ടാറ്റ ഗ്രൂപ്പിന് 44,000 കോടി രൂപയുടെ സബ്സിഡി ലഭിച്ച് ആഴ്ചകള്‍ക്കകം ബിജെപിക്ക് 758 കോടി രൂപ സംഭാവന നല്‍കി, ഇലക്ഷന് പണമൊഴുക്കുന്നത് വെറുതെയല്ല, എല്ലാം സാധാരണക്കാരന്റെ നികുതിപ്പണം
ഗുജറാത്തിലെ ധോലേരയിലും അസമിലുമായി ടാറ്റയുടെ രണ്ട് സെമികണ്ടക്ടര്‍ ഫാബ് യൂണിറ്റുകള്‍ക്ക് 2024 ഫെബ്രുവരിയില്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പ് ഭാരതീയ ജനതാ പാര്‍ട്ടിക്ക് 758 കോടി രൂപ സംഭാവന നല്‍കിയത് വിവാദമാകുന്നു. രണ്ട് സെമികണ്ടക്ടര്‍ യൂണിറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 44,000 കോടി രൂപയിലധികം സബ്സിഡി പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കകമാണ് വമ്പന്‍ തുക സംഭാവനയായി ബിജെപിയുടെ അക്കൗണ്ടിലെത്തിയത്.
tRootC1469263">ഗുജറാത്തിലെ ധോലേരയിലും അസമിലുമായി ടാറ്റയുടെ രണ്ട് സെമികണ്ടക്ടര്‍ ഫാബ് യൂണിറ്റുകള്‍ക്ക് 2024 ഫെബ്രുവരിയില്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഏകദേശം 44,023 കോടി രൂപ സബ്സിഡി ആണ് ഇതിനായി അനുവദിച്ചത്. ഇരു സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്നവയാണ് എന്ന പ്രത്യേകതകൂടിയുണ്ട്.
യൂണിറ്റുകള്‍ക്ക് അനുമതി ലഭിച്ച് തൊട്ടുപിന്നാലെ, 2024 ഏപ്രിലില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ടാറ്റ ഗ്രൂപ്പ് സംഭാവന ബിജെപിക്ക് കൈമാറി.
ഇലക്ട്രല്‍ ട്രസ്റ്റ് വഴിയാണ് ബിജെപിക്ക് തുക നല്‍കിയത്. കമ്പനികളും വ്യക്തികളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ സൗകര്യം ഒരുക്കുന്നതാണ് ഇലക്ട്രല്‍ ട്രസ്റ്റ് സംവിധാനം. യുപിഎ സര്‍ക്കാര്‍ 2013-ല്‍ ആരംഭിച്ച പദ്ധതിയാണിത്.
ഇലക്ട്രല്‍ ട്രസ്റ്റുകള്‍ക്ക് സംഭാവനയുടെ ഉറവിടവും ഏത് പാര്‍ട്ടിക്ക് എത്ര തുക നല്‍കി എന്നതും വെളിപ്പെടുത്തേണ്ടതുണ്ട്. കോണ്‍ഗ്രസിനും ടാറ്റ സംഭാവന നല്‍കുകയുണ്ടായി. 77.3 കോടി രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്.
ഇലക്ട്രല്‍ ബോണ്ട് വമ്പന്‍ അഴിമതിക്ക് കാരണമാകുന്നുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. സുപ്രീംകോടതി ഇടപെടലിലൂടെ ഇലക്ട്രല്‍ ബോണ്ട് നിര്‍ത്തലാക്കിയ ശേഷം ഇലക്ട്രല്‍ ട്രസ്റ്റുകള്‍ വഴിയുള്ള രാഷ്ട്രീയ ധനസമാഹരണത്തില്‍ ബിജെപി തന്നെയാണ് ഏറ്റവും വലിയ ഗുണഭോക്താവ്.
.jpg)

