കോണ്‍ഗ്രസില്‍ നിന്നും തൃണമൂല്‍ വഴി ബിജെപിയിലെത്തിയ സുവേന്ദു അധികാരി, കൈക്കൂലി കൈയ്യോടെ ക്യാമറയില്‍ പിടിക്കപ്പെട്ടു, ബിജെപിയിലെത്തിയതോടെ വിശുദ്ധനായി, ഒടുവില്‍ മുഖ്യമന്ത്രിയും, മൂല്യരഹിത രാഷ്ട്രീയമോ

suvendu adhikari

ഒരു വ്യാജ കമ്പനിക്ക് അനുകൂലമായി സഹായിക്കാന്‍ 5 ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങുന്നത് വീഡയോയിലൂടെ പുറത്തുവന്നു. ബിജെപി അന്ന് ഈ വീഡിയോ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത് ടിഎംസിയെ ആക്രമിച്ചു.

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ഇതാദ്യമായി ബിജെപി അധികാരത്തിലെത്തുമ്പോള്‍ ശ്രദ്ധേയനാകുന്ന വ്യക്തിയാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി. പല രാഷ്ട്രീയ പാര്‍ട്ടികള്‍ ചാടിമറിഞ്ഞ് ഒടുവില്‍ ബിജെപിയിലെത്തിയ കൈക്കൂലി ആരോപണ വിധേയനായ വ്യക്തിയാണ് ഇദ്ദേഹം.

തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരണ വേളയില്‍ ഉള്‍പ്പെടെ മമത ബാനര്‍ജിയുടെ ദീര്‍ഘകാല സഹയാത്രികനായിരുന്നു സുവേന്ദു. ആദ്യം കോണ്‍ഗ്രസ്, പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), ഒടുവില്‍ ബിജെപി എന്ന ക്രമത്തിലാണ് ഇയാളുടെ രാഷ്ട്രീയ യാത്ര.

1995-ല്‍ കോണ്‍ഗ്രസില്‍ നിന്ന് മുനിസിപ്പല്‍ കൗണ്‍സിലറായി രാഷ്ട്രീയം ആരംഭിച്ചു. 2000-ല്‍ പിതാവിനൊപ്പം ടിഎംസിയിലേക്ക് ചേര്‍ന്നു. 2006-ല്‍ കാന്തി ദക്ഷിണ നിയമസഭാ മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയി. സിംഗൂര്‍-നന്ദിഗ്രാം പ്രക്ഷോഭങ്ങളില്‍ പ്രധാന പങ്ക് വഹിച്ച് ടിഎംസിയുടെ ഉയര്‍ച്ചയ്ക്ക് സഹായകമായി. 2009, 2014 ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ തമലുക് മണ്ഡലത്തില്‍ നിന്ന് ജയിച്ചു. മമത ബാനര്‍ജി സര്‍ക്കാരില്‍ ഗതാഗത, ജലവിഭവം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.

2016-ല്‍ നാരദ മീഡിയയുടെ സ്റ്റിങ് ഓപ്പറേഷനില്‍ ടിഎംസി നേതാക്കള്‍ പലരും കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നിരുന്നു. സുവേന്ദു അധികാരിയും മുകുള്‍ റോയിയും ഉള്‍പ്പെടെയുള്ളവര്‍ കൈക്കൂലി വാങ്ങുന്നത് ക്യാമറിയില്‍ പതിഞ്ഞു. ഒരു വ്യാജ കമ്പനിക്ക് അനുകൂലമായി സഹായിക്കാന്‍ 5 ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങുന്നതാണ് വീഡിയോയിലൂടെ പുറത്തുവന്നത്. ബിജെപി അന്ന് ഈ വീഡിയോ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത് ടിഎംസിയെ ആക്രമിച്ചു. മോദി തന്നെ ഒരു റാലിയില്‍ സുവേന്ദുവിനെ പരിഹസിച്ചിരുന്നു.

2020-ല്‍ സുവേന്ദു ബിജെപിയില്‍ ചേര്‍ന്നതോടെ ഈ വീഡിയോകള്‍ വീണ്ടും വൈറലായി. പിന്നീട് ബിജെപി ചാനലില്‍ നിന്ന് വീഡിയോ നീക്കം ചെയ്തു. സിബിഐ അന്വേഷണം നടന്നെങ്കിലും ബിജെപിയിലേക്ക് വന്നതിന് ശേഷം സുവേന്ദുവിനെതിരെ കടുത്ത നടപടികള്‍ ഉണ്ടായില്ല എന്ന് ടിഎംസി ആരോപിക്കുന്നു.

2020-ലാണ് മമത ബാനര്‍ജിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സുവേന്ദു ബിജെപിയില്‍ ചേര്‍ന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മമതയെ തോല്‍പ്പിച്ചത് അദ്ദേഹത്തിന്റെ വലിയ വിജയമായിരുന്നു. ബംഗാളില്‍ ബിജെപിയുടെ 'ജയന്റ് കില്ലര്‍' എന്ന് വിശേഷിപ്പിക്കപ്പെട്ടു. 2026-ലെ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിന് പിന്നാലെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്കും ഉയര്‍ന്നു.

തുടരെയുള്ള പാര്‍ട്ടി മാറ്റങ്ങള്‍, അഴിമതി ആരോപണങ്ങള്‍, ബിജെപി തന്നെ ഉയര്‍ത്തിയ വീഡിയോകള്‍ എന്നിവയെല്ലാം രാഷ്ട്രീയത്തിലെ മൂല്യച്യുതിയുടെ ഉദാഹരണമായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കാലത്ത് ശത്രുവായിരുന്നവരെ സുഹൃത്താക്കുന്ന, അഴിമതി ആരോപണങ്ങള്‍ക്ക് മുകളില്‍ വിശുദ്ധന്മാരായി മാറുന്ന രാഷ്ട്രീയം ഇന്ത്യയില്‍ പുതിയതല്ല.

രാഷ്ട്രീയം എന്നത് തത്ത്വങ്ങള്‍ക്കപ്പുറം പ്രായോഗികതയുടെയും അധികാര സമവാക്യത്തിന്റെയും കളിയാണ് എന്നതിന്റെ ഉദാഹരണമാണ് സുവേന്ദു അധികാരിയുടെ യാത്ര. ബംഗാളിന്റെ ഭാവി ഇനി അദ്ദേഹത്തിന്റെ ഭരണത്തെ ആശ്രയിച്ചിരിക്കുന്നു.
 

Tags