കൃഷ്ണകുമാറിന്റെ പോസ്റ്റില്‍ കയറി ഗോളടിച്ച് സുരേഷ് ഗോപി, ചാരിറ്റി നാടകത്തിന് ബിജെപിയില്‍ തമ്മിലടി

തിരുവനന്തപുരം: മാധ്യമവാര്‍ത്ത പിടിച്ചുപറ്റാനുള്ള അവസരമൊന്നും അടുത്തിടെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി വിട്ടുകളയാറില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ തെരെഞ്ഞെടുപ്പ് പ്രചാരണമെന്ന നിലയില്‍ സുരേഷ് ഗോപി മണ്ഡലത്തിലും പുറത്തും സജീവമായിക്കഴിഞ്ഞു.
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസോടെ സുരേഷ് ഗോപി നല്ല മനുഷ്യനെന്ന പേരെടുക്കാനുള്ള തത്രപ്പാടിലാണ്. ഇത്രയുംനാള്‍ കെട്ടിപ്പൊക്കിയതൊക്കെ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ തലോടിയെന്ന ആക്ഷേപത്തില്‍ നിറംമങ്ങിയപ്പോള്‍ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ കഴിയാവുന്നതൊക്കെ ചെയ്യുകയാണ് സുരേഷ് ഗോപി.
മാധ്യമപ്രവര്‍ത്തകയുടെ വിഷയത്തിന് പിന്നാലെ മറ്റൊരു മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ പരസ്യമായി ക്ഷോഭിച്ചതും നടന് ക്ഷീണമുണ്ടാക്കിയിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനം ചാരിറ്റിയാക്കിമാറ്റാന്‍ ഈ രണ്ട് സംഭവങ്ങളും സുരേഷ് ഗോപിക്ക് പ്രേരണയായി. നേരത്തേയും ഈ രീതിയിലുള്ള ഇടപെടല്‍ നടത്താറുണ്ടെങ്കിലും ഇപ്പോള്‍ വീണുകിട്ടിയ അവസരമൊന്നും പാഴാക്കാന്‍ താരം തയ്യാറല്ല.
സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതുമായി ബന്ധപ്പെട്ട സംഭവങ്ങളിലും നടന്‍ ഇടപെട്ട് പേരെടുത്തുകഴിഞ്ഞു. പെന്‍ഷന്‍ കിട്ടാത്തത് ദുരിതത്തിലാക്കുന്നെന്നുകാട്ടി മറിയക്കുട്ടിയും അന്നയും നടത്തിയ ഭിക്ഷയെടുപ്പ് സമരത്തെ മുതലെടുക്കുന്നതില്‍ വിജയിച്ച നടന്‍ ഇരുവര്‍ക്കും ഒരു വര്‍ഷത്തേക്ക് പ്രതിമാസം 1,600 രൂപ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
നാലുമാസത്തോളം പെന്‍ഷന്‍ ലഭിക്കാതായപ്പോള്‍ ദുരിതത്തിലായ ഒട്ടേറെ പാവപ്പെട്ടവര്‍ കേരളത്തിലുണ്ടെങ്കിലും മാധ്യമശ്രദ്ധയുള്ളിടത്തേ സുരേഷ് ഗോപിയെത്തൂ. അല്ലാത്തവര്‍ക്ക് സഹായം നല്‍കിയാല്‍ വാര്‍ത്തയാകില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ കാര്യമില്ലെന്നുമാണ് നടന്റെ നിലപാട്.
മറിയക്കുട്ടിയും അന്നയും നടത്തിയ ഭിക്ഷയെടുപ്പ് സമരം സുരേഷ് ഗോപിയേക്കാള്‍ മുന്‍പേ ഏറ്റെടുത്തത് ബിജെപി നേതാവുകൂടിയായ നടന്‍ കൃഷ്ണകുമാറാണ്. തിരുവനന്തപുരത്ത് ബിജെപിക്കുവേണ്ടി മത്സരത്തിനിറങ്ങിയ നടന്‍ ഇരുവര്‍ക്കും പെന്‍ഷന്‍ നല്‍കുമെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍, കൃഷ്ണകുമാര്‍ സ്ഥലത്തെത്തുന്നതിന് മുന്‍പേ ഇരുവരേയും ചെന്നുകണ്ട് സുരേഷ് ഗോപി സഹായം ഏറ്റെടുത്തു. എന്തുതന്നെയായാലും നടന്റെ സഹായം ഇരുവര്‍ക്കും ആശ്വാസമാണെന്നതില്‍ തര്‍ക്കമില്ല. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഈ രീതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ വികാരം ഏറ്റെടുത്ത് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ സുരേഷ് ഗോപി തുനിഞ്ഞിറങ്ങിക്കഴിഞ്ഞു. സുരേഷ് ഗോപിയുടെ പാത പിന്തുടര്‍ന്ന് താനും ഒപ്പമുണ്ടാകുമെന്ന് തെളിയിക്കുന്നതാണ് കൃഷ്ണകുമാറിന്റേയും ഇടപെടല്‍. ഇരുവരും തമ്മില്‍ ചാരിറ്റി രാഷ്ട്രീയത്തില്‍ സജീവമായതോടെ കൂടുതല്‍പേര്‍ സഹായത്തിനായി എത്തിയാലും അത്ഭുതപ്പെടാനില്ല.