐശ്വര്യപൂർണമായ രാജരാജേശ്വര ക്ഷേത്രവും ഗ്രാമവും സംരക്ഷിക്കാനുള്ള സുരക്ഷാ ഭടസംഘത്തിന്റെ പരിശീലനക്കളമായോ ഈ കളരിയെ കണക്കാക്കാം.
.jpg)


