താനൂരിലെ പെണ്‍കുട്ടികളെ മുംബൈയിലെത്തിച്ചത് കെണിയില്‍ വീഴ്ത്താന്‍, ബ്യൂട്ടി പാര്‍ലര്‍ അനാശാസ്യത്തിന് റെയ്ഡ് നടന്ന സ്ഥാപനമോ? ദുരൂഹത ഒഴിയുന്നില്ല

Tanur missing girls
Tanur missing girls

കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണത്തില്‍ പോലീസ് അന്വേഷണം നടത്തണെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

മുംബൈ: താനൂരില്‍ നിന്നും കാണാതാവുകയും പിന്നീട് മുംബൈയില്‍ നിന്നും കണ്ടെത്തുകയും ചെയ്ത രണ്ടു പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്താന്‍ ശ്രമിച്ചതായുള്ള അഭ്യൂഹം സജീവമാകുന്നു. പെണ്‍കുട്ടികളെ കണ്ടെന്ന് പറയുന്ന മുംബൈയിലെ ബ്യൂട്ടി പാര്‍ലര്‍ ദുരൂഹതയുള്ളതാണെന്നാണ് ആരോപണം.

കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണത്തില്‍ പോലീസ് അന്വേഷണം നടത്തണെന്ന ആവശ്യം ശക്തമാകുന്നുണ്ട്. മുംബൈയിലെ പാര്‍ലര്‍ ഉടമ പാലാരിവട്ടംകാരനായ ഒരു പ്രിന്‍സ് ആണെന്ന് വിവരം ലഭിച്ചതായി സന്ദീപ് പറയുന്നു.

ഏതാനും വര്‍ഷം മുന്‍പ് ഈ സ്ഥാപനത്തില്‍ (അന്നതിന് വേറെ പേരായിരുന്നു) മുംബൈ പോലീസ് റെയ്ഡ് നടത്തിയതായും നിരവധി മലയാളി പെണ്‍കുട്ടികളെ അടക്കം അനാശാസ്യത്തിന് പിടികൂടിയതായും അന്ന് മനോരമയുടെ മുംബൈ എഡിഷനില്‍ ഇത് വാര്‍ത്തയായി വന്നിരുന്നതായും ആ പ്രദേശത്തുള്ള മലയാളികള്‍ അറിയിച്ചു.

ഇക്കാര്യം സംബന്ധിച്ച് ഇന്ന് മാതൃഭൂമിയില്‍ മാതു ചെറുതായി ഒന്ന് സൂചിപ്പിച്ചപ്പോള്‍ തന്നെ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടിരുന്ന പാര്‍ലര്‍ ഉടമയുടെ മുഖം വിറളി വെളുത്തുതായി കാണാന്‍ സാധിച്ചു.  കേരള പോലീസ് മുംബൈ പോലീസുമായി ബന്ധപ്പെട്ട് ഈ വിവരങ്ങള്‍ അന്വേഷിക്കണം. ഒന്ന് രണ്ട് വര്‍ഷം മുന്‍പ് ഇവിടെ ഒരു മലയാളിയുടെ ദുരൂഹമരണം നടന്നതായും മൃതദേഹം നാട്ടില്‍ കൊണ്ടുവരാതെ അവിടെത്തന്നെ അടക്കിയതായും മുംബൈ മലയാളികളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതെല്ലാം അന്വേഷണ വിധേയമാക്കണം.

നാളെ നമ്മുടെ ഒരു പെണ്‍കുട്ടിക്കും ഈ അവസ്ഥ വന്നുകൂടാ. അതുകൊണ്ടുതന്നെ ശക്തമായ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. ഇവിടെ നിന്നും പെണ്‍കുട്ടികളെ കൊണ്ടുപോയവന്റെ പങ്കും അന്വേഷിക്കപ്പെടണം.

രക്ഷിതാക്കളെ കുറ്റം പറഞ്ഞ് ഈ വിഷയം വഴി തിരിച്ചുവിടാന്‍ പലരും ശ്രമിക്കുന്നുണ്ട്. അവരുടെ ഭാഗ്യം കൊണ്ടാണ് പൊന്നുമക്കള്‍ക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതെ തിരികെ ലഭിച്ചത്.  ഈ വിഷയത്തില്‍ പൂര്‍ണ്ണമായും രക്ഷിതാക്കള്‍ക്കൊപ്പമാണ്. ആ പാവങ്ങളെ ഇതില്‍ കുറ്റപ്പെടുത്തേണ്ടതില്ലെന്നും സന്ദീപ് പറയുന്നു.

