തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ രുചിയുടെ മേളം ; 12,000 പേർക്ക് ഭക്ഷണമൊരുക്കി മോറാഴയുടെ കൂട്ടായ്മ

A feast of flavors at the Taliparamba South Sub-district School Arts Festival; a collective from Morazha prepares food for 12,000 people.

ഭക്ഷണശാലയിലെ പ്രവർത്തനങ്ങൾ അതീവ സുരക്ഷിതമായും ചിട്ടയോടെയുമാണ് മുന്നോട്ടുപോകുന്നത്. മോറാഴയിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് പാചകത്തിന്റെ പ്രധാന ചുമതല ഏറ്റെടുത്തിരിക്കുന്നത്. കുടുംബശ്രീ പ്രവർത്തകരും ഹരിതകർമസേന അംഗങ്ങളും സജീവമായി ഒപ്പമുണ്ട്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കലോത്സവം വീണ്ടും മോറാഴയിലെത്തുന്നതെന്ന് ഭക്ഷണ കമ്മിറ്റി ചെയർമാൻ  സി.എൻ. മോഹനൻ പറഞ്ഞു.

 കലോത്സവമെന്നാൽ കലയുടെ വേദി മാത്രമല്ല, കൂട്ടായ്മയുടെയും ആഘോഷം കൂടിയാണ്. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മത്സരങ്ങളുടെ ആവേശത്തിനൊപ്പം കലോത്സവനഗരിയിൽ രുചി വൈവിദ്യങ്ങളുമായി ഊട്ടുപുരയും ശ്രദ്ധ നേടുകയാണ്. 12,000 ഓളം പേർക്ക് വയറുനിറയെ ഭക്ഷണമൊരുക്കാൻ ഒരുമിച്ചിരിക്കുകയാണ് മോറാഴയിലെ  ഒരു കൂട്ടം അദ്ധ്യാപകരും ചെറുപ്പക്കാരും നാട്ടുകാരും. നാല് ദിവസങ്ങളിലായി  ഭക്ഷണമൊരുക്കുന്ന ഈ വലിയ കൂട്ടായ്മ കലോത്സവത്തിന് പകരുന്നത് വേറിട്ടൊരു രുചിക്കൂട്ടാണ്.

കലയുടെ മികവിനൊപ്പം രുചിയുടെ വൈവിധ്യവും നിറയുകയാണ് തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കേരള സ്കൂൾ കലോത്സവ വേദിയിൽ. മത്സരവേദികളിൽ കുട്ടികൾ കലാപ്രകടനങ്ങളുമായി മാറ്റുരയ്ക്കുമ്പോൾ, മറുഭാ​ഗത്ത് ആയിരക്കണക്കിന് പേരുടെ വിശപ്പകറ്റാനുള്ള വലിയൊരു കൂട്ടായ്മയും സജീവമാണ്. മോറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ  നാട്ടുകാരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് ഭക്ഷണവിതരണത്തിന് ചുക്കാൻ പിടിക്കുന്നത്. നാല് ദിവസങ്ങളിലായി ഏകദേശം 12,000 പേർക്ക് മൂന്ന് നേരം ഭക്ഷണം നൽകാനാണ് ക്രമീകരണം. രാവിലെ ചായയും പലഹാരവും, ഉച്ചയ്ക്ക് ഊണും, വൈകുന്നേരം ചായയും കടിയും ഒരുക്കിയിട്ടുണ്ട്. മത്സരങ്ങൾ നീണ്ടുപോയാൽ രാത്രിയിലും ഭക്ഷണം ലഭ്യമാക്കാനുള്ള സൗകര്യവും സജ്ജമാണ്.

ഭക്ഷണശാലയിലെ പ്രവർത്തനങ്ങൾ അതീവ സുരക്ഷിതമായും ചിട്ടയോടെയുമാണ് മുന്നോട്ടുപോകുന്നത്. മോറാഴയിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് പാചകത്തിന്റെ പ്രധാന ചുമതല ഏറ്റെടുത്തിരിക്കുന്നത്. കുടുംബശ്രീ പ്രവർത്തകരും ഹരിതകർമസേന അംഗങ്ങളും സജീവമായി ഒപ്പമുണ്ട്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കലോത്സവം വീണ്ടും മോറാഴയിലെത്തുന്നതെന്ന് ഭക്ഷണ കമ്മിറ്റി ചെയർമാൻ  സി.എൻ. മോഹനൻ പറഞ്ഞു.

ഒരേസമയം 600 ഓളം കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഭക്ഷണശാലയിൽ ഒരുക്കിയിരിക്കുന്നത്. കലോത്സവത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച പായസം അടക്കമുള്ള വിഭവസമൃദ്ധമായ സദ്യയും ഒരുക്കുന്നുണ്ട്. അങ്ങനെ കലോത്സവം രുചിയുടെ ഉത്സവം കൂടിയായി മാറുകയാണെന്ന്  ഭക്ഷണ കമ്മിറ്റി കൺവീനർ രാജീവൻ പറഞ്ഞു.

ഓരോ ദിവസവും വ്യത്യസ്തമായ വിഭവങ്ങളാണ് ഒരുക്കുന്നത്. രുചിയിലും വൈവിധ്യത്തിലും വേറിട്ടുനിൽക്കുന്ന ഭക്ഷണം കുട്ടികൾക്കും ഏറെ ഇഷ്ടമായിരിക്കുകയാണ്.  കലാപ്രകടനങ്ങളുടെ ആവേശത്തിനൊപ്പം രുചിയുടെയും സ്നേഹത്തിന്റെയും ഓർമകൾ കൂടി സമ്മാനിക്കുകയാണ് മോറാഴയിലെ ഈ ഭക്ഷണശാല. ആയിരക്കണക്കിന് പേരുടെ വിശപ്പകറ്റാൻ ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന നാട്ടുകാരുടെ കൂട്ടായ്മയും കലോത്സവത്തിന്റെ മാറ്റുകൂട്ടുന്നു. അങ്ങനെ കലയുടെ ഉത്സവം മോറാഴയ്ക്ക് രുചിയുടെ ഉത്സവം കൂടിയായി മാറുകയാണ്.

Tags