അതുശരി, അപ്പോ അങ്ങായിരുന്നല്ലേ സിഎജിക്ക് ബുദ്ധി ഉപദേശിച്ചത്, ഈ ഏഴ് ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടോ?

google news
Thomas Isaac vd satheesan

 തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു കടത്തെ സംബന്ധിച്ചും കടമെടുപ്പ് പരിധിയെക്കുറിച്ചുമെല്ലാം ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റം പതിവാണ്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയാണ് സാമ്പത്തിക തകര്‍ച്ചയ്ക്ക് ഇടയാക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

സിഎജി റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയും പ്രതിപക്ഷം ഭരണപക്ഷത്തെ വിമര്‍ശിച്ചു. ബജറ്റിന് പുറത്തെടുത്ത തുക കടമെടുപ്പ് പരിധിയില്‍ വരുമെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞിരുന്നതായാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അവകാശവാദം. എന്നാല്‍, വിഷയത്തില്‍ സതീശനോട് ഏഴ് ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

പുറത്തെടുത്ത തുക കടമെടുപ്പിന്റെ പരിധിയില്‍ വരുമെന്നു പ്രതിപക്ഷം മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. പ്രതിപക്ഷം പറഞ്ഞ അതേ കാര്യങ്ങളാണ് സി&എജി റിപ്പോര്‍ട്ടിലും പറഞ്ഞതെന്ന കാര്യം എന്റെ ഓര്‍മ്മയിലും ഉണ്ടാകുമല്ലോ എന്നാണ് അദ്ദേഹം എഴുതിയത്.

അതു ശരി. സി&എജിക്ക് ഈ ബുദ്ധി ഉപദേശിച്ചു കൊടുത്തത് അങ്ങായിരുന്നല്ലേ? ഞാന്‍ എത്രയും നിനച്ചില്ല. ഏതായാലും അതു കുറച്ചു കടുത്തകൈ ആയിപ്പോയി. കൂടുതല്‍ വ്യക്തത ഇക്കാര്യത്തില്‍ ഉണ്ടാവാന്‍ '7'' ചോദ്യങ്ങള്‍ ചോദിക്കുകയാണ്. സമയമെടുത്തു മറുപടി നല്‍കുക. ആരോഗ്യകരമായ ഒരു സംവാദം നടക്കട്ടെ.

I. കിഫ്ബി ശിവദാസമേനോന്‍ ധനമന്ത്രി ആയിരുന്നപ്പോള്‍ രൂപീകൃതമായതാണ്. ആ നിയമത്തെ സമഗ്രമായി ഭേദഗതി ചെയ്തു പരിഷ്‌കരിക്കുകയാണു 2016-ല്‍ ചെയ്തത്. നിയമ നിര്‍മ്മാണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ പ്രതിപക്ഷം ''കിഫ്ബി വായ്പ കടമെടുപ്പിന്റെ പരിധിയില്‍ വരും'' എന്നു പറഞ്ഞിട്ടുണ്ടോ? നിയമസഭാ രേഖകളുണ്ടല്ലോ. പ്രസക്തമായ ഭാഗം ഉദ്ധരിക്കാന്‍ തയ്യാറാകുമോ? യഥാര്‍ത്ഥത്തില്‍ സി&എജി റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ചയില്‍ സി&എജിയുടെ വാദത്തെ പിന്താങ്ങുകയാണു യുഡിഎഫ് ചെയ്തത്.

