കാര്യമായ കഴിവൊന്നുമില്ലാത്ത ടെക്കിക്ക് 30,000 രൂപ ശമ്പളം മോശമല്ല, മലയാളിയുടെ പോസ്റ്റ് എയറില്‍ കയറ്റി സോഷ്യല്‍ മീഡിയ

IT Salary
IT Salary

കഴിവുകുറഞ്ഞ ഒരു ബിരുദധാരിക്ക് വര്‍ഷം 3.6 ലക്ഷം രൂപ ശമ്പളം മോശമല്ലെന്നാണ് ടെക്കിയായ അഭിഷേക് നായരുടെ വിലയിരുത്തല്‍.

ബെംഗളുരു: ജോലി അന്വേഷിച്ച് ഐടി ഫീല്‍ഡുകളിലും മറ്റും എത്തുന്ന ബിരുദധാരികള്‍ക്ക് കാര്യമായ ശമ്പളമില്ലെന്ന പരാതി വ്യാപകമാണ്. പ്രത്യേകിച്ചും മെട്രോ സിറ്റികളിലെ ശമ്പളം ജീവിതച്ചെലവിന് പോലും തികയില്ലെന്നാണ് പരാതി. എന്നാല്‍, കഴിവുകുറഞ്ഞ ഒരു ബിരുദധാരിക്ക് വര്‍ഷം 3.6 ലക്ഷം രൂപ ശമ്പളം മോശമല്ലെന്നാണ് ടെക്കിയായ അഭിഷേക് നായരുടെ വിലയിരുത്തല്‍. അഭിഷേകിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തുകയും ചെയ്തു.

tRootC1469263">

ഇക്കാര്യം പറഞ്ഞതുകൊണ്ട് കുഴപ്പത്തിലായേക്കാം എന്ന് പറഞ്ഞാണ് അഭിഷേക് പോസ്റ്റ് തുടങ്ങുന്നത്. നിങ്ങള്‍ ഒരു സാധാരണ കോളേജില്‍ നിന്നുള്ള പ്രോഗ്രാമിംഗ് കഴിവുകള്‍ ഒന്നും ഇല്ലാത്ത ആളാണെങ്കില്‍ വര്‍ഷം 3.6 ലക്ഷം രൂപ മോശമല്ല. ഒരു സോളിഡ് പ്രോജക്റ്റ് പോര്‍ട്ട്ഫോളിയോ ഇല്ലാതെ ഒരു കോടി രൂപയുടെ പാക്കേജ് പ്രതീക്ഷിക്കരുത്. ബയോഡാറ്റയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ബാച്ചിലേഴ്സ് മാത്രം ആണെങ്കില്‍ കൂടുതല്‍ ആഗ്രഹിക്കരുതെന്നും അദ്ദേഹം എഴുതി.

ചില ഉപയോക്താക്കള്‍ അഭിഷേക് നായരുടെ വാദത്തെ പിന്തുണച്ചു. പ്രായോഗിക കഴിവുകളുടെ അഭാവം പലപ്പോഴും ബിരുദധാരികളെ പിന്നോട്ടടിക്കുന്നെന്നാണ് ഇവരുടെ നിരീക്ഷണം. അടുത്തിടെ ഒരു ഐഐടി ബിരുദധാരിയെ അഭിമുഖം നടത്തിയപ്പോള്‍ ഫിബൊനാച്ചി ഹീപ്പ് പോലുള്ള വിപുലമായ ആശയങ്ങള്‍ അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിലും അവ ഫലപ്രദമായി പ്രയോഗിക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് ഒരാളുടെ അഭിപ്രായം.

അതേസമയം, വിലക്കയറ്റമുള്ള ഒരു നാട്ടില്‍ 30,000 രൂപ ശമ്പളം കൊണ്ട് എങ്ങിനെ ജീവിക്കാനാണെന്നാണ് ചിലരുടെ ചോദ്യം. 2004-ലെ ഒരു ഫ്രഷറുടെ ശമ്പളം 2024-ലേതിന് തുല്യമാകില്ല. ഇത്രയും ശമ്പളം വാഗ്ദാനം ചെയ്യുന്നത് ചൂഷണമാണെന്ന് മറ്റൊരാള്‍ പ്രതികരിച്ചു.

കോളേജുകള്‍കൊണ്ട് മാത്രം ശമ്പളപരിധി നിശ്ചയിക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. കഴിവിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും മുന്‍നിര കോളേജില്‍ പഠിച്ചതുകൊണ്ടുമാത്രം അതുണ്ടാകില്ലെന്നുമാണ് ഇവരുടെ വിലയിരുത്തല്‍. അതേസമയം, കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കില്ലെന്നാണ് അഭിഷേകിന്റെ പ്രതികരണം. ഫ്രഷേഴ്‌സിനെക്കുറിച്ച് മാത്രമാണ് പറഞ്ഞതെന്നും ടെക്കി വ്യക്തമാക്കി.

Tags