തളിപ്പറമ്പിൽ വാഹന പരിശോധനയ്ക്കിടയിൽ വാഹനം ഉപേക്ഷിച്ചുപോയവർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്; രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഒത്തു തീർപ്പാക്കാൻ ശ്രമം നടക്കുന്നതായും ആക്ഷേപം
വാഹന പരിശോധനയ്ക്കിടയിൽ വാഹനം ഉപേക്ഷിച്ചു പോവുകയും പിന്നീട് തളിപ്പറമ്പ് സബ് ആർ.ടി.ഒയ്ക്ക് കീഴിലുള്ള ടെസ്റ്റ് ഗ്രൗണ്ടിലെത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ചെയ്തവർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. അതേ സമയം യുവാവ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രശ്നം ഒത്തു തീർപ്പാക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്.
ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ വാഹന പരിശോധനയ്ക്കിടയിൽ ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിച്ച ശേഷം ഇരുചക്ര വാഹനം ഉപേക്ഷിച്ച് ബസിൽ കയറി പോകുകയും അൽപസമയത്തിനു ശേഷം മറ്റൊരാളുമായി എത്തി ആർ.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടിൽ ഓഫിസിൽ അതിക്രമിച്ചു കയറുകയും ഉദ്യോഗസ്ഥരെ കൈയ്യേറ്റം നടത്തുകയും ചെയ്തവർക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയ്ക്ക് ഒരുങ്ങുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലിസിൽ പരാതി നൽകാനും നീക്കം ഉണ്ട്.
കഴിഞ്ഞ 16ന് കാത്തിരങ്ങാട് ടെസ്റ്റിംഗ് ഗ്രൗണ്ടിനടുത്താണ് സംഭവം നടന്നത്. മട്ടന്നൂർ ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് വാഹന പരിശോധന നടത്തുമ്പോൾ ഒരു സ്ത്രീയും പുരുഷനും ഇരുചക്ര വാഹനത്തിൽ തളിപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്നു. സ്ത്രീ ആയിരുന്നു വാഹനം ഓടിച്ചത്. വാഹനം ഓടിക്കുന്ന സ്ത്രീ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടതോടെ തന്റെ പിറകിലുള്ള പുരുഷന് ഓടിക്കുവാന്‍ നല്‍കുകയും ചെയ്തു.
ഇത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ തങ്ങളുടെ അടുത്ത് വാഹനം എത്തിയപ്പോള്‍ വാഹനം തടഞ്ഞ് ആദ്യം വാഹനം ഓടിച്ച സ്ത്രീയോട് ലൈസന്‍സ് കാണിക്കുവാന്‍ ആവശ്യപ്പെട്ടു. ഇതോടെ ക്ഷുഭിതരായ വാഹനയാത്രക്കാര്‍ ഉദ്യോഗസ്ഥരോട് കയര്‍ക്കുകയും വാഹനം അവിടെ വെച്ച് തൊട്ടുപിറകെ വരുന്ന ബസ്സില്‍ കയറി പോകുകയും ചെയ്തു.
അല്പ സമയത്തിന് ശേഷം മറ്റൊരു യുവാവുമായി വരികയും ഉദ്യോഗസ്ഥരോട് വളരെ മോശമായി പെരുമാറുകയും തുടര്‍ന്ന് ടെസ്റ്റ് ഗ്രൗണ്ടിലേക്ക് പോയശേഷം ഓഫീസിലേക്ക് അതിക്രമിച്ചു കയറുവാനും ശ്രമിച്ചു. മണ്ണൻ സുബൈർ എന്നയാളാണ് ഓഫീസിലെത്തി പ്രശ്നം ഉണ്ടാക്കിയത്.
അതേ സമയം കഴിഞ്ഞ 16ന് സംഭവം നടന്നിട്ടും തളിപ്പറമ്പ് സബ് ആർ.ടി.ഒയ്ക്ക് കീഴിലുള്ള ടെസ്റ്റ് ഗ്രൗണ്ടിൽ പ്രശ്നമുണ്ടാക്കിയ യുവാവിനെതിരെ നടപടിയെടുക്കാത്തത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. ഇത്തരം വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതിനെതിരെ നടപടി എടുക്കുവാനോ ഉദ്യോഗസ്ഥന്‍മാരുടെ മനോവീര്യം തകര്‍ക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാനോ തുനിയാത്തത് ഉദ്യോഗസ്ഥ തലത്തിലും പൊതുവായും ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.
ഇതിനു പിന്നാലെ യുവാവ് ഓഫീസിൽ അതിക്രമിച്ചു കയറി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യുന്ന വീഡിയോ സഹിതം പൊലിസിൽ രേഖാമൂലം പരാതി നൽകുമെന്നുമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഒപ്പം ഇരുചക്ര വാഹനം ഓടിച്ചിരുന്നവരോട് മട്ടന്നൂർ ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിന് മുന്നിൽ ഹാജരാകുവാൻ നിർദ്ദേശം നൽകുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേ സമയം യുവാവ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രശ്നം ഒത്തു തീർപ്പാക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായും ഇപ്പോൾ ആക്ഷേപം ഉയരുന്നുണ്ട്.