മതസൗഹാർദത്തിന്റെ തണലിൽ തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്ന കൊട്ടിയൂർ തീർത്ഥാടകർക്ക് കൈത്താങ്ങായി മുസ്‌ലിം സംഘടനകളും വ്യാപാരികളും
മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.വി മുഹമ്മദ് കുഞ്ഞിയുടെ നിർദ്ദേശപ്രകാരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ച വളണ്ടിയർമാർ, പൊലിസിന്റെ അഭ്യർത്ഥന കൂടി പരിഗണിച്ച് ഈദ് ഗാഹ് ഗ്രൗണ്ടിലേക്ക് വാഹനങ്ങൾ തിരിച്ചുവിട്ട് ഗതാഗതം സുഗമമാക്കി
തളിപ്പറമ്പ്: കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ചരിത്രപ്രസിദ്ധമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്ന പതിനായിരക്കണക്കിന് ഭക്തർക്ക് മാതൃകാപരമായ സേവനങ്ങളുമായി മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡും സെയ്യദ് നഗർ ജുമാമസ്ജിദ് കമ്മിറ്റിയും വ്യാപാരി സംഘടനയും രംഗത്തിറങ്ങി.
അയൽ സംസ്ഥാനങ്ങളിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നും അടക്കം ആയിരക്കണക്കിന് ഭക്തജനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രനഗരിയിലേക്ക് എത്തിയത്. അവധി ദിവസങ്ങൾ കൂടിയായതോടെ ദർശനത്തിനെത്തിയവരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇതോടെ വാഹനങ്ങൾ ഉൾക്കൊള്ളാനാവാതെ തളിപ്പറമ്പും പരിസരവും കിലോമീറ്ററുകളോളം നീണ്ട വൻ ഗതാഗതക്കുരുക്കിലായി.ഈ പ്രതിസന്ധി ഘട്ടത്തിലാണ് ട്രാഫിക് കുരുക്കഴിക്കാൻ മുസ്‌ലിം യൂത്ത് ലീഗിന്റെ തളിപ്പറമ്പ് മുനിസിപ്പൽ വൈറ്റ് ഗാർഡ് അംഗങ്ങൾ സജീവമായി രംഗത്തിറങ്ങിയത്.
മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.വി മുഹമ്മദ് കുഞ്ഞിയുടെ നിർദ്ദേശപ്രകാരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ച വളണ്ടിയർമാർ, പൊലിസിന്റെ അഭ്യർത്ഥന കൂടി പരിഗണിച്ച് ഈദ് ഗാഹ് ഗ്രൗണ്ടിലേക്ക് വാഹനങ്ങൾ തിരിച്ചുവിട്ട് ഗതാഗതം സുഗമമാക്കി.
ക്ഷേത്രത്തിൽ ഭക്തരെ ഇറക്കിയ ശേഷം വാഹനങ്ങൾ കൃത്യമായി പാർക്ക് ചെയ്യാനും, ദർശനം കഴിഞ്ഞ് മടങ്ങുന്നവരെ മറ്റൊരു വഴിയിലൂടെ തിരിച്ചെത്തി വാഹനത്തിൽ കയറ്റിവിടാനും വൈറ്റ് ഗാർഡ് അംഗങ്ങൾ റോഡിൽ കാവലാളായി നിന്നു.

കേവലം ട്രാഫിക് നിയന്ത്രണത്തിൽ മാത്രം ഒതുങ്ങിയില്ല തളിപ്പറമ്പിന്റെ ഈ സ്നേഹസേവനം. ദൂരദേശങ്ങളിൽ നിന്ന് മണിക്കൂറുകളോളം യാത്ര ചെയ്ത് ക്ഷീണിച്ചെത്തിയ സ്ത്രീകൾ അടക്കമുള്ള ഭക്തർക്കും ഡ്രൈവർമാർക്കും തങ്ങളുടെ കവാടങ്ങൾ തുറന്നിട്ടാണ് സെയ്യദ് നഗർ ജുമാമസ്ജിദ് കമ്മിറ്റി മാതൃകയായത്. പള്ളിയിലെ ടോയ്‌ലറ്റുകളും ഫ്രഷാകാനുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളും ജമാഅത്ത് കമ്മിറ്റി ഭക്തർക്കായി പൂർണ്ണമായും വിട്ടുനൽകി.

ഇതിനുപുറമെയാണ് തളിപ്പറമ്പിലെ വ്യാപാരി സമൂഹവും ഈ കാരുണ്യപ്രവർത്തിയിൽ പങ്കാളികളായത്. ചേർത്തല, തിരുവനന്തപുരം ഭാഗങ്ങളിൽ നിന്നും രണ്ട് ബസ്സുകളിലായി എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തിന് ഹോട്ടലുകളിലോ റൂമുകളിലോ ഇടം കിട്ടാതെ വന്നതോടെ വൈറ്റ് ഗാർഡ് നേതൃത്വം വ്യാപാരി സംഘടനയെ വിവരമറിയിക്കുകയായിരുന്നു.
ഭക്തരുടെ ബുദ്ധിമുട്ട് അറിഞ്ഞയുടൻ തളിപ്പറമ്പ് മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികളായ കെ.എസ് റിയാസ്, വി. താജുദ്ദീൻ, ടി. ജയരാജ് എന്നിവർ ചേർന്ന് തങ്ങളുടെ വ്യാപാരി ഭവൻ ഓഡിറ്റോറിയം ഹാൾ ഇവർക്കായി തുറന്നുകൊടുത്തു. അങ്ങനെ ആ കുടുംബങ്ങൾക്ക് ഒരു രാത്രി സമാധാനത്തോടെ അന്തിയുറങ്ങാൻ വ്യാപാരി ഭവൻ തണലൊരുക്കി.

മണ്ഡലം വൈസ് ക്യാപ്റ്റൻ ഹനീഫ മദ്റസ, മുനിസിപ്പൽ ക്യാപ്റ്റൻ സി.പി നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ ഫിയാസ് അള്ളാംകുളം, മുഫീദ് കുട്ടുക്കൻ, മുഹമ്മദ് റാഷിക്, അയൂബ്, അഷീർ, റമീസ്, ഉമ്മർ ഫാരിസ്, സിദ്ധീഖ്, ജലീൽ, അജ്മൽ, ശിബിലി, വാർഡ് പ്രസിഡന്റ് കെ.വി സത്താർ തുടങ്ങിയ നിരവധി പേരാണ് വരും ദിവസങ്ങളിലും ഈ സേവന സന്നദ്ധതയുമായി ക്ഷേത്രപരിസരത്ത് തുടരാൻ തീരുമാനിച്ചിരിക്കുന്നത്.
ജാതിയും മതവും രാഷ്ട്രീയവുമെല്ലാം മനുഷ്യനെ അകറ്റാൻ ഉപയോഗിക്കുന്ന ആധുനിക കാലത്ത്, മനുഷ്യത്വമാണ് എല്ലാറ്റിനും മീതെയെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഒരൊറ്റ മനസ്സോടെ അതിഥികളെ സ്വീകരിച്ച തളിപ്പറമ്പിലെ ഈ ജനത.

.jpg)

