ഒരിക്കല്‍ തട്ടിമാറ്റിയിട്ടും മാധ്യമപ്രവര്‍ത്തകയുടെ ചുമലില്‍ വീണ്ടും പിടിച്ച് സുരേഷ് ഗോപി, വിവാദം കത്തുന്നു

Suresh gopi Shida Jagath

കൊച്ചി: മാധ്യമപ്രവര്‍ത്തകയുടെ ചുമലില്‍ പിടിച്ച നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി വിവാദത്തില്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് ചോദ്യം ചോദിച്ച മീഡിയവണ്‍ മാധ്യമപ്രവര്‍ത്തക യുടെ ചുമലില്‍ പിടിച്ചത്. ഇതോടെ കൈമാറ്റാന്‍ പിറകിലോട്ട് മാറിയ മാധ്യമ പ്രവര്‍ത്തക വീണ്ടും ചോദ്യവുമായെത്തിയപ്പോള്‍ സുരേഷ് ഗോപി ഒരിക്കല്‍ക്കൂടി ചുമലില്‍ പിടിക്കുന്നത് കാണാം. രണ്ടാംതവണയും ചുമലില്‍ വെച്ച കൈ മാധ്യമപ്രവര്‍ത്തക എടുത്തുമാറ്റുകയും ചെയ്തു.

ചുറ്റും മറ്റു മാധ്യമപ്രവത്തകര്‍ നില്‍ക്കെയായിരുന്നു സുരേഷ് ഗോപിയുടെ പ്രവര്‍ത്തി. സഹപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് പ്രതികരിച്ചില്ലെന്ന് മാത്രമല്ല സുരേഷ് ഗോപിയുടെ ചിരിക്കൊപ്പം ചേരുകയാണ് ചെയ്തത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിനിടയാക്കിയിട്ടുണ്ട്. ആദ്യതവണ അനിഷ്ടത്തോടെ കൈയ്യെടുത്ത് മാറ്റിയിട്ടും രണ്ടാം തവണയും അതുതന്നെ ആവര്‍ത്തിച്ച നടനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

നടന്റെ കൈ എടുത്തുമാറ്റിയ മാധ്യമപ്രവര്‍ത്തകയെ ഏവരും അഭിനന്ദിക്കുകയും ചെയ്തു. പൊതുസ്ഥലത്തുപോലും ഈ രീതിയില്‍ പെരുമാറുന്ന നടന്‍ മാപ്പു പറയണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കാനൊരുങ്ങുന്ന സുരേഷ് ഗോപി ദിവസേന മാധ്യമങ്ങളുമായി സംവദിക്കുകയും പൊതുരംഗത്ത് പ്രവര്‍ത്തനം ശക്തമാക്കുകയും ചെയ്യുന്നതിനിടയിലാണ് വിവാദസംഭവം.

Tags