സെക്‌സിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍, കലോറി എരിച്ചുകളയും സമ്മര്‍ദ്ദം കുറയ്ക്കും

benefits of sex
benefits of sex

ലൈംഗിക ബന്ധത്തെ പലപ്പോഴും സന്തോഷത്തിന് വേണ്ടി മാത്രമാണെന്ന് നമ്മള്‍ കരുതുന്നു. എന്നാല്‍, അത് ശാരീരികവും വൈകാരികവും മാനസികവുമായ നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്നു. സെക്സ് കലോറി എരിച്ച് കളയുകയും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും വേദന ഇല്ലാതാക്കുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നതുള്‍പ്പെടെ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിങ്ങള്‍ക്ക് നല്ലതാണോ ചീത്തയാണോ എന്നത് വര്‍ഷങ്ങളായി പലരുടേയും സംശയമാണ്. ഈ വിഷയത്തില്‍ ഒട്ടേറെ ഗവേഷകര്‍ പഠനം നടത്തുകയും ആരോഗ്യകരമായ ലൈംഗിക ബന്ധം നമ്മുടെ ദൈനംദിന ജീവിതത്തിന് എത്രമാത്രം പ്രാധാന്യമുള്ളതാണെന്നും തെളിയിച്ചിട്ടുണ്ട്.

ഒരുകാലത്ത് ലൈംഗികതയെ ആനന്ദത്തിനോ പ്രത്യുല്‍പ്പാദനത്തിനോ മാത്രമായാണ് കരുതിയിരുന്നത്. എന്നാല്‍, ലൈംഗിക ബന്ധത്തിന് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ ഉള്ള കാര്യം പലര്‍ക്കും അറിയില്ല. സെക്സില്‍ നിന്നുള്ള ഗുണങ്ങള്‍ ലഭിക്കണമെങ്കില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ് പറയുന്നത്. ലൈംഗിക ബന്ധത്തിലൂടെ അല്ലെങ്കില്‍ സ്വയംഭോഗത്തിലൂടെ നിങ്ങള്‍ക്ക് അതേ ഫലങ്ങള്‍ നേടാനാകും.

മിതമായ വ്യായാമത്തിന്റെ ഒരു രൂപമാണ് ലൈംഗികതയെന്നതിനാല്‍ ശരീരത്തിലെ കലോറി എരിച്ചുകളയാന്‍ ഇതിന് സാധിക്കും. നിങ്ങളുടെ ശരീരത്തിലുടനീളമുള്ള വിവിധ പേശികളെ ശക്തിപ്പെടുത്താനും ലൈംഗികത സഹായിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. കൂടാതെ ഇത് ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു

പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് പിന്നീട് ജീവിതത്തില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു.

രോഗപ്രതിരോധ സംവിധാനത്തെ ലൈംഗികത സഹായിക്കുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വ്യക്തികളുടെ ഉമിനീരില്‍ കൂടുതല്‍ ഇമ്യൂണോഗ്ലോബുലിന്‍ ഉണ്ടെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. രോഗങ്ങളെ തടയാനും ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ പ്രതിരോധിക്കാനും ഇത് സഹായിക്കുന്നു.

ലൈംഗികവേളയില്‍ ശരീരം എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുന്നുണ്ട്. ഈ എന്‍ഡോര്‍ഫിനുകള്‍ നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക വേദനസംഹാരിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ മൈഗ്രേനോ തലവേദനയോ ഉള്ളവര്‍ക്ക്, വേദന ലഘൂകരിക്കാനും ലൈംഗികത സഹായിക്കും.

ശരീരത്തിന്റെ പ്രധാന സ്‌ട്രെസ് ഹോര്‍മോണാണ് കോര്‍ട്ടിസോള്‍. നിങ്ങള്‍ സമ്മര്‍ദ്ദപൂരിതമായ അവസ്ഥയിലായിരിക്കുമ്പോള്‍ കോര്‍ട്ടിസോളിന്റെ അളവ് ഉയരുന്നു. എന്നാല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരോ പങ്കാളികളുമായി അടുത്തിടപഴകുന്നവരോ അവരുടെ കോര്‍ട്ടിസോളിന്റെ അളവ് സാധാരണ നിലയിലേക്ക് താഴുന്നതായി കാണുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചു.

Tags