II. കിഫ്ബിക്കെതിരെ ഞങ്ങള്‍ മുന്നേ മുന്നറിയിപ്പു തന്നിരുന്നതാണെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷനേതാവ് ശ്രീ. ഉമ്മന്‍ ചാണ്ടി ധനമന്ത്രിയെന്ന നിലയില്‍ അവതരിപ്പിച്ച 2016-ലെ ബജറ്റ് വേളയിലും സഭയിലുണ്ടായിരുന്നു. ബജറ്റില്‍ ഇങ്ങനെയൊരു പ്രസ്താവനയുണ്ട്. ''കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കു 30,000 കോടി രൂപ മൂലധനം സമാഹരിക്കുന്നതിനായി Kerala Infrastructure Investment Fund-നെ സജ്ജമാക്കുന്നതാണ്''. എന്തുകൊണ്ട് അന്ന് മുന്നറിയിപ്പു നല്‍കിയില്ല. 2011-ലെ ബജറ്റില്‍  ഞാനാണ് ആദ്യമായി ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. അന്നൊന്നും തോന്നാതിരുന്ന ജാഗ്രത ഇപ്പോള്‍ ഉണ്ടായത് ഈ വന്‍കിട പദ്ധതികള്‍ പൂര്‍ത്തീകരിച്ചാല്‍ ഉണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വേവലാതിമൂലമല്ലേ?

III. ശിവദാസമേനോന്റെ കാലത്തും തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും കിഫ്ബി വായ്പയെടുത്തിട്ടുണ്ട്. അന്ന് ആ വായ്പ സംസ്ഥാന സര്‍ക്കാരിന്റെ കടത്തിന്റെ ഭാഗമായി കണക്കില്‍ ഉള്‍പ്പെടുത്തിയിരുന്നോ? ധനഉത്തരവാദിത്വ നിയമം നിലവില്‍ വന്നതിനുശേഷം ഏപ്പോഴെങ്കിലും ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെ വായ്പ സര്‍ക്കാരിന്റെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തിയ സംഭവം ഉണ്ടായിട്ടുണ്ടോ? കേരളം പോകട്ടെ. ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ കാര്യത്തില്‍ ഇന്നു ബിജെപി സര്‍ക്കാര്‍ ഇത്തരമൊരു സമീപനം സ്വീകരിച്ചതായി ചൂണ്ടിക്കാണിക്കാനാകുമോ? എന്തിനാണു ബിജെപി നയത്തെ വെള്ളപൂശുന്നത്?

IV. കേന്ദ്ര സര്‍ക്കാര്‍ ''ഓഫ് ബജറ്റ്'', ''എക്‌സ്ട്രാ ബജറ്റ്'' വായ്പകള്‍ എടുക്കാറുണ്ടല്ലോ? എന്നെങ്കിലും അവ കേന്ദ്ര സര്‍ക്കാര്‍ കടത്തിലോ കടമെടുപ്പു പരിധിയിലോ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ? നിര്‍മ്മലാ സീതാരാമന്‍ മന്ത്രി ആയതിനുശേഷം ഈ തുകകള്‍ ഒരു അനുബന്ധമായി നല്‍കുന്ന പതിവ് തുടങ്ങി. എന്നാല്‍ 2019-20-ല്‍ ഈ ലിസ്റ്റില്‍പ്പെടാത്ത 3 ലക്ഷം കോടിയോളം രൂപ ബജറ്റിനു പുറത്തു കേന്ദ്ര സര്‍ക്കാര്‍ വായ്പ എടുത്തൂവെന്ന് സി&എജി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സി&എജി ഈ തുകകള്‍ കേന്ദ്രത്തിന്റെ കടത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ? എന്നാല്‍ കേരളത്തിന്റെ കാര്യം വരുമ്പോള്‍ എന്തിനാണ് ഇരട്ടത്താപ്പ്? ഇതിനെയല്ലേ യുഡിഎഫ് പിന്താങ്ങുന്നത്?

V. ഇനി സംസ്ഥാനങ്ങളുടെമേല്‍ എന്തു വായ്പാ നിബന്ധനയും അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട് എന്നാണു യുഡിഎഫിന്റെ അഭിപ്രായം എന്നിരിക്കട്ടെ. പക്ഷേ, അവയ്ക്കു മുന്‍കാല പ്രാബല്യം നല്‍കുന്നത് എന്തടിസ്ഥാനത്തിലാണു ന്യായീകരിക്കുക? ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത് എന്താണെന്നോ? 2016 മുതല്‍ കിഫ്ബി എടുത്ത എല്ലാ വായ്പകളും ഇന്നു സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്റെ വായ്പ വെട്ടിച്ചുരുക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനെ എങ്ങനെയാണ് പ്രതിപക്ഷനേതാവേ ന്യായീകരിക്കാന്‍ കഴിയുന്നത്? സ്വാഭാവിക നീതി എന്നൊന്നില്ലേ?

