സഞ്ജുവിനെ ഒഴിവാക്കി കിഷനും ജിതേഷും എങ്ങിനെ ടീമിലെത്തുന്നു? ദേശീയ ടീമിലെത്താന്‍ മുംബൈയ്ക്കുവേണ്ടി കളിക്കണോ?

google news
Sanju Samson Suryakumar Yadv

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന അഞ്ചു മത്സര ടി20 പരമ്പരയില്‍ കേരള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ തഴഞ്ഞതോടെ അടുത്തവര്‍ഷത്തെ ടി20 ലോകകപ്പിലും താരത്തിന് ഇടമുണ്ടാകില്ലെന്ന സൂചന നല്‍കി ബിസിസിഐ. ടി20 ലോകകപ്പിനായുള്ള ഒരുക്കമായിരിക്കും ഇനിയുള്ള പരമ്പരകളെന്നതിനാല്‍ കളിക്കാരെ കണ്ടെത്തുകയാണ് ബിസിസിഐയുടെ ലക്ഷ്യം.

ഏകദിന ലോകപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന ടി20 പരമ്പരയില്‍ നിന്നും രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ എന്നിവര്‍ വിട്ടു നില്‍ക്കുകയാണെങ്കിലും സഞ്ജുവിന് ദേശീയ ടീമില്‍ ഇടം നല്‍കിയില്ല. ലോകകപ്പ് ടീമിലുണ്ടായിരുന്ന മിക്ക കളിക്കാര്‍ക്കും സെലക്ഷന്‍ കമ്മിറ്റി വിശ്രമം അനുവദിച്ചു.

രോഹിതിന് പകരം ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ആദ്യമായി ഇന്ത്യന്‍ ടീമിനെ നയിക്കും. നവംബര്‍ 23 മുതല്‍ ആരംഭിക്കുന്ന പരമ്പരയ്ക്കായി ടീം ഇന്ത്യ തയ്യാറെടുക്കുമ്പോള്‍, സഞ്ജു സാംസണെ വീണ്ടും ടീമില്‍ നിന്ന് ഒഴിവാക്കിയത് ആരാധകര്‍ ചോദ്യം ചെയ്തു. മികച്ച ഫോമില്‍ കളിക്കുമ്പോഴും ഏകദിന ടീമില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. സഞ്ജുവിന് പകരമെത്തിയ സൂര്യകുമാര്‍ ലോകകപ്പില്‍ പരാജിതനാവുകയും ചെയ്തു.

ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചയുടന്‍ സോഷ്യല്‍ മീഡിയയില്‍ 'ജസ്റ്റിസ് ഫോര്‍ സഞ്ജു സാംസണ്‍' എന്ന ആവശ്യവുമായി ആരാധകരെത്തി. കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ ജിതേഷ് ശര്‍മയോ ഇഷാന്‍ കിഷനോ ആയിരിക്കും വിക്കറ്റ് കീപ്പര്‍. പരിക്ക് മൂലം ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായ അക്‌സര്‍ പട്ടേല്‍ തിരിച്ചെത്തി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിച്ച റിതുരാജ് ഗെയ്ക്വാദ് ആണ് വൈസ് ക്യാപ്റ്റന്‍.

ഇന്ത്യയുടെ രണ്ടാംനിര ടീമിലെ മിക്ക കളിക്കാരേയും പരമ്പരയിലേക്ക് വിളിച്ചപ്പോള്‍ സഞ്ജുവിനെ എന്തിന് ഒഴിവാക്കിയെന്നതില്‍ ബിസിസിഐയ്ക്ക് മറുപടിയില്ല. കിഷന്‍, ജിതേഷ് ശര്‍മ എന്നിവരേക്കാള്‍ മികച്ച പ്രകടനം നടത്തിയ സഞ്ജുവിനെ ചിലരുടെ താത്പര്യപ്രകാരം ഒഴിവാക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സഞ്ജുവിന് സ്ഥിരതയില്ല എന്നു പറയുമ്പോള്‍ കിഷനും ജിതേഷും ഏതു പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിലെത്തിയതെന്ന് ബിസിസിഐ വ്യക്തമാക്കണം. ഏകദിനത്തില്‍ സൂര്യകുമാറിനേക്കാളും ശരാശരിയും സ്‌ട്രൈക്ക് റേറ്റും ഉണ്ടായിട്ടും സഞ്ജുവിനെ ഒഴിവാക്കി. ലോകകപ്പിലെ 7 മാച്ചില്‍ 105 പന്തില്‍ നിന്ന് 106 റണ്‍സ് ആണ് സൂര്യകുമാര്‍ നേടിയത്. ഫൈനലില്‍ സൂര്യയുടെ പ്രകടനം ഇന്ത്യയുടെ തോല്‍വിക്ക് ഒരു കാരണമാവുകയും ചെയ്തു.

സഞ്ജുവിന് മികവില്ലെന്ന് പറയുമ്പോഴും ആഭ്യന്തര മത്സരങ്ങളിലും അന്താരാഷ്ട്ര മത്സരങ്ങളിലുമെല്ലാം സഞ്ജുവിനേക്കാളും പിറകില്‍ നില്‍ക്കുന്ന കളിക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ തയ്യാറാകുന്നു. മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഐപിഎല്‍ കളിക്കുന്നത് ദേശീയ ടീമിലെത്താനുള്ള കുറുക്കുവഴിയാണന്ന് ആരാധകര്‍ ആരോപിക്കുന്നതും ഇതുകൊണ്ടാണ്.

Tags