തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിൽ പൊട്ടിത്തെറി; വൈസ് പ്രസിഡൻ്റ് രാജി നൽകി,ആകാംഷയിൽ തളിപ്പറമ്പ്
പ്രസിഡൻ്റ് നിലപാട് തിരുത്തുമോ,വൈസ് പ്രസിഡൻ്റ് നിലപാട് മയപ്പെടുത്തുമോ, ആ കാംഷയിൽ തളിപ്പറമ്പ്
തളിപ്പറമ്പ് : തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ താൻ പോരായ്മയിൽ പ്രതിഷേധിച്ച് വൈസ് പ്രസിഡൻ്റ് രാജി കത്ത് നൽകി ഇറങ്ങിപ്പോയി. രണ്ട് ദിവസം മുമ്പ് നടന്ന ബോർഡ് മീറ്റിങിന് ശേഷം പ്രസിഡൻ്റുമായി വാക്കേറ്റം നടക്കുകയും തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി കത്ത് നൽകിയ ശേഷം തൻ്റെ പേര് പതിച്ച ബോർഡ് ഉൾപ്പെടെ സ്വയം നീക്കം ചെയ്ത്, ഇനി വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ താൻ ഇവിടേക്ക് വരില്ലെന്ന് ജീവനക്കാരോട് ഉൾപ്പടെ പറഞ്ഞ ശേഷം ഇറങ്ങിപ്പോകുകയായിരുന്നു. രാജികത്ത് കളക്ടർക്ക് ഇതു വരെ കൈമാറിയില്ല എന്നാണ് വിവരം. പ്രസിഡൻ്റ് ജെസി ഷിജി വട്ടക്കാടുമായി തെറ്റി വൈസ് പ്രസിഡൻ്റ് അജേഷ് പൂവനാട്ട് ആണ് രാജി നൽകിയിരിക്കുന്നത്. ലീഗ് സ്വതന്ത്രയായി മത്സരിച്ചാണ് ജെസി ഷിജി വട്ടക്കാട്ട് വിജയിച്ച് പ്രസിഡൻ്റായത്. അജേഷ് പൂവനാട്ട് കോൺഗ്രസ് ചിഹ്നത്തിലാണ് മത്സരിച്ച് വിജയിച്ചത്.

കഴിഞ്ഞ കുറച്ചു നാളുകളായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പ്രവർത്തനങ്ങൾ ഏകാധിപത്യപരമാണ് എന്ന രീതിയിൽ വിമർശനത്തിനിടയാക്കിയിരുന്നു. മുന്നണി മര്യാദകൾ പാലിക്കാനോ അഭിപ്രായങ്ങൾ ആരായുകയോ, മുഖവിലയ്ക്കെടുക്കുകയോ ചെയ്യാതെ തീരുമാനങ്ങൾ കൈക്കൊളളുന്നു എന്നതാണ് പ്രധാന ആരോപണം. പ്രത്യേക പി.ആർ ടീമിനെ നിയോഗിച്ച് സ്വയം പ്രമോട്ട് ചെയ്യുന്ന പ്രവണതയും വിമർശനത്തിനിടയാക്കിയിരുന്നു. ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിപാടികളിൽ പോലും സഹപ്രവർത്തകർക്ക് അർഹിക്കുന്ന പ്രാധാന്യം നൽകാൻ തയ്യാറാകാത്ത നിലയിലായിരുന്നു പ്രസിഡൻ്റിൻ്റെ സമീപനമെന്നും ഇപ്പോൾ വിവരങ്ങൾ പുറത്തു വരുന്നുണ്ട്.

കോൺഗ്രസ് പ്രവർത്തകയായ ജെസി ഷിജി ലീഗ് പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചതിനാൽ ലീഗ് പ്രതിനിധി എന്ന നിലയിൽ ഉദ്യോഗസ്ഥരുടെ പുനർ വിന്യാസത്തിൽ പോലും നേരിട്ട് ഇപെട്ടത് ഉദ്യോഗസ്ഥർക്കിടയിലും കടുത്ത അതൃപ്തിക്കിടയാക്കിയിരുന്നു. കൂടാതെ ഭരണമാറ്റത്തോടെ പുറത്ത് പോയ സി.പി.എം അനുഭാവിയെ തൻ്റെ വാഹനത്തിൻ്റെ ഡ്രൈവറായി തിരികെയെത്തിച്ചതും യു.ഡി.എഫിൽ കടുത്ത അതൃപ്തിക്കിടയാക്കിയതായാണ് വിവരം.
രാജി നൽകി പോയ വൈസ് പ്രസിഡൻ്റ് രണ്ടു ദിവസത്തിനു ശേഷവും തൻ്റെ നിലപാടിൽ നിന്നും മാറിയിട്ടില്ലായെന്നാണ് വിവരം. ഇതോടെ ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത്, രൂപീകരണത്തിനു ശേഷം ആദ്യമായി ഭരണം പിടിച്ചെടുത്ത് ചരിത്രം സൃഷ്ടിച്ച യു.ഡി.എഫിന് മുന്നിൽ ഭരണ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വൈസ് പ്രസിഡൻ്റ് നിലപാട് മയപ്പെടുത്തി തിരിച്ചു വരുമോ, പ്രസിഡൻ്റ് നിലപാട് തിരുത്തി സമവായത്തിന് ശ്രമിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ക്യാംപിൽ പോലും അമ്പരപ്പ് സൃഷ്ടിച്ചു കൊണ്ടാണ്, ഇടതു പക്ഷത്തിൽ നിന്നും ഭരണം പിടിച്ചെടുത്തത്. ആകെയുള്ള 17 സീറ്റിൽ യു.ഡി.എഫിന് 9 സീറ്റും, എൽ.ഡി.എഫിന് 8സീറ്റുമാണ് ലഭിച്ചിരുന്നത്.ഉദയഗിരി ഡിവിഷനിൽ നിന്നുമാണ് അജേഷ് പൂവനാട്ട് വിജയിച്ചത്.അതേ സമയം രാജിയുമായി ബന്ധപ്പെട്ട് സന്നദ്ധത അറിയിക്കുക മാത്രമാണ് ഉണ്ടായത് എന്നാണ് പ്രസിഡൻ്റുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.
.jpg)


