ഒരു രൂപപോലും നല്‍കാതെ വിഴിഞ്ഞം പദ്ധതിയുടെ ക്രഡിറ്റ് അടിച്ചെടുത്ത് കേന്ദ്ര സര്‍ക്കാരും ബിജെപിയും, ഇവിടെനിന്നും 12,000 കോടി രൂപയും കൊണ്ടുപോകും

vizhinjam BJP ad
vizhinjam BJP ad

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന് ചെലവ് വന്നത് 8,866.80 കോടി രൂപയാണ്. ഇതില്‍ മൊത്തം ചെലവിന്റെ 63 ശതമാനമായ 5,595 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വഹിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഉദ്ഘാടനം നടക്കാനിരിക്കെ കേന്ദ്ര സര്‍ക്കാരും ബജെപിയും പദ്ധതിയുടെ ക്രഡിറ്റ് ഏറ്റെടുത്ത് വ്യാപകമായി പരസ്യം ചെയ്തത് ചര്‍ച്ചയാകുന്നു. ഒരു രൂപപോലും വിഴിഞ്ഞത്തിന് തരാതെയാണ് കേന്ദ്രം അവകാശവാദം ഉന്നയിക്കുന്നത് എന്നാണ് ആരോപണം. വിഴിഞ്ഞം യാഥാര്‍ത്ഥ്യമാക്കിയതിന് നന്ദി മോഡി എന്ന പരസ്യം ബിജെപി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന് ചെലവ് വന്നത് 8,866.80 കോടി രൂപയാണ്. ഇതില്‍ മൊത്തം ചെലവിന്റെ 63 ശതമാനമായ 5,595 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വഹിച്ചു. തുറമുഖത്തിന്റെ നിര്‍മാണവും നടത്തിപ്പും ഏറ്റെടുത്തിട്ടുള്ള അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ വിഹിതം 2454 കോടി രൂപയാണ്.

കേന്ദ്രത്തില്‍നിന്ന് 817.80 കോടിയാണ് വയബിലിറ്റി ഗ്യാപ്പ് ഫണ്ട്(വിജിഎഫ്). എന്നാലിത് ഗ്രാന്റായല്ല തന്നത്. സംസ്ഥാനം ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചും ഇത് ഗ്രാന്റായി തരാന്‍ കേന്ദ്ര തയ്യാറായില്ല. സമാന പദ്ധതികളില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്റ് നല്‍കിയപ്പോഴാണ് കേരളത്തിന് വായ്പയായി നല്‍കുന്നത്. തിരിച്ചടവ് ഏകദേശം 10000 മുതല്‍ 12000 കോടിവരെ വരുമെന്നാണ് കണക്ക്. തൂത്തുക്കുടി ഉള്‍പ്പെടെ തുറമുഖങ്ങള്‍ക്ക് ഗ്രാന്റായാണ് വിജിഎഫ് അനുവദിച്ചത്.

തുറമുഖത്തുനിന്ന് 2034ല്‍ വരുമാനം ലഭിച്ചുതുടങ്ങുമ്പോള്‍ മുതല്‍ തിരിച്ചടവ് തുടങ്ങണം. കേരളത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം നല്‍കണമെന്നാണ് വ്യവസ്ഥ. 2028 ആകുമ്പോഴേക്ക് റെയില്‍വേ കണക്ടിവിറ്റി സംസ്ഥാനം ഉറപ്പാക്കണം. അതിനായി 1482.92 കോടി കൂടി ചെലവഴിക്കണം. തുറമുഖം വന്നപ്പോള്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കായി 110 കോടിയിലേറെ രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തത്. ഇതെല്ലാം തുറമുഖചെലവില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.

പണം ഗ്രാന്റായി പോലും നല്‍കാത്ത കേന്ദ്ര സര്‍ക്കാരാണ് ഇപ്പോള്‍ അവകാശവാദവുമായി എത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. സംസ്ഥാന സര്‍ക്കാരിന് പണം നല്‍കാന്‍ ബിജെപി നേതാക്കളോ കേന്ദ്രമന്ത്രിമാരോ ഇടപെട്ടതുമില്ല. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെയാണ് വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമായതോടെ ക്രഡിറ്റ് തങ്ങളുടേതാണെന്ന് ബിജെപിയും കേന്ദ്രവും അവകാശവാദം ഉന്നയിക്കുന്നത്.

 

Tags