പീഡനക്കേസ്: തിരുവല്ലയിൽ സിപിഎം ലോക്കൽ കമ്മിറ്റിയിൽ നിന്നും പുറത്താക്കപ്പെട്ടയാളെ വീണ്ടും എൽസി സമ്മേളന പ്രതിനിധിയായി തെരഞ്ഞെടുത്തത് വിവാദമാകുന്നു
സജിമോനെ എൽസിയിലേക്ക് തിരിച്ചെടുത്ത തീരുമാനം റിപ്പോർട്ട് ചെയ്യാൻ രണ്ടുമാസം മുമ്പ് ഏരിയാ കമ്മിറ്റി ഓഫീസിൽ വിളിച്ച യോഗം കടുത്ത വാക്കേറ്റത്തെ തുടർന്ന് കയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു.
തിരുവല്ല: പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട് സി പി എം ലോക്കൽ കമ്മിറ്റിയിൽ നിന്നും പുറത്താക്കപ്പെട്ട സി സജി മോനെ കോട്ടാലി ബ്രാഞ്ച് സമ്മേളനത്തിൽ വീണ്ടും എൽസി സമ്മേളന പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത് വിവാദമാകുന്നു. സിപിഎം തിരുവല്ല ടൗൺ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയിൽ നിന്നും രണ്ടുമാസം മുമ്പ് പുറത്താക്കപ്പെട്ട സജിമോനെ സമ്മേളന പ്രതിനിധിയായി തെരഞ്ഞെടുത്തതാണ് വിവാദമാകുന്നത്.
സജിമോനെ എൽസിയിലേക്ക് തിരിച്ചെടുത്ത തീരുമാനം റിപ്പോർട്ട് ചെയ്യാൻ രണ്ടുമാസം മുമ്പ് ഏരിയാ കമ്മിറ്റി ഓഫീസിൽ വിളിച്ച യോഗം കടുത്ത വാക്കേറ്റത്തെ തുടർന്ന് കയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു. തർക്കത്തിനൊടുവിൽ യോഗത്തിൽ നിന്നും സജിമോനെ ഒഴിവാക്കുകയായിരുന്നു.
യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലും കുഞ്ഞിൻറെ ഡിഎൻഎ പരിശോധന സമയത്ത് ആൾമാറാട്ടം നടത്തിയ കേസിലും സിപിഎം വനിതാ നേതാവിനെ കാറിൽ കയറ്റി കൊണ്ടുപോയി മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി പ്രചരിപ്പിച്ച കേസിലും സജിമോൻ പ്രതിയാണ്.
ഗർഭിണിയാക്കപ്പെട്ട യുവതിയുടെ സഹോദരൻ കഴിഞ്ഞമാസം മാധ്യമങ്ങൾ മുമ്പിൽ സജിമോനെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഇത്രയും വിവാദങ്ങൾ നിലനിൽക്കെയാണ് സജിമോനെ വീണ്ടും എൽസി സമ്മേളന പ്രതിനിധിയായി തെരഞ്ഞെടുത്തത്.