ബുധനാഴ്ച ഉച്ചയോടെയാണ് മലപ്പുറം താനൂര്‍ ദേവദാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ അശ്വതി,ഫാത്തിമ ഷഹദ എന്നിവരെ കാണാതാകുന്നത്. ഇരുവരുടെയും കൈയിലെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുംബൈയിലാണ് ഇവരുള്ളതെന്ന് പൊലീസ് കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുംബൈ - ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ നിന്ന് റെയില്‍വേ പൊലീസാണ് വിദ്യാര്‍ഥികളെ കണ്ടെത്തിയത്.

യാത്രചെയ്യാനുള്ള താത്പര്യംകൊണ്ടും മുടിമുറിച്ച് സ്റ്റൈലാകണമെന്ന ആഗ്രഹം വീട്ടുകാര്‍ അനുവദിക്കാത്തതുകൊണ്ടുമൊക്കെയാണ് യാത്രയ്ക്ക് ഇറങ്ങിയതെന്നാണ് കുട്ടികള്‍ പറഞ്ഞത്. പരീക്ഷയ്ക്ക് സ്‌കൂളിലേക്കെന്നു പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. ഒരാള്‍ക്കേ പരീക്ഷ ഉണ്ടായിരുന്നുള്ളൂ. സ്‌ക്രൈബിന്റെ സഹായത്തോടെ പരീക്ഷയെഴുതുന്ന കുട്ടി എത്താതായപ്പോള്‍ സ്‌കൂളില്‍നിന്നു വിളിച്ചപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്.

പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ അവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കോഴിക്കോട്ടായിരുന്നു. അതിനുശേഷം ഫോണ്‍ ഓണായില്ല. രണ്ടുപേരുടെയും നമ്പറിലേക്ക് അവസാനംവന്ന വിളി എടവണ്ണ സ്വദേശിയായ യുവാവിന്റെ നമ്പറില്‍നിന്നായിരുന്നു. ഇന്‍സ്റ്റഗ്രാം വഴി സൗഹൃദത്തിലായതാണ് ഇവര്‍. ഏതാനും മണിക്കൂറുകള്‍ക്കുശേഷം മുംബൈക്കടുത്ത് പന്‍വേലില്‍ യുവാവിന്റെ മൊബൈല്‍ ഓണായി. മൂവരും ഒരുമിച്ച് മുംബൈയിലേക്കാണ് യാത്ര എന്ന നിഗമനത്തിലെത്തി പോലീസ്.

കേരള പോലീസ് അറിയച്ചതനുസരിച്ച് മുംബൈ പോലീസും അവിടത്തെ മലയാളി സമാജം പ്രവര്‍ത്തകരും മുസ്ലിം ജമാഅത്ത് പ്രവര്‍ത്തകരും വ്യാപകമായി അന്വേഷണം തുടങ്ങി. വൈകാതെ മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനടുത്ത് മലയാളിയായ ലൂസി നടത്തുന്ന ബ്യൂട്ടിപാര്‍ലറിലാണ് ഇവരുള്ളതെന്നു വ്യക്തമായി. പോലീസ് എത്തുമ്പോഴേക്കും കുട്ടികള്‍ അവിടെനിന്ന് ഇറങ്ങിയിരുന്നു. നീണ്ട മുടിയുണ്ടായിരുന്ന കുട്ടികള്‍ മുടി മുറിച്ചു, സ്‌ട്രെയിറ്റന്‍ ചെയ്തു, മുഖത്ത് കാര്യമായ പരിചരണങ്ങള്‍ നടത്തി. മൊബൈല്‍ ഉള്‍പ്പെടെയുള്ളവ കളവുപോയെന്നും മുംബൈയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് എത്തിയതെന്നുമാണ് അവിടെ പറഞ്ഞത്. കുട്ടികളോട് സംസാരിച്ചത് അവിടെയുണ്ടായിരുന്ന മലയാളികളാണ്.

പന്‍വേലിലേക്കു പോകാനുള്ള വഴികള്‍ ചോദിച്ചിട്ടാണ് ബ്യൂട്ടിപാര്‍ലറില്‍നിന്ന് ഇറങ്ങിയത്. ഇതിനിടെ അവര്‍ പുതിയ സിം വാങ്ങുകയും അത് മാറ്റിയിടാനായി ഫോണ്‍ ഓണാക്കുകയും ചെയ്തപ്പോള്‍ വീണ്ടും മൊബൈല്‍ ലൊക്കേഷന്‍ കിട്ടി. കുട്ടികള്‍ തീവണ്ടിയിലാണെന്ന് പോലീസ് ഉറപ്പിച്ചു. വിവരം മുംബൈ പോലീസിനെ അറിയിച്ചതോടെ തീവണ്ടിയില്‍ കുട്ടികളെ കണ്ടെത്തി. കുട്ടികളുടെ തിരോധാനവും ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ മൊഴിയുമെല്ലാം കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കാനാണ് പോലീസിന്റെ തീരുമാനം.

Tags