സൂര്യകുമാര്‍ യാദവിന്റെ ക്യാച്ച് വിവാദത്തില്‍, ഷൂസ് ബൗണ്ടറി ലൈനില്‍ തട്ടിയെന്ന് അവകാശപ്പെടുന്ന വീഡിയോ പുറത്ത്

Suryakumar Yadav

ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ലോക ചാമ്പ്യന്മാരായിരിക്കുകയാണ്. 17 വര്‍ഷത്തിന് ശേഷമുള്ള ആദ്യ ടി20 ലോകകപ്പ് വിജയവും 13 വര്‍ഷത്തിന് ശേഷമുള്ള ആദ്യ ലോക കിരീടവും 11 വര്‍ഷത്തിനുള്ളില്‍ കന്നി ഐസിസി ട്രോഫിയുമാണ് ഇന്ത്യ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലൂടെ നേടിയെടുത്തത്. തോല്‍വിയിലേക്ക് പോകുന്നതിനിടെ അവസാന ഓവറുകളില്‍ ബൗളര്‍മാരിലൂടെ തിരിച്ചുവരികയായിരുന്നു ഇന്ത്യ.

ടീം ഇന്ത്യ കിരീടം നേടുമ്പോള്‍ എങ്ങും ചര്‍ച്ചയാകുന്നത് അവസാന ഓവറിലെ സൂര്യകുമാറിന്റെ നിര്‍ണായക ക്യാച്ചാണ്. അവസാന ഓവറിലെ ആദ്യ പന്ത് ഡേവിഡ് മില്ലര്‍ ഉയര്‍ത്തിയടിച്ചപ്പോള്‍ ബൗണ്ടറി ലൈനില്‍ സാഹസികമായ ഒരു ക്യാച്ചിലൂടെ സൂര്യ പന്ത് കൈക്കുള്ളിലാക്കി. ഷൂസ് ബൗണ്ടറി ലൈനില്‍ തട്ടിയോ എന്ന് ടിവി അമ്പയര്‍ പരിശോധിച്ചശേഷമാണ് മില്ലര്‍ പുറത്താകുന്നത്. എന്നാല്‍, സൂര്യയുടെ ഷൂസ് ലൈനില്‍ തട്ടിയെന്ന് അവകാശപ്പെടുന്ന പുതിയ വീഡിയോ പുറത്തുവന്നു.

അമ്പയര്‍ പലതവണ വീഡിയോ റീപ്ലേ കാണേണ്ടതുണ്ടായിരുന്നെന്ന് ഒരു വീഡിയോ പങ്കുവെച്ച് ദക്ഷിണാഫ്രിക്കന്‍ ആരാധകന്‍ പറഞ്ഞു. ക്യാച്ചിന് തൊട്ടുമുമ്പ് ബൗണ്ടറി റോപ്പിന്റെ കുഷ്യനിംഗ് പിന്നിലേക്ക് തള്ളിയതായി മറ്റൊരു സോഷ്യല്‍ മീഡിയ പോസ്റ്റ് എടുത്തുകാണിക്കുന്നു. സെക്ഷന്‍ 19.3 പ്രകാരം അതിര്‍ത്തി അടയാളപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഒരു സോളിഡ് ഒബ്ജക്റ്റ് ഏതെങ്കിലും കാരണത്താല്‍ നീങ്ങിപ്പോയാല്‍ അതിര്‍ത്തി അതിന്റെ യഥാര്‍ത്ഥ സ്ഥാനത്താണെന്ന് കണക്കാക്കും എന്നാണ്.

മത്സരത്തിനിടെ റോപ്പിന്റെ കുഷ്യനിംഗ് പിറകിലേക്ക് നീങ്ങിയിരുന്നെന്നും ഇത് യഥാ സ്ഥാനത്ത് ആയിരുന്നില്ലെന്നുമാണ് മറ്റൊരു ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. അവസാന ഓവറില്‍ 16 റണ്‍സ് വേണ്ടിയിരുന്നപ്പോഴാണ് മില്ലര്‍ പുറത്താകുന്നത്. ക്യാച്ച് ചെയ്ത പന്ത് സിക്‌സറായിരുന്നെങ്കില്‍ മത്സരം സൗത്ത് ആഫ്രിക്കയ്ക്ക് അനുകൂലമാകുമായിരുന്നു. മില്ലര്‍ പുറത്തായതിന് ശേഷം എത്തിയ കഗിസോ റബാഡ ഒരു ബൗണ്ടറി നേടിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യയുടെ മികവുറ്റ ബൗളിങ് ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം നിഷേധിച്ചു. സൂര്യകുമാറിന്റെ ക്യാച്ച് കപില്‍ ദേവിന്റെ 1983 ലെ ഐക്കണിക് ക്യാച്ചുമായാണ് താരതമ്യം ചെയ്യുന്നത്.

 

Tags