VI. ക്ഷേമ കേരളത്തിന്റെ ഇനിയുള്ള വികസനത്തിനു പശ്ചാത്തലസൗകര്യങ്ങളിലെ പിന്നോക്കാവസ്ഥ വലിയ പ്രതിബന്ധമാണ്. ഇത് എന്നെങ്കിലും പരിഹരിച്ചാല്‍ പോരാ. ഇന്നു തന്നെ പരിഹരിക്കണം. തീരദേശ ഹൈവേ ഒഴികെ ഒരു കിഫ്ബി പ്രൊജക്ടുകളും അനാവശ്യമാണെന്നു യുഡിഎഫ് അഭിപ്രായപ്പെട്ടിട്ടില്ല. (തീരദേശ ഹൈവേയുടെ കാര്യത്തില്‍ മലബാറിലെ പല യുഡിഎഫ് എംഎല്‍എമാരും തങ്ങളുടെ മണ്ഡലത്തില്‍ പുതിയ ഹൈവേയെ സ്വാഗതം ചെയ്തിട്ടുണ്ടെന്നതു മറ്റൊരു കാര്യം). കിഫ്ബി തെറ്റാണെങ്കില്‍ യുഡിഎഫിന് ഒരു ബദല്‍ മാര്‍ഗ്ഗം ചൂണ്ടിക്കാണിക്കാന്‍ ഉണ്ടോ? ഉണ്ടെങ്കില്‍ പറഞ്ഞാട്ടെ, ഇതാണു ഞങ്ങള്‍ കേരളത്തിലെ ജനങ്ങളോടു പറയുന്നത്: ഭരണകക്ഷി - പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും നടക്കുന്ന സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ തുടരണമോ? വേണമെങ്കില്‍ യുഡിഎഫ് നയത്തെ തിരുത്തിക്കണം. അതിനുള്ള രാഷ്ട്രീയ പ്രഹരം നല്‍കണം.

VII. യുഡിഎഫിന്റെ ബദലായി പറഞ്ഞു കേട്ടിട്ടുള്ളത് ആന്വിറ്റി മാതൃകയില്‍ ഇത്തരം വലിയ പ്രൊജക്ടുകള്‍ക്കു ടെണ്ടര്‍ വിളിക്കണം എന്നതാണ്. കരാറുകാരന്‍ വായ്പയെടുത്തു പണിയണം. സര്‍ക്കാര്‍ 15-20 വര്‍ഷംകൊണ്ട് പണം നല്‍കും. ഇതു തന്നെയല്ലേ കിഫ്ബി മാതൃകയും? 70,000 കോടി രൂപയുടെ പ്രൊജക്ടുകള്‍ നിര്‍മ്മിക്കുന്നതിനു കിഫ്ബിയെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഈ തുക അടുത്ത 20-25 വര്‍ഷംകൊണ്ട് വര്‍ഷംതോറും ഗ്രാന്റായി കിഫ്ബിക്കു നല്‍കും. 25 ശതമാനത്തോളം വരുന്ന തുക കിഫ്ബി ചില പ്രൊജക്ടുകളുടെ തിരിച്ചടവായി ഉറപ്പാക്കുകയും ചെയ്യും. ഇത്തരം ഒരു പദ്ധതി പ്രയോഗികമാണെന്നുള്ളതു തെളിഞ്ഞു കഴിഞ്ഞതാണല്ലോ. ഇതു പൊളിക്കാന്‍ എന്തിനാണ് യുഡിഎഫ് കേന്ദ്ര ബിജെപി സര്‍ക്കാരിനു കൂട്ടുനില്‍ക്കുന്നത്? ഇതു ബിജെപിയുടെ കാവിയെ വെള്ളപൂശുന്ന രാഷ്ട്രീയമാണെന്നു പറയുമ്പോള്‍ അലോസരപ്പെട്ടിട്ടു കാര്യമില്ല.

 

Tags